ആവേശത്തിരയിളക്കി യാംബുവിൽ പ്രഥമ 'മീഡിയവൺ സൂപ്പർ കപ്പ് 2024' ന് പ്രൗഢമായ തുടക്കം.
text_fieldsയാംബു: ഫുട്ബാൾ പ്രേമികളുടെ വമ്പിച്ച ആവേശത്തിരയിളക്കി യാംബുവിൽ മീഡിയവൺ സൂപ്പർ കപ്പ് 2024 ന് പ്രൗഢമായ തുടക്കം. യാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷനുമായി സഹകരിച്ച് റദ് വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ വ്യാഴാഴ്ച രാത്രി ആരംഭിച്ച മത്‌സരം കാണാൻ യാംബുവിലെയും പരിസര പ്രദേശങ്ങളിലെയും വമ്പിച്ച ജനാവലിയാണ് ഒഴുകിയെത്തിയത്. കുടുംബങ്ങളും കുട്ടികളും അടക്കം നിറഞ്ഞു കവിഞ്ഞ ഗാലറി വെള്ളിയാഴ്ച പുലർച്ചെ ആദ്യ ദിവസത്തെ മത്‌സരങ്ങൾ കഴിയുന്നത് വരെ പ്രകടമായത് യാംബുവിന്റെ ഫുട്ബാൾ ചരിത്രത്തിലെ പുതിയ അനുഭവമായിരുന്നു. മീഡിയവൺ സൗദി ബ്യുറോ ചിഫ് അഫ്ത്താബുറഹ്മാൻ കിക്ക്ഓഫ് ചെയ്ത് മത്‌സരം ഉദ്‌ഘാടനം ചെയ്തു.
ആദ്യ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ജീം.16 എഫ്.സി ടീം, ബിൻ ഖമീസ് എഫ്.സിയെ പരാജയപ്പെടുത്തി. രണ്ടാം മത്‌സരത്തിൽ എഫ്.സി സനായ്യ മൂന്നിനെതിരെ നാലു ഗോളുകൾ നേടി ഷൂട്ടൗട്ടിൽ എവർഗ്രീൻ എഫ്.സി യെ പരാജയപ്പെടുത്തി. മൂന്നാമത്തെ മത്‌സരത്തിൽ ആർ.സി.എഫ്.സി കേരള ടീം നാലിനെതിരെ അഞ്ചു ഗോളുകൾ നേടി ഷൂട്ടൗട്ടിൽ യുനീക് എഫ്.സി ടീമിനെ പരാജയപ്പെടുത്തി. നാലാമത്തെ മത്‌സരത്തിൽ മലബാർ എഫ്.സി ടീം എതിരില്ലാത്ത മൂന്ന് ഗോളുകൾ നേടിയാണ് ഷൂട്ടൗട്ടിൽ ഫൈറ്റേഴ്സ് കണ്ണൂരിനെ പരാജയപ്പെടുത്തി ജേതാക്കളായത്. ആദ്യ മത്സരങ്ങളിലെ മാൻ ഓഫ് മാച്ച് ആയി ശിബിൽ (മലബാർ എഫ്.സി), സുബൈർ (ആർ.സി.എഫ്.സി കേരള), അംജദ് (എഫ്.സി സനായ്യ), മുഹമ്മദ് സുഹൈൽ (ജീം.16 എഫ്.സി) എന്നിവരെ തെരഞ്ഞെടുത്തു. ഇവർക്കുള്ള സമ്മാനങ്ങൾ അബ്ദുൽ ഹമീദ് (അറാട് കോ), ഷൗഫർ വണ്ടൂർ (റീം അൽ ഔല), സിറാജ് മുസ്ലിയാരകത്ത് (ഫോർമുല അറേബ്യ), സലിം വേങ്ങര ( വൈ.എം.എ പ്രസിഡന്റ്) എന്നിവർ വിതരണം ചെയ്തു.
യാംബുവിലെ വിവിധ രാഷ്ട്രീയ, സാംസ്‌കാരിക സംഘടന നേതാക്കളും പ്രമുഖ സ്ഥാപനങ്ങളുടെ പ്രതിനിധികളും ഫുട്ബാൾ ക്ലബുകളുടെ മാനേജർമാരും ഉദ്‌ഘാടന ചടങ്ങിൽ സംബന്ധിച്ചു. ഇമ്രാൻ ഖാൻ (റദ് വ ഇന്റർനാഷനൽ സ്‌കൂൾ), നാസർ നടുവിൽ, നിയാസ് പുത്തൂർ (കെ.എം.സി.സി), സിദ്ധീഖുൽ അക്ബർ, ശങ്കർ എളങ്കൂർ, ഷഫീഖ് മഞ്ചേരി (ഒ.ഐ.സി.സി), വിനയൻ പാലത്തിങ്ങൽ, ബിജു വെള്ളിയാമറ്റം (നവോദയ), ഷൗക്കത്ത് എടക്കര (പ്രവാസി വെൽഫെയർ), നിയാസ് യൂസുഫ് (മീഡിയവൺ), അനീസുദ്ദീൻ ചെറുകുളമ്പ് (ഗൾഫ് മാധ്യമം), ഷബീർ ഹസ്സൻ, അബ്ദുൽ കരീം പുഴക്കാട്ടിരി, അബ്ദുറസാഖ് നമ്പ്രം (വൈ.ഐ.എഫ്.എ), മനീഷ് (എച്ച്.എം.ആർ കോൺട്രാക്ടിങ് കമ്പനി), അനസ് (സമ മെഡിക്കൽസെന്റർ), ആസിഫ് പെരിന്തൽമണ്ണ (ചിക് സോൺ), മുസ്തഫ മൊറയൂർ, കെ.പി.എ കരീം താമരശ്ശേരി (സി.സി .ഡബ്ള്യൂ.എ) തുടങ്ങിയവർ കളിക്കാരെ പരിചയപ്പെട്ടു.
യാംബുവിലെ യൂത്ത് ഇന്ത്യ പ്രവർത്തകരാണ് മത്‌സരത്തിന്റെ വളണ്ടിയർ സേവനം നിർവഹിക്കുന്നത്. യാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ ടീമിലെ അബ്ദുറസാഖ് നമ്പ്രം, നൗഫൽ നിലമ്പൂർ, ഷാനവാസ് വണ്ടൂർ, അബ്ദുറസാഖ് കോഴിക്കോട് എന്നിവരാണ് മത്‌സരത്തിന്റെ സാങ്കേതിക കാര്യങ്ങൾ നിയന്ത്രിക്കുന്നത്.
വെള്ളിയാഴ്ച രാത്രി നടക്കുന്ന സെമി ഫൈനൽ മത്‌സരത്തിൽ ജീം.16 എഫ്.സി ടീം, എഫ്.സി സനായ്യ ടീമിനെയും ആർ.സി.എഫ്.സി കേരള ടീം, മലബാർ എഫ്.സി ടീമിനെയും നേരിടും. ഫൈനൽ മത്‌സരത്തോടനുബന്ധിച്ച് നടക്കുന്ന സമാപന ചടങ്ങിൽ വിദ്യാർഥികളുടെ വിവിധ പരിപാടികൾ അരങ്ങേറും. മുഖ്യാതിഥിയായി യാംബു റോയൽ കമീഷൻ സ്പോർട്സ് ആക്ടിവിറ്റീസ് വിഭാഗം മാനേജർ മജ്‌ദി അബ്ദുല്ല അൽ അഹ്‌മദി പങ്കെടുക്കും. യാംബുവിലെ 10 ഓളം സ്ഥാപനങ്ങളുടെ സഹകരണ ത്തോടെയാണ് മീഡിയാവൺ സൂപ്പർകപ്പ് മത്സരം സംഘടിപ്പിക്കുന്നത്. വിജയികളെ കൂടാതെ ഏറ്റവും നല്ല ടീമിനുള്ള ഫെയർ പ്ളേ അവാർഡ്, ഏറ്റവും നല്ല ഗോൾ കീപ്പർ, ഏറ്റവും കുടുതൽ സ്കോർ നേടിയ കളിക്കാരൻ, ടൂർണമെന്റിലെ ഏറ്റവും നല്ല കളിക്കാരൻ തുടങ്ങിയവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യുമെന്നും സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.