മക്കയിലേക്ക് ആഭ്യന്തര തീർഥാടകരുടെ പ്രവാഹം ആരംഭിച്ചു
text_fieldsജിദ്ദ: ഹജ്ജ് കർമങ്ങൾ ആരംഭിക്കാനിരിക്കെ മക്കയിലേക്ക് തീർഥാടകരുടെ പ്രവാഹം ശക്തം. വിദേശ തീർഥാടകരുടെ വരവ് പൂർത്തിയായിട്ടുണ്ടെങ്കിലും രാജ്യത്തെ വിവിധ മേഖലകളിൽനിന്നുള്ള ആഭ്യന്തര തീർഥാടകരുടെ പ്രവാഹം തുടരുകയാണ്. വിദൂര മേഖലകളിൽ നിന്നുള്ള ഹജ്ജ് സംഘങ്ങളുടെ വരവ് ശനിയാഴ്ച രാവിലെ മുതൽ ആരംഭിച്ചിട്ടുണ്ട്. മക്കക്കടുത്തുള്ള പ്രദേശങ്ങളിലെ ആഭ്യന്തര തീർഥാടക സംഘങ്ങൾ തിങ്കളാഴ്ചയോടെ പൂർണമായും മക്കയിലെത്തിച്ചേരും.
തീർഥാടകരുടെ വരവ് ശക്തമായതോടെ മക്കയിലേക്കുള്ള എല്ലാ റോഡുകളിലും തിരക്കേറിയിട്ടുണ്ട്. റോഡുകളിലെ നിരീക്ഷണത്തിന് റോഡ് സുരക്ഷാവിഭാഗവും ട്രാഫിക് വകുപ്പും കൂടുതൽപേരെ നിയോഗിച്ചിട്ടുണ്ട്. അനുമതിപത്രമില്ലാതെ ഹജ്ജിനെത്തുന്നത് തടയാൻ മക്കക്ക് അടുത്ത കവാടങ്ങളിൽ പരിശോധനയും കർശനമാക്കിയിട്ടുണ്ട്. മദീനയിൽനിന്ന് ഹജ്ജിന് മുമ്പ് മദീനയിലെത്തിയ ഭൂരിഭാഗം തീർഥാടകരും വെള്ളിയാഴ്ച മുമ്പ് മക്കയിലെത്തിയിരുന്നുവെങ്കിലും അവശേഷിക്കുന്നവരെ എത്തിക്കാനുള്ള അവസാനഘട്ട ശ്രമം തുടരുകയാണ്.
നിരവധി ബസുകളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. ഹജ്ജിന്റെ ദിവസങ്ങൾ അടുത്തതോടെ മദീന ഹിജ്റ റോഡിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഹിജ്റ റോഡിലെ കിലോ ഒമ്പതിലെ തീർഥാടകർക്കായുള്ള സേവനകേന്ദ്രത്തിലും തിരക്കേറിയിട്ടുണ്ട്. ട്രെയിനുകളിലും തീർഥാടകരുടെ വരവ് തുടങ്ങി. ട്രെയിൻവഴി തീർഥാടകരുടെ ആദ്യസംഘം മക്കയിലെത്തി. തീർഥാടകരുടെ യാത്രക്കായി എല്ലാവിധ സൗകര്യങ്ങളും അൽഹറമൈൻ റെയിൽവേ ഒരുക്കിയിട്ടുണ്ട്. സർവിസുകളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.