ഫോർമുല വൺ കാറോട്ട മത്സരത്തിന് ഇന്ന് ജിദ്ദയിൽ തുടക്കം
text_fieldsജിദ്ദ: ഫോർമുല വൺ സൗദി ഗ്രാൻഡ് പ്രി അന്താരാഷ്ട്ര കാറോട്ട മത്സരം വെള്ളിയാഴ്ച ജിദ്ദയിൽ ആരംഭിക്കും. 20 ലോകോത്തര കാറോട്ട താരങ്ങൾ കാറ്റിനോട് പൊരുതാൻ ഇറങ്ങുന്ന മത്സരം മൂന്നു ദിവസം നീളും. മോട്ടോർ സ്പോർട്സ് രംഗത്തെ പ്രമുഖ അന്താരാഷ്ട്ര കമ്പനികളെ പ്രതിനിധാനം ചെയ്താണ് ഈ താരങ്ങൾ ജിദ്ദ കോർണിഷിലൊരുക്കിയ ലോകത്തെ ഏറ്റവും ദൈർഘ്യമുള്ളതും വേഗമേറിയതുമായ ട്രാക്കിലിറങ്ങുന്നത്. ഏഴു തവണ ഫോർമുല വൺ ലോക ചാമ്പ്യനായ ബ്രിട്ടീഷുകാരൻ ലൂയിസ് ഹാമിൽട്ടനും തൊട്ടടുത്ത സ്ഥാനക്കാരനായ ഹോളണ്ടിെൻറ മാക്സ് വെസ്റ്റാപ്പനും മത്സരത്തിലുണ്ട്.
ഫോർമുല വൺ ഇൻറർനാഷനൽ ഓട്ടോമൊബൈൽ ഫെഡറേഷെൻറ സഹകരണത്തോടെ സൗദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർ സൈക്കിൾ ഫെഡറേഷൻ മത്സരത്തിനുള്ള എല്ലാ ഒരുക്കവും പൂർത്തിയാക്കിയിട്ടുണ്ട്. ചെങ്കടൽതീരത്തെ കോർണിഷിൽ ലോകോത്തര ശൈലിയിലാണ് ട്രാക്ക് ഒരുക്കിയിരിക്കുന്നത്. ഏറ്റവും ഉയർന്ന വേഗത്തിലും ആവേശത്തിലും മത്സരിക്കാൻ കഴിയുന്ന ട്രാക്കിെൻറ നിർമാണം യുദ്ധകാലാടിസ്ഥാനത്തിലാണ് സൗദി കായിക മന്ത്രാലയം പൂർത്തിയാക്കിയത്.
6.175 കിലോമീറ്റർ നീളമുള്ള ട്രാക്കിൽ 27 വളവുതിരിവുകൾ ഉണ്ട്. അതിൽ 16 എണ്ണം ഇടതു ഭാഗത്തേക്കും 11 എണ്ണം വലതു ഭാഗത്തേക്കും തിരിയുന്നതാണ്. ഏഴു ഗാലറികളും പ്രദേശത്ത് ഒരുക്കിയിട്ടുണ്ട്. കാണികൾക്ക് കാറോട്ടത്തിെൻറ പാടിപാറുന്ന കാഴ്ച ആസ്വദിക്കാനാവുംവിധമാണ് ഗാലറികൾ നിർമിച്ചിരിക്കുന്നത്. ഒാരോ ടീമിനും അവരുടെ വാഹന റിപ്പയറിങ്ങിന് പ്രത്യേകം കെട്ടിടങ്ങളും ഒരുക്കിയിട്ടുണ്ട്. മത്സരത്തിനുള്ള അവസാനഘട്ട ഒരുക്കം കായിക മന്ത്രാലയ ഉദ്യോഗസ്ഥരും സൗദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർ സൈക്കിൾ ഫെഡറേഷനും വിലയിരുത്തി. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി പേരാണ് മത്സരം കാണാൻ ജിദ്ദയിലെത്തിയിരിക്കുന്നത്. ടീമുകൾ രണ്ടു ദിവസം മുേമ്പ ജിദ്ദയിലെത്തി. മത്സരത്തിൽ പങ്കെടുക്കാനുള്ള ഇവരുടെ കാറുകളും പ്രത്യേക വിമാനത്തിലാണ് എത്തിച്ചത്. മത്സരത്തിൽ പങ്കെടുക്കുന്ന ആസ്റ്റൺ മാർട്ടിൻ റേസിങ് ടീമിെൻറ തലവൻ ഒട്ട്മാർ ഷാവനോവറും ജിദ്ദയിലെത്തിയവരിൽ ഉൾപ്പെടും.
സൗദി അറേബ്യയിൽ ആദ്യമായി നടക്കുന്ന ആഗോള ഫോർമുല വൺ മത്സരത്തിൽ തെൻറ ടീമിെൻറ പങ്കാളിത്തം നിരീക്ഷിക്കുന്നതിനാണ് അദ്ദേഹം എത്തിയിരിക്കുന്നത്. മാസങ്ങളായി കാത്തിരുന്ന ലോക പ്രശസ്തരായ കാറോട്ട താരങ്ങൾ അണിനിരക്കുന്ന ഫോർമുല വൺ കാറോട്ട മത്സരത്തിന് ഇനി മണിക്കൂറുകൾ മാത്രം ശേഷിേക്ക ഏറെ ആവേശത്തിലാണ് സൗദിക്കകത്തും പുറത്തുമുള്ള ഫോർമുല വൺ പ്രേമികൾ. വെള്ളിയാഴ്ച ഉച്ചക്കുശേഷമാണ് മത്സരത്തിെൻറ ഒന്നും രണ്ടും പരീക്ഷണ ഒാട്ടം നിശ്ചയിച്ചിരിക്കുന്നത്. ശനിയാഴ്ച മൂന്നാമത്തെ പരീക്ഷണ ഒാട്ടവും യോഗ്യതാ റൗണ്ട് മത്സരവും നടക്കും. ഞായറാഴ്ച നടക്കുന്ന എസ്.ടി.സി ഫോർമുല സൗദി ഗ്രാൻഡ് പ്രി മത്സരത്തിന് വാഹനങ്ങൾ ശരിയാക്കുന്നതടക്കമുള്ള അവസാനഘട്ട മിനുക്കുപണികൾ പൂർത്തിയാക്കും.
ഞായറാഴ്ച വൈകീട്ടാണ് ഫൈനൽ കാറോട്ട മത്സരം. സൗദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർസൈക്കിൾ ഫെഡറേഷനും ഫോർമുല വൺ സംഘാടകരും തമ്മിലുള്ള ദീർഘകാല പങ്കാളിത്തത്തിെൻറ ഭാഗമാണ് ഈ മത്സരം. അതേ സമയം, കോർണിഷിൽ ഫോർമുല വൺ കാറോട്ട മത്സരം നടക്കുന്നതിനാൽ റോഡുകളിലെ തിരക്കൊഴിവാക്കാൻ മലിക് റോഡിനു പകരം മറ്റ് റോഡുകൾ ഉപയോഗിക്കാൻ ജിദ്ദ ട്രാഫിക് വകുപ്പ് ആവശ്യപ്പെട്ടു. ഫോർമുല വൺ മത്സരം കാണാനെത്തുന്നവരുടെ വാഹനങ്ങൾക്ക് ഗാലറികൾക്ക് അടുത്ത് പാർക്കിങ് സൗകര്യമൊരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.