ആഗോള സംരംഭകത്വ സമ്മേളനം: ആദ്യ ദിനം 16 ബില്യൺ റിയാലിന്റെ കരാറിൽ ഒപ്പുവെച്ചു
text_fieldsജുബൈൽ: റിയാദിൽ തുടങ്ങിയ ആഗോള സംരംഭകത്വ സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ 16 ബില്യൺ റിയാലിന്റെ കരാറിൽ ഒപ്പുവെച്ചു. കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ രക്ഷാകർതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ 33 കരാറുകളിലായാണ് 16 ബില്യൺ റിയാൽ (4.2 ബില്യൺ ഡോളർ) മൂല്യമുള്ള സംരംഭങ്ങളിൽ ഒപ്പുവെച്ചത്.
വിവിധ മേഖലകളിലെ സംരംഭകത്വത്തെ പിന്തുണക്കുന്നതിനും പശ്ചിമേഷ്യയിലെയും വടക്കേ ആഫ്രിക്കയിലെയും സംരംഭകർക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിനും വ്യവസായ അന്തരീക്ഷം ആകർഷകമാക്കുന്നതിനും സമ്മേളനം ലക്ഷ്യംവെക്കുന്നു.
സൗദി അരാംകോ ഡിജിറ്റൽ പരിവർത്തനം, വിവര സാങ്കേതികവിദ്യ, ദേശീയ വികസനം എന്നിവയിൽ പ്രാദേശിക-അന്തർദേശീയ കമ്പനികളുമായി 10 സഹകരണ കരാറുകളിൽ ഒപ്പുവെച്ചു. യാംബുവിലെ സോഷ്യൽ ഡെവലപ്മെന്റ് ബാങ്ക്, നാഷനൽ എന്റർപ്രണർഷിപ് ഇൻസ്റ്റിറ്റ്യൂട്ട് (റിയാദ്) എന്നിവയുൾപ്പെടെ നിരവധി സ്ഥാപനങ്ങളുമായി ചേർന്ന് 11 ബില്യൺ ഡോളറിലധികം മൂല്യമുള്ള ശാക്തീകരണ പദ്ധതികൾ ആരംഭിക്കുമെന്ന് സമ്മേളനത്തിൽ പ്രഖ്യാപിച്ചു.
സൗദി വെഞ്ച്വർ ഇൻവെസ്റ്റ്മെന്റ് കമ്പനി (എസ്.വി.സി) നിക്ഷേപ ഫണ്ടുകളുമായി മൊത്തം 2.4 ബില്യൺ റിയാലിന്റെ (656 മില്യണിലധികം ഡോളർ) കരാറുകളിൽ ഒപ്പുവെച്ചു. സ്റ്റാർട്ടപ് കമ്പനികളെ പിന്തുണക്കുന്നതിനും വ്യവസായിക മേഖല വികസിപ്പിക്കുന്നതിനും സാബിക് 750 മില്യൺ റിയാൽ (200 മില്യൺ ഡോളർ) മൂല്യമുള്ള അൽ-അഹ്ലി ക്യാപിറ്റൽ ഹോൾഡിങ്ങുമായി ചേർന്ന് 'നുസനേഡ് ഫണ്ട് 2' ആരംഭിച്ചു. ഒരു ഓട്ടോമോട്ടിവ് ഇ-കോമേഴ്സ് പ്ലാറ്റ്ഫോം ആയ 'കാർസ്24', ഏറ്റവും വലിയ ഏഷ്യൻ ഒപ്റ്റിക്കൽ ഐവെയർ റീട്ടെയിൽ ശൃംഖലയായ 'ലെൻസ്കാർട്ട്', ക്ലൗഡ്-അടുക്കള പ്ലാറ്റ്ഫോമായ 'കിറ്റോപി' തുടങ്ങിയവർ ഇടത്തരം സംരംഭങ്ങൾക്കായുള്ള ജനറൽ അതോറിറ്റിയുമായി (മോൺഷാത്) ധാരണപത്രത്തിൽ ഒപ്പുവെച്ചു.
റുവാദ് സംരംഭം ആരംഭിക്കുന്നതിനായി സൗദി അതോറിറ്റി ഫോർ ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ധാരണപത്രം ഒപ്പുവെച്ചു. ഡേറ്റ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ മേഖലകളിൽ സഹകരിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുകയാണ് ലക്ഷ്യം. അൽജാബർ ഫിനാൻസ് കമ്പനിയുമായി ചേർന്ന് 20 ദശലക്ഷം റിയാൽ (5.33 ദശലക്ഷം ഡോളർ) മൂല്യമുള്ള ഉൽപന്നങ്ങൾക്ക് ധനസഹായം നൽകുന്നതിനുള്ള കരാറും ഒപ്പുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.