സർക്കാർ മേഖലയിൽ 'വർക്ക് ഫ്രം ഹോം' അനുവദിച്ചു
text_fieldsജുബൈൽ: സൗദി അറേബ്യയിലെ സർക്കാർ മേഖലയിൽ 'വർക്ക് ഫ്രം ഹോം' അനുവദിച്ചു. മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയമാണ് അത്യാവശ്യ സാഹചര്യങ്ങളിൽ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതിക്ക് അംഗീകാരം നൽകിയത്. സിവിൽ സർവിസിലെ തൊഴിലുമായി ബന്ധപ്പെട്ട നിയമത്തിലെ എക്സിക്യൂട്ടിവ് ചട്ടങ്ങളിൽ ഭേദഗതികളും കൂട്ടിച്ചേർക്കലുകളും മന്ത്രാലയം അവതരിപ്പിച്ചു. തൊഴിൽ രംഗത്ത് വൈവിധ്യവത്കരണം കൊണ്ടുവരുന്നതിനും വിവിധ തൊഴിൽ പരിതസ്ഥിതികളിൽ ജോലിയുടെ തുടർച്ച ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് പുതിയ തൊഴിൽരീതിയെന്ന നിലയിൽ വർക്ക് ഫ്രം ഹോമിന് മന്ത്രാലയത്തിന്റെ അംഗീകാരം. ഒരു സർക്കാർ സ്ഥാപനത്തിലെ വിദൂര ജോലിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മന്ത്രാലയത്തിന്റെ പ്രത്യേകസമിതി (ടെലിവർക്ക് കമ്മിറ്റി) പരിഗണിക്കും.
ഇതനുസരിച്ച് വിദൂര ജോലികളിൽ സാധാരണയായി ഉപയോഗിക്കുന്ന ഇലക്ട്രോണിക്, സ്മാർട്ട് സംവിധാനങ്ങളും ഇൻഫർമേഷൻ ടെക്നോളജി മാർഗങ്ങളും ഉപയോഗിച്ച് ജോലിസ്ഥലത്തിനുപുറത്ത് തങ്ങളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും നിർവഹിക്കാൻ ജീവനക്കാരെ അനുവദിക്കും. ടെലിവർക്ക് കമ്മിറ്റിയുടെ ശിപാർശകളുടെ അടിസ്ഥാനത്തിൽ ഓൺലൈനായി കൈകാര്യം ചെയ്യാവുന്ന ജോലികൾക്ക് മന്ത്രാലയം അനുമതി നൽകും. കൂടാതെ, സർക്കാർ സ്ഥാപനങ്ങൾക്ക് വിദൂരമായി കൈകാര്യം ചെയ്യാവുന്ന നിർദിഷ്ട ജോലികൾ നിർദേശിക്കാനും നിർദേശങ്ങൾ സമർപ്പിക്കാനും ടെലിവർക്ക് കമ്മിറ്റിക്ക് കഴിയും. മന്ത്രാലയത്തിന്റെ ടെലിവർക്കിങ് സംരംഭങ്ങൾ ഗ്രാമീണ മേഖലകളിൽ സൗദികൾക്കും യോഗ്യരായ വ്യക്തികൾക്കും അവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം തൊഴിൽ വിപണിയിൽ സ്ത്രീകളുടെ പങ്കാളിത്തത്തിന് മുൻഗണന നൽകുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.