ജിദ്ദയിൽ അന്യാധീനപ്പെട്ട 15 ലക്ഷം ചതുരശ്ര മീറ്റർ സർക്കാർ ഭൂമി തിരിച്ചുപിടിച്ചു
text_fieldsജിദ്ദ: നഗരത്തിന്റെ വടക്കുഭാഗത്തെ അബ്ഹുർ മേഖലയിലെ കടൽത്തീരത്ത് അന്യാധീനപ്പെട്ട 13 സർക്കാർ സ്ഥലങ്ങൾ ജിദ്ദ മുനിസിപ്പാലിറ്റി തിരിച്ചുപിടിച്ചു. ഇതോടെ പ്രദേശത്ത് തിരിച്ചുപിടിച്ച സ്ഥലങ്ങളുടെ എണ്ണം 15 ആയി. ശറം അബ്ഹുറിന്റെ വടക്കൻ തീരത്താണ് ഏഴ് സ്ഥലങ്ങൾ. ഇങ്ങനെ ആകെ തിരിച്ചുപിടിച്ച സർക്കാർ ഭൂമിയുടെ വിസ്തീർണം 15 ലക്ഷം ചതുരശ്ര മീറ്ററാണ്. അടുത്തിടെ ശറം അബ്ഹുറിൽ 71,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള രണ്ട് സ്ഥലങ്ങൾ മുനിസിപ്പാലിറ്റി തിരിച്ചുപിടിച്ചിരുന്നു.
കടൽത്തീരത്തെ വേലികളും കെട്ടിടങ്ങളുമായ കൈയേറ്റങ്ങൾ നീക്കം ചെയ്താണ് ഇത്രയും സ്ഥലം തിരിച്ചുപിടിച്ചത്. കൈയേറ്റം നടത്തിയ സർക്കാർ ഭൂമി തിരിച്ചുപിടിക്കുന്നതിനും കടൽത്തീരങ്ങളിലെ കൈയേറ്റങ്ങളിൽനിന്ന് പൊതുമുതൽ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ ബന്ധപ്പെട്ട അധികാരികളുടെ സഹകരണത്തോടെ മുനിസിപ്പാലിറ്റി തുടരുകയാണ്.
സർക്കാർ ഭൂമി തിരിച്ചുപിടിക്കുക, കടൽത്തീരങ്ങളിൽ നിയന്ത്രണ നടപടിക്രമങ്ങൾ നടപ്പാക്കുക, കൈയേറ്റങ്ങൾ നീക്കം ചെയ്യുക എന്നിവ ഇതിലുൾപ്പെടുമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി. ഈ സ്ഥലങ്ങൾ പുനരധിവസിപ്പിക്കുകയും ജിദ്ദയിലെ താമസക്കാർക്കും സന്ദർശകർക്കും പ്രയോജനപ്പെടുന്ന പൊതു സൗകര്യങ്ങളായി തുറക്കുകയും ചെയ്യും. ഒരു വ്യതിരിക്ത വിനോദസഞ്ചാര, നിക്ഷേപ കേന്ദ്രമെന്ന നിലയിൽ വാട്ടർഫ്രണ്ടുകളുടെ പ്രയോജനം വർധിപ്പിക്കുന്നതിനാണെന്നും ജിദ്ദ മുനിസിപ്പാലിറ്റി അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.