ഗ്രേറ്റ് ഇന്ത്യൻ സൽമാൻ അലി ഷോ; സംഗീത സാഗരത്തിലലിഞ്ഞു ചേർന്ന് റിയാദ് നഗരിയും ഇന്ത്യൻ സമൂഹവും
text_fieldsറിയാദ്: ഇന്ത്യൻ സംഗീത കുലപതികളിലൊരാളായ മുഹമ്മദ് റഫിയുടെ അനശ്വര സ്മരണകൾക്ക് രാഗസ്മൃതികളർപ്പിച്ചു കൊണ്ട് നാന്ദികുറിച്ച ‘ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റ്’ സംഗീത വിരുന്ന് റിയാദിന്റെ സാംസ്കാരിക പൈതൃകത്തിന് പുതിയൊരാധ്യായം എഴുതിച്ചേർത്തു. പ്രേക്ഷകർക്ക് സംഗീത സമ്മാനമായി ആദ്യഗാനം ‘പ്യാർ കി തോഫ ലായീ ഹും’ കാതുകളിലേക്ക് ഒഴുകിയെത്തിയപ്പോൾ ഗൃഹതുരത്വവും കാൽപനികവുമായ ഓർമകളിലേക്ക് അവർ ചിറകടിക്കുകയായിരുന്നു.
റഫിയുടെയും കിഷോറിന്റെയും കുളിരുപെയ്യുന്ന പാട്ടുവഴികളിലൂടെ നീർച്ചാലുകളായി കുഞ്ഞരുവിയായി, സംഗീതത്തിന്റെ മഹാപ്രവാഹമായി ഇന്ത്യൻ സംഗീതമഹോത്സവം ജനഹൃദയങ്ങളിൽ ലയിച്ചുചേർന്നു. റിയാദ് ഇന്ന് വരെ കാണാത്ത പ്രൗഢസദസ്സിന് മുന്നിൽ ഇന്ത്യൻ സംഗീതത്തിന്റെയും സംസ്കാരത്തനിമയുടെയും വലിയൊരു കാൻവാസ് വിരിയുകയായിരുന്നു.
ഗൾഫ് മാധ്യമത്തിന്റെ രജത ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യൻ അംബാസഡർ ഡോ.സുഹൈൽ അജാസ് ഖാൻ, ഡി.സി.എം അബൂ മാത്തൻ ജോർജ്, ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ ഹംസ അബ്ബാസ്, ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മീര റഹ്മാൻ, തുടങ്ങി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും വ്യാപാര, വ്യവസായ രംഗത്തെ പ്രമുഖരും പ്രായോജകരും ഇന്ത്യൻ സമൂഹത്തിന്റെ പരിഛേദമായി ആയിരക്കണക്കിന് പ്രവാസി ഇന്ത്യക്കാരും ചരിത്രമുഹൂർത്തത്തിന് സാക്ഷികളായി.
സൗരവും ശേഷം രചനാ ചോപ്രയും തുടക്കമിട്ട ‘താൽ’ സംഗീത സായാഹ്നത്തിലേക്ക് നായക പരിവേഷത്തോടെ കടന്നുവന്ന സൽമാൻ അലിയെ കരഘോഷത്തിന്റെയും ആരവങ്ങളുടെയും അകമ്പടിയോടെ ജനം സ്വീകരിച്ചു. സുഖ് വീന്ദർ സിങ്, കൈലാഷ് ഖേർ തുടങ്ങി ഉദിത് നാരായണിന്റെയും കുമാർ സാനുവിന്റെയും പാട്ടുകൾ വരെ ഒന്നിന് പിറകെ മറ്റൊന്നായി പാടിക്കൊണ്ട് അദ്ദേഹം പ്രേക്ഷരെ കൈയിലെടുത്തു.
ഭക്തിയുടെയും വിരഹത്തിന്റെയും സമ്മിശ്ര വികാരങ്ങൾ ധ്വനിപ്പിക്കുന്ന നേർത്ത വിഷാദത്തിന്റെ നൂലുകൾ കൊണ്ട് നെയ്തെടുത്ത സൂഫി ഗാനങ്ങൾ പാടി സൽമാൻ അലി ‘ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റ്’ നഗരിയെ ആകാശ നീലിമയിലേക്ക് നയിച്ചു. യുവഗായിക ഭൂമികയും സൽമാനോടൊപ്പം ചേർന്ന് യുഗ്മഗാനങ്ങൾ ആലപിച്ചു.
ജനഹൃദയങ്ങളിലേക്കിറങ്ങി ചെന്ന സൽമാനെ അത്യാവേശത്തോടെയാണ് കുട്ടികളും സ്ത്രീകളുമടങ്ങിയ ഇന്ത്യൻ സംഗീത പ്രേമികൾ വലയം ചെയ്തത്. ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാനും കുടുംബവും കാരവനിലെത്തി സൽമാൻ അലിയെ അഭിനന്ദിക്കുകയുണ്ടായി.
മലയാളിയും ദുബൈയിൽ താമസക്കാരിയുമായ ലക്ഷ്മി ഷിറിൻ അവതാരകയായിരുന്നു. വിവിധ ഭാഷകൾ അനായാസേന കൈകാര്യം ചെയ്യുന്ന ഷിറിൻ ഒരു ഗായിക കൂടിയാണ്.പാലക്കാട്ടുകാരിയായ ഷിറിന്റെ ഭർത്താവ് കോയമ്പത്തൂർ സ്വദേശിയാണ്. രണ്ട് മക്കളുണ്ട്.
‘ഗൾഫ് മാധ്യമ’ത്തിന് അനുവദിച്ച പ്രത്യേക ആഭിമുഖത്തിൽ റിയാലിറ്റി ഷോ പുതിയ തലമുറയിലെ ഒട്ടേറെ പ്രതിഭകൾക്ക് അവസരം നൽകുന്നുവെന്നതും ഇൻഡസ്ട്രിയിലേക്ക് കടന്നുവരാനുള്ള വഴി എളുപ്പമാക്കുന്നുവെന്നും ഗായകൻ സൽമാൻ അലി പറഞ്ഞു.
എന്നാൽ മറ്റ് മാർഗത്തിലൂടെ സിനിമ, സംഗീത മേഖലയിൽ ശ്രദ്ധിക്കപ്പെടാനുള്ള യാത്രകൾ ദുഷ്കരവും അതികഠിനമാണെന്നും അദ്ദേഹം പറഞ്ഞു. സൂഫി സംഗീതം തന്റെ ഇഷ്ടമേഖലയാണെന്നും എല്ലാറ്റിലുമുപരി ആത്മസംതൃപ്തിയാണ് തനിക്കതിലൂടെ ലഭിക്കുന്നതെന്നും കൂട്ടിച്ചേർത്തു. റിയാദിലെ സന്ദർശനം ഏറെ ആഹ്ലാദവും സന്തോഷവും നൽകിയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.