ഹൃദയം കവർന്ന് യാംബു അൽനഖ്ലിലെ ഹരിതകാന്തി
text_fieldsയാംബു: പട്ടണഹൃദയത്തിൽനിന്ന് കിഴക്കുഭാഗത്തായി 50 കിലോമീറ്റർ അകലെയുള്ള യാംബു അൽനഖ്ൽ പ്രദേശങ്ങളിലെ ഹരിത കാന്തി സന്ദർശകരെ ആകർഷിക്കുകയാണ്. ശീതകാലമെത്തി ഇടക്കാലത്ത് മഴ ലഭിച്ചപ്പോൾ കൂടുതൽ ഹരിതാഭമായ ഈ പ്രദേശത്തിെൻറ പ്രകൃതി ഭംഗി ആസ്വദിക്കാൻ സ്വദേശികളും വിദേശികളും കുടുംബസമേതം ദൈനംദിനം എത്തുന്നുണ്ട്. വാരാന്ത്യ അവധി ദിനങ്ങളിൽ ബാച്ലറുകൾ ചെറിയ ട്രിപ്പുകളായും എത്തുന്നുണ്ട്.
കോവിഡ് കാലത്ത് വീടുകളിൽ ഒതുങ്ങിക്കൂടുന്ന കുട്ടികൾക്കും മുതിർന്നവർക്കും മരുഭൂമിയിൽ പച്ചപ്പ് നിറഞ്ഞുനിൽക്കുന്ന നയനാനന്ദകരമായ കാഴ്ചകളും തണുപ്പാർന്ന മനോഹരമായ ജലാശയങ്ങളും ഏറെ ഹൃദ്യമായ കാഴചാനുഭവമാണ്. ശുദ്ധലം സമൃദ്ധമാണിവിടെ. മരുഭൂമിയുടെ മുകൾപ്പരപ്പിൽനിന്ന് പ്രവഹിക്കുന്ന ശക്തമായ ജലധാരകൾ പലഭാഗങ്ങളിൽ ഇവിടെ കാണാം. ഉറവുകളുടെ നാട് എന്നാണ് ഈ ഗ്രാമപ്രദേശം അറിയപ്പെടുന്നത്. പണ്ട് ജലസ്രോതസ്സുകൾ ഇവിടെ സുലഭമായിരുന്നെങ്കിലും കാലക്രമേണ ജലദൗർലഭ്യം അനുഭവപ്പെടുകയായിരുന്നു. അത് മൂലം ജനവാസം കുറഞ്ഞുപോവുകയായിരുന്നെന്നും പഴമക്കാർ പറയുന്നു.
ഈന്തപ്പനത്തോട്ടങ്ങളുടെ നാഡിഞരമ്പുകളായിരുന്ന ശക്തമായ നീരുറവകളാണ് 'ഉറവ്' എന്ന അർഥമുള്ള 'യാംബു' എന്ന പേരിന് തന്നെ കാരണം. യാംബു അൽനഖ്ലിലെ പ്രസിദ്ധമായ 25 ഉറവകളുടെ പേരുകൾ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയതായി കാണാം. ഇവയിൽ വളരെ പ്രസിദ്ധമാണ് ഐൻ അലി (അലിയുടെ ഉറവ), ഐൻ ഹസൻ (ഹസെൻറ ഉറവ), ഐൻ ഹുസൈൻ (ഹുസൈെൻറ ഉറവ), ഐൻ അൽബറകാത്ത് (അനുഗ്രഹങ്ങളുടെ ഉറവ). കൂടാതെ ഐൻ അൽജബരിയ, ഐൻ അൽഅജ്ലാൻ തുടങ്ങിയ പേരുകൾ ഇന്നും ഇവിടത്തെ ചില ഭാഗങ്ങളിലെ ബോർഡുകളിൽ കാണാം.
ഇപ്പോഴുള്ള ജലലഭ്യതയിൽ അതിരറ്റ് സന്തോഷിക്കുന്ന സ്വദേശികളായ കർഷകർ ഇവിടത്തെ കൃഷിത്തോട്ടങ്ങളിലെ പതിവ് കാഴ്ചയായിരിക്കുകയാണ്. വിവിധ പച്ചക്കറികളുടെയും പഴങ്ങളുടെയും തൈകളും മറ്റും നനച്ചുകൊണ്ടിരിക്കുന്ന കർഷകരുടെ സാന്നിധ്യം ഇപ്പോൾ ഇവിടുണ്ട്. വിവിധ പഴങ്ങളും ഈന്തപ്പന, ചെറുനാരങ്ങ, മൈലാഞ്ചി എന്നിവ വളരെ വ്യാപകമായി കൃഷി ചെയ്യുന്നു. അത്തിപ്പഴം, ഉറുമാൻ പഴം, വാഴ, ബദാം, െബറി എന്നിവയും കൃഷി ചെയ്യുന്നുണ്ട്. മർകസുൽ ജാബ്രിയ എന്ന പേരിൽ അറിയപ്പെടുന്ന പ്രദേശത്താണ് ഏറ്റവും അധികം കൃഷി നടക്കുന്നത്.
നൂറ്റാണ്ടുകൾ പഴക്കമുള്ള ജനവാസകേന്ദ്രമായിരുന്ന യാംബു അൽനഖ്ൽ ചരിത്രത്തിൽ ഇടംപിടിച്ച ഒരു പ്രദേശമാണ്. ശുദ്ധമായ ജലലഭ്യത വേണ്ടുവോളം കനിഞ്ഞു നൽകിയ ഈ ഗ്രാമത്തിലേക്കായിരുന്നു ഹിജാസിെൻറ വിദൂര ദേശങ്ങളിൽനിന്ന് വെള്ളം ശേഖരിക്കാൻ ആളുകൾ വന്നിരുന്നത്. തുകൽ സഞ്ചികളും ഒട്ടകങ്ങളുമായി ഈ പ്രദേശത്തേക്ക് കുടിവെള്ളത്തിനായി വന്ന യാത്രാസംഘങ്ങളെ കുറിച്ച് അറബി ചരിത്രഗ്രന്ഥങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ചരിത്രമുദ്രകളുടെ ശേഷിപ്പുകൾ ധാരാളമായി ഈ പ്രദേശങ്ങളിൽ അങ്ങിങ്ങ് കാണാൻ കഴിയുന്നതും സന്ദർശകരെ കൂടുതലായി ആകർഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.