ഹജ്ജ്, ഉംറ റിസർച് ഫോറം സമ്മേളനം ആരംഭിച്ചു
text_fieldsജിദ്ദ: 20ാമത് ഹജ്ജ്, ഉംറ റിസർച് ഫോറം സമ്മേളനം മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ ഉദ്ഘാടനം ചെയ്തു. വെർച്വൽ സംവിധാനത്തിലൂടെയാണ് ഇത്തവണത്തെ ഫോറം പരിപാടികൾ. മക്ക ഉമ്മുൽഖുറാ യൂനിവേഴ്സിറ്റിക്കു കീഴിലെ ഖാദിമുൽ ഹറമൈൻ ഹജ്ജ് ഉംറ ഗവേഷണകേന്ദ്രമാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
തീർഥാടകർക്ക് സേവനം ഒരുക്കുന്നതിനും ഹജ്ജ്, ഉംറ രംഗത്തെ അനുഭവങ്ങൾ മികവുറ്റതാക്കുന്നതിനുംവേണ്ടി നടത്തിയ ഗവേഷണ, ശാസ്ത്രീയ പഠനങ്ങളുടെ ഫലങ്ങൾ അവതരിപ്പിക്കുകയുമാണ് ഫോറം പരിപാടികളിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ക്രൗഡ് മാനേജ്മെൻറിെൻറ മികച്ച പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടുക, അവ പ്രയോജനപ്പെടുത്താൻ പ്രചരിപ്പിക്കുക, തീർഥാടകരെ സേവിക്കുന്നതിനായി ബന്ധപ്പെട്ട മേഖലകൾ തമ്മിൽ ഫലപ്രദമായ ആശയവിനിമയ മാർഗങ്ങൾ ഒരുക്കുക എന്നിവയും ലക്ഷ്യമിടുന്നുണ്ട്. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ഫോറത്തിൽ 15 സെഷനുകളിലായി ഹജ്ജ്, ഉംറ, വിസിറ്റിങ് അനുഭവങ്ങൾ മികച്ചതാക്കുന്നതുമായി ബന്ധപ്പെട്ട 38 വിഷയങ്ങൾ ചർച്ചചെയ്യും.
ഹജ്ജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിന്ദൻ, വിദ്യാഭ്യാസമന്ത്രി ഡോ. ഹമദ് ബിൻ മുഹമ്മദ് ആലുശൈഖ്, ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽറബീഅ, ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് തുടങ്ങീ ഹജ്ജ് ഉംറ മേഖലയുമായി ബന്ധപ്പെട്ട പ്രമുഖർ സംബന്ധിക്കും. ഉമ്മുൽഖുറാ യൂനിവേഴ്സിറ്റി മേധാവി ഡോ. മഅ്ദി ബിൻ മുഹമ്മദ് ആലുമുദ്ഹിബാണ് ഫോറം പരിപാടികൾ നിയന്ത്രിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.