മക്കയുടെ അപൂർവ ആകാശക്കാഴ്ചയുമായി ഇരുഹറം
text_fieldsമക്കയുടെ അപൂർവ ആകാശക്കാഴ്ച
മക്ക: റമദാനിലെ തീർഥാടകരുടെ വലിയ തിരക്കിന് സാക്ഷ്യമായി മക്ക മസ്ജിദുൽ ഹറമും പരിസരവും ഉൾക്കൊള്ളുന്ന ആകാശക്കാഴ്ചകൾ പുറത്തുവിട്ട് ഇരുഹറം കാര്യാലയം. ഉംറ തീർഥാടനത്തിനും ആരാധനക്കും മക്കയിലെ മസ്ജിദുൽ ഹറാമിലെത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികളുടെ സംഗമ ദൃശ്യങ്ങൾ അപൂർവ കാഴ്ചകൾ സമ്മാനിക്കുന്നതാണ്. ഇരുഹറം കാര്യാലയത്തിന്റെയും സുരക്ഷാവിഭാഗത്തിന്റെയും സൗദി പ്രസ് ഏജൻസിയുടെയും കാമറകൾ പകർത്തിയ കാഴ്ചകളാണ് പുറത്തുവന്നത്.
മസ്ജിദുൽ ഹറമിന്റെ എല്ലാ ഭാഗവും ഉൾക്കൊള്ളുന്നതും വിശ്വാസികളുടെ സംഗമങ്ങൾ നിറഞ്ഞതുമാണ് ചിത്രങ്ങൾ. ഹറം പരിസരങ്ങളിൽ എത്തുന്ന വിശ്വാസികൾ അനുഭവിക്കുന്ന ആശ്വാസവും ആത്മീയ സമാധാനവും മനസ്സിൽ നിറയുന്ന സന്തോഷവും ഏറെയാണ്. വളരെ ഉയരത്തിൽ നിന്നാണ് ഫോട്ടോഗ്രഫർമാർ ഹറം മേഖലയുടെ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. തീർഥാടകരുടെ വൻതോതിലുള്ള ഒഴുക്ക് ദൃശ്യങ്ങളിൽ പ്രകടമാണ്.
വിവിധ മാനങ്ങളിൽ പകർത്തിയ ഫോട്ടോകൾ, മസ്ജിദുൽ ഹറമിന്റെ അങ്കണങ്ങൾ, ഇടനാഴികൾ, നിലകൾ എന്നിവക്കിടയിലുള്ള ദൈവത്തിന്റെ അതിഥികളുടെ ചലനത്തിന്റെയും യാത്രയുടെയും സുഗമമായ സഞ്ചാരവഴികൾ എടുത്തുകാണിക്കുന്നു.
സൗദി ഭരണകൂടം മസ്ജിദുൽ ഹറമിൽ നടപ്പാക്കിയ വൻതോതിലുള്ള വിപുലീകരണ പദ്ധതികളും ദൃശ്യങ്ങളിൽ പ്രകടമാണ്. മക്കയിലെ ഏറ്റവും പുതിയ വികസന പുരോഗതിയുടെയും ദൈവത്തിന്റെ അതിഥികൾക്ക് നൽകുന്ന സേവനങ്ങളുടെയും ദൃശ്യങ്ങളും കാമറകണ്ണുകളിൽ പതിഞ്ഞതായി ഇരുഹറം കാര്യാലയ അതോറിറ്റി അധികൃതർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.