സൗദി വ്യോമസേന മേധാവി കിഴക്കൻ പ്രവിശ്യയിലെത്തി
text_fieldsറിയാദ്: സൗദി വ്യോമസേന മേധാവി തുർക്കി ബിൻ ബന്ദർ കിഴക്കൻ പ്രവിശ്യയിലെ കിങ് അബ്ദുൽ അസീസ് വ്യോമയാന കേന്ദ്രത്തിൽ സന്ദർശനം നടത്തി. മാർച്ചിൽ അമേരിക്കയിൽ നടക്കുന്ന സംയുക്ത വ്യോമയാന അഭ്യാസത്തിന് മുന്നോടിയായുള്ള തയാറെടുപ്പുകൾ അദ്ദേഹം പരിശോധിച്ചു. സൗദി പ്രതിരോധ മന്ത്രാലയമാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.
മാർച്ചിൽ യു.എസിലെ നെല്ലിസ് എയർഫോഴ്സ് ബേസിൽ നടക്കുന്ന 'റെഡ് ഫ്ലാഗ് 2022' അഭ്യാസത്തിൽ പങ്കെടുക്കുന്ന വ്യോമസേന സംഘത്തെയാണ് മേധാവി പരിശോധിച്ചത്. കോംബാറ്റ് എഫ്15 വിഭാഗത്തിൽപെട്ട ആധുനിക വിമാനങ്ങൾ ഉൾപ്പെടെ അഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്. സാങ്കേതിക വിദഗ്ധരും വിമാന ജീവനക്കാരും സംഘത്തെ അനുഗമിക്കും. പരിശോധനകൾക്കുശേഷം കമാൻഡർമാരുമായി തുർക്കി ബിൻ ബന്ദർ പ്രത്യേക കൂടിക്കാഴ്ച നടത്തി. അവരുടെ അഭിപ്രായങ്ങൾ ശേഖരിക്കുകയും നിർദേശങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. യുദ്ധദൗത്യങ്ങളിൽ ഉപയോഗപ്പെടുന്ന രീതിയിൽ സംയുക്താഭ്യാസത്തെ പ്രയോജനപ്പെടുത്തണമെന്ന് ബന്ദർ അഭ്യർഥിച്ചു.
അതോടൊപ്പം അഭ്യാസങ്ങളിൽ പങ്കെടുക്കുമ്പോഴും കൂടിക്കലരുമ്പോഴും കോവിഡ് മാനദണ്ഡങ്ങളിൽ വീഴ്ചവരുത്തരുതെന്നും അദ്ദേഹം അവരെ ഓർമപ്പെടുത്തി. അന്താരാഷ്ട്ര സൈനിക ഭീഷണികളെ മറികടക്കുന്നതിനൊപ്പം സേനകൾക്കിടയിൽ സൈനിക, സാങ്കേതിക വൈദഗ്ധ്യം കൈമാറുക എന്നതാണ് സംയുക്ത സൈനിക അഭ്യാസത്തിലൂടെ ലക്ഷ്യംവെക്കുന്നതെന്ന് സൗദി ആർ.എസ്.എ.എഫ് ഗ്രൂപ്പിന്റെ കമാൻഡർ ലെഫ്റ്റനന്റ് കേണൽ തലാൽ ബിൻ അബ്ദുൽ അസീസ് ബിൻ ബന്ദർ പറഞ്ഞു.
സൗദി പ്രതിരോധ മേഖലകളെ കൂടുതൽ കരുത്തുറ്റതും സാങ്കേതികമായി മുന്നിലെത്തിക്കുന്നതുമായ പ്രവർത്തനങ്ങളുടെ ഭാഗമായി സൗഹൃദ രാഷ്ട്രങ്ങളുമായുള്ള സംയുക്ത അഭ്യാസങ്ങൾ സംഘടിപ്പിച്ചുവരുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇന്ത്യയിൽനിന്നുള്ള നാവികസേനയുടെ കപ്പൽ മൂന്ന് മാസം മുമ്പ് ഐ.എൻ.എസ് കൊച്ചി സൗദിയുടെ കിഴക്കൻ തീരത്ത് എത്തുകയും ഇരുരാജ്യങ്ങളുടെയും സേനകൾ തമ്മിൽ സംയുക്ത അഭ്യാസം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച ഈജിപ്ത് ചെങ്കടലിൽ സംഘടിപ്പിച്ച പരിശീലനത്തിലും സൗദി സൈനികർ പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.