അത്യാഹിത വിഭാഗത്തിലെ ഹാജിമാരെ അറഫയിൽ എത്തിച്ച് ആരോഗ്യ വകുപ്പ്
text_fieldsമക്ക: വിവിധ ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിൽ കഴിഞ്ഞിരുന്ന തീർഥാടകരെ അറഫയിൽ എത്തിച്ച് ആരോഗ്യ മന്ത്രാലയം. അറഫദിനം നഷ്ടമാകാതിരിക്കാൻ വിമാനത്തിലും ഹെലികോപ്ടറിലുമായാണ് ഗുരുതരാവസ്ഥയിലുള്ള ഹാജിമാരെ അറഫയിലെത്തിക്കുന്നത്. ഗുരുതര രോഗം ബാധിച്ച് മക്കയിലെയും മദീനയിലെയും ആശുപത്രിയിൽ അത്യാഹിത വിഭാഗങ്ങളിൽ കഴിഞ്ഞവരെയാണ് ഇത്തരത്തിൽ എത്തിച്ചത്.
അത്യാസന്ന നിലയിലുള്ള മൂന്നു രോഗികളും ഇക്കൂട്ടത്തിലുണ്ട്. ഇവർ നാട്ടിൽനിന്ന് ഹജ്ജിന് എത്തിയവരാണ്. അറഫ നഷ്ടമായാൽ ഹജ്ജ് ലഭിക്കില്ല എന്നതുകൊണ്ടാണ് ഇവരുടെ ആഗ്രഹസാഫല്യത്തിന് സൗദി ഭരണകൂടം വഴിയൊരുക്കിയത്. മദീനയിൽനിന്ന് മക്കയിലേക്ക് പ്രത്യേക മെഡിക്കൽ വിമാനം ഒരുക്കിയാണ് തീർഥാടകരെ കൊണ്ടുവന്നത്.
അവിടെനിന്ന് അറഫയിലേക്ക് പ്രത്യേക ഹെലികോപ്ടറിൽ എത്തിച്ചു. ആംബുലൻസിൽ എത്തിക്കാൻ കഴിയാത്തതുകൊണ്ടാണ് ഏറ്റവും മികച്ച മെഡിക്കൽ സൗകര്യങ്ങളുള്ള വിമാനവും ഹെലികോപ്ടറും ഉപയോഗിച്ചത്. മെഡിക്കൽ സംവിധാനങ്ങളോടെ ഉച്ചയോടെ അവരും അറഫയിൽ ചടങ്ങുകളിൽ അണിചേർന്നു. കഴിഞ്ഞദിവസം നിരവധി ഹാജിമാരെ ആംബുലൻസ് വഴി മക്കയിൽ എത്തിച്ചിരുന്നു.
മദീനയിൽ ഒരു ഇന്ത്യൻ ഹാജിയെയും മക്കയിലെ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലുള്ള 15 ഇന്ത്യൻ ഹാജിമാരെയും ഇത്തരത്തിൽ അറഫയിൽ എത്തിച്ചിട്ടുണ്ട്. ഹജ്ജിന് എത്തുന്നവർക്ക് സൗദി നൽകുന്ന മികച്ച സേവനം അടയാളപ്പെടുത്തുന്ന ഒന്നാണ് രോഗികളെ കൈകാര്യം ചെയ്യുന്ന രീതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.