മദീനയിലെ ഖന്ദഖ് യുദ്ധഭൂമിയുടെ ചരിത്രശേഷിപ്പുകൾ പുനരുദ്ധരിക്കുന്നു
text_fieldsമദീന: മദീന ഗവർണറേറ്റ് ഭൂപരിധിയിലെ ഇസ്ലാമിക ചരിത്രസ്ഥലങ്ങളുടെ പുനരുദ്ധാരണ പദ്ധതികൾ പുരോഗമിക്കുന്നു. പ്രവാചകകാലത്തിന്റെ ശേഷിപ്പുകളായ നൂറോളം കേന്ദ്രങ്ങളുടെ ചരിത്ര പെരുമ നിലനിർത്തിയുള്ള പുനരുദ്ധാരണമാണ് ഇപ്പോൾ പൂർത്തിയാകുന്നത്. മദീനയിലെത്തുന്ന സന്ദർശകർ കാണാൻ ഏറെ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളിലൊന്നായ ഖന്ദഖ് പ്രദേശത്തിന്റെ വികസനം ഇപ്പോൾ നടക്കുന്നുണ്ട്.
ആക്രമിക്കാൻ വന്ന ഖുറൈശികളും ജൂതരും മറ്റു ചില ഗോത്രവർഗങ്ങളും അടങ്ങിയ സഖ്യത്തെ മദീനയിലെ മുസ്ലിംകൾ കിടങ്ങ് (ഖന്ദഖ്) കുഴിച്ച് നേരിട്ട യുദ്ധം നടന്ന സ്ഥലമെന്ന നിലയിലാണ് ഖന്ദഖ് പ്രദേശത്തിന്റെ ചരിത്രപ്രാധാന്യം. എ.ഡി 627ൽ നടന്ന ഈ യുദ്ധത്തിന് ഖുർആനിൽ ‘അഹ്സാബ്’ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. രണ്ട് കിലോമീറ്റർ നീളത്തിലും അഞ്ച് മീറ്റർ വീതിയിലും മൂന്ന് മീറ്റർ ആഴത്തിലും കിടങ്ങ് കുഴിച്ച് ശത്രുക്കളെ പ്രതിരോധിച്ചതായിരുന്നു ഖന്ദഖിലെ യുദ്ധതന്ത്രം. കിടങ്ങുകാരണം സഖ്യസേനക്ക് മദീന പട്ടണത്തിലേക്ക് പ്രവേശിക്കാനായില്ല. അതുകൊണ്ടുതന്നെ നേരിട്ടുള്ള ഏറ്റുമുട്ടൽ ഖന്ദഖ് യുദ്ധത്തിൽ ഉണ്ടായിട്ടില്ല.
ഖന്ദഖിലെ ഇന്നത്തെ പ്രധാന റോഡിനോട് ചേർന്നുള്ള സല്അ് മലയുടെ ചരിവിലാണ് വില്ലിന്റെ ആകൃതിയിൽ കിടങ്ങുണ്ടായിരുന്നതെന്നാണ് ചരിത്രം. എന്നാൽ, അതിന്റെ അവശിഷ്ടങ്ങളൊന്നും ഇപ്പോൾ പ്രദേശത്ത് കാണാനില്ല. ഒന്നുകിൽ പിൽക്കാലത്ത് റോഡിനും കെട്ടിടങ്ങൾക്കും വേണ്ടി നികത്തിയതോ അല്ലെങ്കിൽ താനേ തൂർന്നുപോയതോ ആവാമെന്നാണ് കരുതുന്നത്.
എന്നാൽ, അതിന്റെ ലഭ്യമായ അടയാളങ്ങൾ സംരക്ഷിക്കുന്നുണ്ട്. അതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇപ്പോൾ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നത്. മദീന വികസന അതോറിറ്റിക്കാണ് മേൽനോട്ടം. പ്രവാചക ചരിത്രത്തിലെ വഴിത്തിരിവെന്ന നിലയിൽ വളരെ പ്രാധാന്യമുള്ള യുദ്ധത്തിന്റെ ചരിത്രം ഓർമിപ്പിക്കുന്ന പ്രദേശം കാണാൻ സന്ദർശകർ ധാരാളമായി എത്താറുണ്ട്.
ഈ യുദ്ധാവസരത്തിൽ പ്രവാചകൻ കൂടാരം കെട്ടി താമസിച്ചിരുന്ന സ്ഥലത്ത് പിന്നീട് നിർമിച്ച പള്ളിയാണ് മസ്ജിദുൽ ഫത്ഹ്. പിൽക്കാലത്ത് ഇതിന്റെ ചുറ്റുവട്ടത്തായി മറ്റ് ആറ് പള്ളികൾ കൂടി നിർമിക്കപ്പെട്ടു. ഇന്ന് ഈ പ്രദേശം ‘സബ്അ മസാജിദ്’ (ഏഴ് പള്ളികളുള്ള സ്ഥലം) എന്നാണ് അറിയപ്പെടുന്നത്. സൗദിയുടെ സമ്പൂർണ വികസന പദ്ധതിയായ ‘വിഷൻ 2030’ ലക്ഷ്യങ്ങളിൽ ഒന്നാണ് പ്രവാചക നഗരിയിലെ ഇസ്ലാമിക ചരിത്ര പൈതൃകകേന്ദ്രങ്ങളുടെ വികസനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.