തെൻറ സ്ഥാനലബ്ധി സൗദി സ്ത്രീത്വത്തിന് ലഭിച്ച ബഹുമതി –ഡോ. ഹനാൻ
text_fieldsറിയാദ്: സൗദി അറേബ്യയിലെ മുഴുവൻ സ്ത്രീകൾക്കും രാജ്യം നൽകിയ ബഹുമതിയാണ് തെൻറ സ്ഥാനലബ്ധിയെന്ന് സൗദി ശൂറാ കൗൺസിൽ ഉപാധ്യക്ഷയായി നിയമിതയായ ഡോ. ഹനാൻ ബിൻത് അബ്ദുൽ റഹീം അൽഅഹ്മദി. സൗദി പാർലമെൻറായ ശൂറാ കൗൺസിലിൽ നിയമിതയാവുന്ന ആദ്യ വൈസ് ചെയർമാനാണ് ഡോ. ഹനാൻ. ഇൗ പദവിയിലേക്ക് തന്നെ തെരഞ്ഞെടുത്ത സൗദി ഭരണാധികാരി സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും നന്ദി അറിയിച്ച് പുറത്തിറക്കിയ പ്രസ്താവനയിലാണ് സൗദി സ്ത്രീത്വത്തിന് ലഭിച്ച ആദരമാണ് തെൻറ പദവിയെന്ന് അവർ വ്യക്തമാക്കിയത്. ഹനാനെ വൈസ് ചെയർമാനായി നിയമിച്ചുകൊണ്ട് ഞായറാഴ്ചയാണ് സൽമാൻ രാജാവ് ഉത്തരവിറക്കിയത്.
സൗദി ശൂറാ കൗൺസിലിൽ ആദ്യമായി വനിത അംഗങ്ങളെ ഉൾപ്പെടുത്തിയത് 2014ലായിരുന്നു. അതൊരു ചരിത്രപരമായ തീരുമാനമായിരുന്നു. 2014 മേയ് മാസത്തിൽ ശൂറ കൗൺസിൽ അംഗങ്ങളായി നിയമിതരായ ആദ്യത്തെ വനിതകളിൽ ഒരാളായാണ് ഡോ. ഹനാൻ അവിടെ എത്തിയത്. കൗൺസിലിെൻറ സാമ്പത്തിക ഊർജ സമിതി, ആരോഗ്യകാര്യ പരിസ്ഥിതി സമിതി, അഞ്ചാമത് പാർലമെൻററി സൗഹൃദ സമിതി എന്നിവകളിൽ അംഗമായിരുന്നു ഡോ. ഹനാൻ. സാമ്പത്തിക ശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും ബിരുദം നേടിയ ഡോ. ഹനാൻ ഹെൽത്ത് സർവിസസ് അഡ്മിനിസ്ട്രേഷൻ പ്രഫസറായും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ (ഐ.പി.എ) വനിത ബ്രാഞ്ചിെൻറ ഡയറക്ടർ ജനറലായും സേവനമനുഷ്ഠിച്ചു. പുതിയ നിയമനം രാജ്യം സ്ത്രീകളുടെ ഉന്നമനത്തിലും പുരോഗതിയിലും കാണിക്കുന്ന വലിയ താൽപര്യവും പരിഗണനയും വ്യക്തമാക്കുന്നതാണെന്നും ഡോ. ഹനാൻ പറഞ്ഞു.
രാജ്യത്തിെൻറ കാതലായ തീരുമാനങ്ങളിൽ സ്ത്രീകൾക്കും പങ്കുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ നിയമനം. രാജ്യത്തിെൻറ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക ജീവിതത്തിലും തീരുമാനമെടുക്കുന്നതിലും സർക്കാർ ഏജൻസികളുടെ പ്രകടനം നിരീക്ഷിക്കുന്നതിലും പാർലമെൻറ് ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ രാജ്യത്തിെൻറ നിലപാടുകളെ
അന്താരാഷ്ട്രതലത്തിൽ പിന്തുണക്കുന്ന കാര്യത്തിലും ശൂറാ കൗൺസിൽ വ്യക്തമായ പങ്കുവഹിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.