തിരൂരങ്ങാടി താലൂക്ക് ആശുപത്രി ജില്ല ആശുപത്രിയായി ഉയർത്തണം –ദയ ജിദ്ദ ചാപ്റ്റർ
text_fieldsജിദ്ദ: ദിനേനയെന്നോണം ആയിരക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന മലപ്പുറം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയെ ജില്ല ആശുപത്രിയായി ഉയർത്തണമെന്ന് ദയാ ചാരിറ്റി സെൻറർ ജിദ്ദ ചാപ്റ്റർ പ്രവർത്തക സംഗമം ആവശ്യപ്പെട്ടു.
താലൂക്ക് ആശുപത്രിയിലെ വിദഗ്ധ ചികിത്സവിഭാഗങ്ങളുടെ അപര്യാപ്തത മൂലം പലപ്പോഴും സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ട ഗതികേടിലാണ് പ്രദേശത്തെ പാവപ്പെട്ട രോഗികൾ. ജില്ല ആശുപത്രിയായി ഉയർത്തുന്നതോടെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും യോഗം പ്രത്യാശിച്ചു. വിവാദ ഉത്തരവിലൂടെ താലൂക്ക് ആശുപത്രിയിൽ നിന്നും സ്ഥലം മാറ്റിയ ഓക്സിജൻ സിലിണ്ടറുകൾ തിരിച്ചെത്തിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടപ്പോൾ നിയമ പോരാട്ടത്തിലൂടെ ഹൈകോടതി ഇടപെടൽ സാധ്യമാക്കിയ തിരൂരങ്ങാടി എം.എൽ.എ കെ.പി.എ. മജീദിനെ യോഗം അഭിനന്ദിച്ചു. പ്രവർത്തക സംഗമം ദയ ചാരിറ്റി സെൻറർ രക്ഷാധികാരി താപ്പി അബ്ദുല്ലക്കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു.
സക്കീർ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് പൊറ്റയിൽ, എൻ.പി. മുഹമ്മദ് റഫീഖ്, അബ്ദുസ്സമദ് കടവത്ത്, സി.വി. മെഹ്ബൂബ്, എം.പി. നൗഹീദ്, സി.വി. മുജീബ്, പി.എം. അശ്റഫ് ബാവ എന്നിവർ സംസാരിച്ചു. മജീദ് പുകയൂർ സ്വാഗതവും മുഹമ്മദ് റഫീഖ് കൂളത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.