ഐ.സി.എഫ് 1000 പ്രവാസി കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് നൽകും
text_fieldsദമ്മാം: റമദാനിൽ നാട്ടിലുള്ള 1000 പ്രവാസി കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമെന്ന് ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) സൗദി നാഷനൽ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഐ.സി.എഫിെൻറ 430 യൂനിറ്റുകൾ വഴി നടത്തിയ സർവേകളുടെ അടിസ്ഥാനത്തിൽ അർഹതപ്പെട്ട 1000 കുടുംബങ്ങളെയാണ് ഇതിലേക്ക് തിരഞ്ഞെടുത്തത്. കോവിഡ് പ്രതിസന്ധിയിൽ നാട്ടിൽ പോകാൻ കഴിയാതെ പ്രയാസത്തിലായ പ്രവാസികൾക്ക് അഭയമായ ഐ.സി.എഫ് ചാർട്ടർ ഫ്ലൈറ്റ് സംവിധാനത്തിൽ സൗജന്യ ടിക്കറ്റിന് അർഹരായവർ ഉൾെപ്പടെയുള്ള സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളെക്കൂടി സൗജന്യ ഭക്ഷ്യക്കിറ്റ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള അർഹതപ്പെട്ടവർക്കുള്ള ഭക്ഷ്യക്കിറ്റ് നൽകൽ തിങ്കളാഴ്ച രാവിലെ 11.30ന് സമസ്ത ഉപാധ്യക്ഷൻ അലി ബാഫഖി തങ്ങൾ അഡ്വ. പി.ടി.എ. റഹീം എം.എൽ.എയുടെ സാന്നിധ്യത്തിൽ ഫ്ലാഗ് ഓഫ് ചെയ്യും.
കേരള മുസ്ലിം ജമാഅത്ത് നേതാക്കളായ വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, എൻ. അലി അബ്ദുല്ല, മജീദ് മാസ്റ്റർ കക്കാട്, മുഹമ്മദ് മാസ്റ്റർ പറവൂർ, എസ്.വൈ.എസ് സെക്രട്ടറി അബ്ദുൽ കലാം മാവൂർ, ഐ.സി.എഫ് നേതാക്കളായ അബ്ദുറഹ്മാൻ ആറ്റക്കോയ തങ്ങൾ, ഹബീബ് അൽ ബുഖാരി, അബ്ദുൽ അസീസ് സഖാഫി മമ്പാട്, ബഷീർ എറണാകുളം, അബൂബക്കർ അൻവരി, അബ്ദുറഷീദ് സഖാഫി മുക്കം, അഷ്റഫലി, അബ്ദുസ്സലാം വടകര എന്നിവർ സംബന്ധിക്കും.
ഭക്ഷ്യക്കിറ്റിന് പുറമെ, ഐ.സി.എഫ് സെൻട്രൽ കമ്മിറ്റികൾ പ്രവാസലോകത്തും നാട്ടിലുമായി നടത്തുന്ന മദ്റസകളിലെ അധ്യാപകർക്കും മറ്റ് അർഹതപ്പെട്ടവർക്കുമുള്ള സാമ്പത്തിക സഹായ വിതരണവും ജീവകാരുണ്യ പ്രവർത്തനങ്ങളും ഇതോടൊപ്പം നടക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധിയിൽ ഏറ്റവും കൂടുതൽ പ്രയാസം അനുഭവിക്കേണ്ടിവരുന്നവർ പ്രവാസികളാണെന്നും പ്രതിസന്ധിയുടെ തുടക്കം മുതൽ ഈ വിഷയത്തിൽ കേരള മുസ്ലിം ജമാഅത്തും ഐ.സി.എഫും സാധ്യമാകുന്ന എല്ലാ ഇടപെടലുകളും നടത്തുന്നുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.
ഇതിെൻറ ഭാഗമായി പ്രതിസന്ധിഘട്ടത്തിൽ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റും മെഡിസിനും വിതരണം ചെയ്തിരുന്നതായും അവർ ചൂണ്ടിക്കാട്ടി. വാർത്തസമ്മേളനത്തിൽ ഐ.സി.എഫ് നാഷനൽ ഓർഗനൈസേഷൻ സമിതി പ്രസിഡൻറ് നിസാർ എസ്. കാട്ടിൽ, സെക്രട്ടറി ബഷീർ ഉള്ളണം, നാഷനൽ പബ്ലിക്കേഷൻ സെക്രട്ടറി സലിം പാലച്ചിറ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.