വെള്ളിയാഴ്ച പ്രസംഗത്തിന് പകരക്കാരെ അയച്ച ഇമാമുമാരെ പിരിച്ചുവിട്ടു
text_fieldsയാംബു: രാജ്യത്തെ ചില പള്ളികളിൽ വെള്ളിയാഴ്ച പ്രസംഗത്തിനും നമസ്കാരത്തിന് നേതൃത്വം നൽകാനും അനുമതിയില്ലാതെ പകരക്കാരെ അയച്ച ഇമാമുമാരെ സൗദി ഇസ്ലാമിക മന്ത്രാലയം പിരിച്ചുവിട്ടു. മന്ത്രാലയത്തെ അറിയിക്കാതെ വെള്ളിയാഴ്ച ‘ഖുത്ബ’ (പ്രഭാഷണം) നിർവഹിക്കാൻ പകരം ആളുകളെ നിയോഗിച്ചതിനാണ് നിരവധി ഇമാമുമാരെ പിരിച്ചുവിട്ടതെന്ന് പ്രദേശിക പത്രം റിപ്പോർട്ട് ചെയ്തു.
വെള്ളിയാഴ്ച പ്രസംഗത്തിനുള്ള വിഷയം മന്ത്രാലയം മുൻകൂട്ടി നിശ്ചയിച്ച് വിജ്ഞാപനം അയക്കുകയാണ് പതിവ്. ഇത് അവഗണിച്ച് സ്വന്തം വിഷയം തെരഞ്ഞെടുത്ത് പ്രസംഗം നിർവഹിക്കാൻ മന്ത്രാലയം അനുവദിക്കാറില്ല. ഇത്തരത്തിൽ മന്ത്രാലയ വിജ്ഞാപനത്തിന് വിരുദ്ധമായി പ്രഭാഷണം നടത്തിയത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പല ഇമാമുമാരും അനുമതി വാങ്ങാതെ പകരക്കാരെ അയച്ച് ഖുത്ബ നടത്തുന്നതായി കണ്ടെത്തിയത്.
ഇസ്‍ലാമിലെ പ്രധാന അനുഷ്ഠാന കാര്യങ്ങൾ, സാഹോദര്യം, സഹവർത്തിത്വം, അനൈക്യത്തിനെതിരെയുള്ള മുന്നറിയിപ്പ്, തീവ്രവാദ സംഘടനകൾക്കെതിരെയുള്ള മുന്നറിയിപ്പ് തുടങ്ങിയ വിഷയങ്ങളിലുള്ള കുറിപ്പാണ് മന്ത്രാലയം വെള്ളിയാഴ്ച പ്രസംഗത്തിനായി ഖതീബുമാർക്ക് നൽകാറുള്ളത്.
രാജ്യത്തെ ഭരണാധികാരികൾക്കും നേതാക്കന്മാർക്കും എതിരെ ജനങ്ങളെ പ്രേരിപ്പിക്കുന്ന, സമൂഹത്തിൽ ഭിന്നത പടർത്തുകയും കലഹമുണ്ടാക്കുകയും ചെയ്യുന്ന ചെറുതോ വലുതോ ആയ എല്ലാ കാര്യങ്ങൾക്കുമെതിരെ ശക്തമായ നടപടിയെടുക്കുമെന്ന മുന്നറിയിപ്പും അധികൃതർ നൽകുന്നതായും പ്രദേശിക പത്രം റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.