ഇന്ത്യ-സൗദി വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി
text_fieldsറിയാദ്: സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും വ്യാഴാഴ്ച ടെലിഫോണിൽ സംസാരിച്ചു. ഇരുരാജ്യങ്ങളും വിവിധ മേഖലകളിൽ തുടരുന്ന പരസ്പര സഹകരണത്തിന്റെ വിവിധ വശങ്ങൾ ചർച്ചചെയ്തു.
75 വർഷമായി തുടരുന്ന ഇന്ത്യ-സൗദി ബന്ധം പ്രതിരോധ സഹകരണമുൾപ്പെടെയുള്ള അതിപ്രധാന മേഖലകളിലേക്ക് കടന്നിരിക്കെ ഇരു മന്ത്രിമാരുടെയും ടെലിഫോൺ സംഭാഷണം ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. ഇരുരാജ്യങ്ങളുടെയും താൽപര്യം സംരക്ഷിക്കുന്നതിനും സുസ്ഥിരതയും അഭിവൃദ്ധിയും കൈവരിക്കുന്നതിനും സഹകരണം സഹായകമാവും. പുതിയ ദേശീയ-അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ചും ഇക്കാര്യത്തിൽ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. പ്രത്യേകിച്ച് അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ശക്തിപ്പെടുത്തുന്നതിന് ഇരുരാജ്യങ്ങളും ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെയും വിലയിരുത്തി.
ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള വർധിച്ചുവരുന്ന പ്രതിരോധ ബന്ധം കൂടുതൽ ദൃഢമാകുന്നതിന്റെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകൾ കഴിഞ്ഞദിവസങ്ങളിൽ സൗദി തീരത്ത് എത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത സൈനിക പരിശീലനത്തിനാണ് കപ്പലുകൾ ജിദ്ദ തുറമുഖത്ത് എത്തിയത്. ഇന്ത്യയുടെ പ്രഥമ പരിശീലന സ്ക്വാഡ്രൺ - ഐ.എൻ.എസ് തിർ, ഐ.എൻ.എസ് സുജാത എന്നിവയും ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ സാരഥിയുമാണ് ഈമാസം അഞ്ചിന് സൗദിയുടെ പശ്ചിമ തീരമായ ജിദ്ദ തുറമുഖത്ത് എത്തിയത്.
കഴിഞ്ഞവർഷം നടന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള ആദ്യ നാവികാഭ്യാസത്തിനുശേഷം ഇപ്പോൾ ജിദ്ദയിലെത്തിയ ഇന്ത്യൻ സൈനിക കപ്പലുകൾ ഉഭയകക്ഷി പ്രതിരോധബന്ധത്തിൽ പുതിയ അധ്യായത്തിന് തുടക്കമിട്ടിരിക്കുകയാണ്. ഈവർഷം ഫെബ്രുവരിയിൽ, ഇന്ത്യയുടെ കിഴക്കൻ തീരത്ത് നടന്ന അഭ്യാസത്തിൽ 40 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത 'മിലൻ 2022' ബഹുരാഷ്ട്ര സൈനികാഭ്യാസത്തിൽ റോയൽ സൗദി നേവൽ ഫോഴ്സ് പ്രതിനിധി സംഘവും പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.