സൗദി വിപണിയിൽ ചുവടുറപ്പിച്ച് ഇന്ത്യൻ സിനിമാവ്യവസായം
text_fieldsദമ്മാം: ഇന്ത്യയും സൗദിയും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിൽ പുതിയ അധ്യായം കുറിച്ച് ഇന്ത്യൻ സിനിമാലോകവും സൗദിയിൽ ചുവടുറപ്പിക്കുന്നു. സൗദിയുടെ സാംസ്കാരിക-ചലച്ചിത്ര മേഖലയിൽ നിർണായക സാന്നിധ്യമായി ഇന്ത്യൻ സിനിമകൾ മാറുമെന്നാണ് കരുതുന്നത്. സൗദിയിൽ സിനിമപ്രദർശനം ആരംഭിച്ച് നാലു വർഷമാകുമ്പോഴേക്കും കോടിക്കണക്കിന് ഡോളർ മുല്യമുള്ള ബോളിവുഡ് ചലച്ചിത്ര വ്യവസായത്തെ സൗദിയിലേക്ക് എത്തിക്കുന്നതിനുള്ള സഹകരണ സാധ്യതകളാണ് രൂപപ്പെട്ടിട്ടുള്ളത്. സൗദിയെ ലോകോത്തര സിനിമാകേന്ദ്രമാക്കി മാറ്റുമെന്ന് സൗദി സംസ്കാരിക വകുപ്പ് മന്ത്രി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികളുള്ള സൗദിയിൽ ഇന്ത്യൻ സിനിമയുടെ വിപണിസാധ്യത തിരിച്ചറിഞ്ഞാണ് ചുവടുവെപ്പ്. സൗദി അറേബ്യയുടെ സമ്പദ്വ്യവസ്ഥയെ എണ്ണയിൽനിന്ന് സർഗാത്മക, വിനോദ വ്യവസായം ഉൾപ്പടെയുള്ള ഇതര മേഖലകളിലേക്ക് പരിവർത്തിപ്പിക്കാനുള്ള ശ്രമത്തിെൻറ ഭാഗം കൂടിയാണിത്. ഇരുരാജ്യങ്ങളും തമ്മിൽ ചലച്ചിത്ര നിർമാണത്തിലും മറ്റ് സാംസ്കാരിക മേഖലകളിലും സഹകരണത്തിനുള്ള വലിയ സാധ്യതകൾ കാണുന്നതായി സൗദി സാംസ്കാരിക മന്ത്രി അമീർ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ പറഞ്ഞു. സാമൂഹിക, സാമ്പത്തിക പരിഷ്കരണ പദ്ധതിയായ 'വിഷൻ 2030'െൻറ ഭാഗമായി രാജ്യത്തെ സാംസ്കാരിക, വിനോദ പ്രവർത്തനങ്ങൾക്കുള്ള ചെലവഴിക്കൽ 2.9 ശതമാനത്തിൽനിന്ന് ആറ് ശതമാനമായി ഉയർത്താൻ സർക്കാർ ലക്ഷ്യമിടുന്നു. ഇത് നേടുന്നതിന്, ആഭ്യന്തര ചലച്ചിത്ര വ്യവസായത്തെ പ്രോത്സാഹിപ്പിക്കുകയും രാജ്യത്തുടനീളം പുതിയ സിനിമാശാലകൾ, സംഗീത കച്ചേരി വേദികൾ, കായിക വേദികൾ, വിനോദ സൗകര്യങ്ങൾ എന്നിവ തുറക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി കഴിഞ്ഞമാസം മൂന്ന് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനിടെ മുംബൈയിൽ ബോളിവുഡ് വ്യവസായത്തിലെ പ്രമുഖരും താരങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.ബോളിവുഡുമായുള്ള നിലവിലെ സഹകരണങ്ങൾ സൗദി അറേബ്യയിൽ ഇന്ത്യൻ സിനിമകളുടെ വിതരണത്തിലും പ്രദർശനത്തിലും വർധനവുണ്ടാക്കിയിട്ടുണ്ട്. രജനികാന്തിെൻറ ചിത്രമായ 'കാല' 2018ൽ സൗദിയിൽ പ്രദർശനത്തിനെത്തിയ ആദ്യത്തെ ഇന്ത്യൻ ചിത്രമായി മാറി. ബോളിവുഡ് ചിത്രം '83' കഴിഞ്ഞവർഷം ജിദ്ദയിൽ നടന്ന റെഡ് സീ ഇന്റർനാഷനൽ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചു. ഇന്ത്യൻ സിനിമകൾ സൗദിയിൽനിന്ന് നല്ല വരുമാനമുണ്ടാക്കി തുടങ്ങിയിട്ടുണ്ട്.ഫിലിം കമീഷൻ ചെയർമാനെന്ന നിലയിൽ, സിനിമ വ്യവസായത്തിൽ സാംസ്കാരിക പങ്കാളിത്തം വിപുലീകരിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്യാൻ മന്ത്രി ഒരു പ്രതിനിധി സംഘവുമായാണ് കഴിഞ്ഞ മാസം ഇന്ത്യയിലേക്ക് പോയത്.
സൗദിയിലെ ചരിത്രപ്രസിദ്ധമായ അൽഉല പൗരാണിക മേഖലയിൽ സിനിമാ ചിത്രീകരണം പ്രോത്സാഹിപ്പിക്കുന്നതിനും ചലച്ചിത്ര നിർമാണത്തെ പിന്തുണക്കുന്നതിനുമായി അൽഉല റോയൽ കമീഷനുകീഴിൽ 2020െൻറ തുടക്കത്തിൽ സ്ഥാപിതമായ 'ഫിലിം അൽഉല'യുടെ പ്രതിനിധികളും ഇന്ത്യയിലേക്ക് പോയ സംഘത്തിൽ ഉൾപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ഡിസംബറിൽ ജിദ്ദയിൽ നടന്ന റെഡ് സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ ബോളിവുഡ് താരങ്ങളായ രൺവീർ സിങ്ങും ദീപിക പദുക്കോണും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തിരുന്നു. ഇരു രാജ്യങ്ങൾക്കിടയിലും സഹകരണത്തിനൊപ്പം പരസ്പര വളർച്ചക്കുള്ള നിക്ഷേപങ്ങൾക്കും അവസരങ്ങളാണ് ഇതിലുടെ ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.