ഇന്ത്യൻ സോഷ്യൽ ഫോറം മാധ്യമ ശിൽപശാല സംഘടിപ്പിച്ചു
text_fieldsജിദ്ദ: ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി നേതൃത്വത്തിൽ മാധ്യമ ശിൽപശാല സംഘടിപ്പിച്ചു. ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷനൽ കമ്മിറ്റി സെക്രട്ടറിയും മിക്സ് അക്കാദമി ചെയർമാനുമായ അബ്ദുൽ ഗനി മലപ്പുറം ഉദ്ഘാടനം ചെയ്തു. ഉത്തർപ്രദേശിലെ ഹാഥറസിൽ ദലിത് പെൺകുട്ടിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്യാൻ പോയ കെ.യു.ഡബ്ല്യു.ജെ ഡൽഹി ഘടകം സെക്രട്ടറിയും മലയാളി മാധ്യമപ്രവർത്തകനുമായ സിദ്ദീഖ് കാപ്പനെ ഉത്തർപ്രദേശ് പൊലീസിനെക്കൊണ്ട് അറസ്റ്റു ചെയ്യിക്കാൻ വ്യാജമൊഴി നൽകിയ മലയാള മനോരമ ലേഖകനും സംഘ്പരിവാറിന്റെ പത്രക്കാരനും ചെയ്തത് മാധ്യമ ധർമത്തിനു ഒരിക്കലും നിരക്കാത്ത പ്രവൃത്തിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മാധ്യമരംഗം അസഹിഷ്ണുതക്കും ചാരപ്രവർത്തനത്തിനും വേണ്ടി ദുരുപയോഗം ചെയ്യുന്നത് യഥാർഥ മാധ്യമപ്രവർത്തനത്തിന് ചേർന്നതല്ല. എന്നാൽ സഹപ്രവർത്തകനെതിരെ ചതിപ്രയോഗമാണ് അവർ കാണിച്ചത്. സത്യസന്ധമായും ഉത്തരവാദിത്തത്തോടെയും വാർത്തകൾ സമൂഹത്തിലെത്തിക്കാനാണ് മാധ്യമപ്രവർത്തകർ ശ്രദ്ധചെലുത്തേണ്ടത്. ഭരണകൂടത്തിന്റെ ജനദ്രോഹനടപടികൾക്കെതിരെ ശബ്ദമുയർത്തുന്ന ആക്ടിവിസ്റ്റുകളെയും മാധ്യമപ്രവർത്തകരെയും ഫാഷിസ്റ്റുകൾ വകവരുത്തിയതിന്റെ ഉദാഹരണങ്ങളാണ് കലബുറഗിയുടെയും ഗൗരി ലങ്കേഷിന്റെയുമെല്ലാം അനുഭവങ്ങൾ വെളിവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് വൈസ് പ്രസിഡൻന്റ് മുഹമ്മദ് കുട്ടി തിരുവേഗപ്പുറ അധ്യക്ഷത വഹിച്ചു. ഷാഹുൽ ഹമീദ് മേടപ്പിൽ ശിൽപശാലക്ക് നേതൃത്വം നൽകി. മുക്താർ ഷൊർണൂർ സ്വാഗതവും ഷാഫി മലപ്പുറം നന്ദിയും പറഞ്ഞു. ബവാദി, ബനീ മാലിക്, റുവൈസ്, മക്ക റോഡ്, ശറഫിയ്യ, ബലദ് എന്നീ ബ്ലോക്കുകളിൽ നിന്നുള്ള പ്രതിനിധികൾ ശിൽപശാലയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.