അന്താരാഷ്ട്ര ഒട്ടകോത്സവത്തിന് റിയാദിൽ തുടക്കം
text_fieldsറിയാദ്: ആറാമത് കിങ് അബ്ദുൽ അസീസ് ഒട്ടകോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര ഒട്ടക സമ്മേളനം തുടങ്ങി. റിയാദ് അൽ-റംഹിയയിലെ അനോവ ഹോട്ടലിലാണ് 'ഒട്ടക സാമ്പത്തിക ശാസ്ത്രവും പഠനവും' തലക്കെട്ടിൽ മൂന്നു ദിവസം നീളുന്ന സമ്മേളനം ആരംഭിച്ചത്. പരിസ്ഥിതി-കാർഷിക-ജല മന്ത്രാലയത്തിെൻറയും ഇൻറർനാഷനൽ കാമൽ ഓർഗനൈസേഷെൻറയും സഹകരണത്തോടെ സൗദി ഒട്ടക ക്ലബ്ബാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള ഒട്ടകങ്ങളുടെ വിവിധ മേഖലകളിൽ വൈദഗ്ധ്യം നേടിയ ഒരുകൂട്ടം ഗവേഷകരും ശാസ്ത്രജ്ഞരും പങ്കെടുക്കുന്നുണ്ട്. മൂന്നു ദിവസത്തെ സമ്മേളനത്തിൽ സൗദിക്ക് പുറമെ അമേരിക്ക, ബ്രിട്ടൻ, ജർമനി, ഇറ്റലി, ആസ്ട്രേലിയ, ഈജിപ്ത്, സുഡാൻ, പാകിസ്താൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധർ സമർപ്പിച്ച 16 പ്രബന്ധങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. ഒട്ടക മേഖലയും അനുബന്ധ മേഖലകളും വികസിപ്പിക്കാനുള്ള ആഗ്രഹത്തോടെയാണ് ഈ സമ്മേളനമെന്ന് കാമൽ ഓർഗനൈസേഷൻ പ്രസിഡൻറും ക്ലബിെൻറ ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ അബ്ദുറഹ്മാൻ ബിൻ ഖാലിദ് ബിൻ മുസാഇദ് പറഞ്ഞു.
ഒട്ടക മേഖല വികസിപ്പിക്കുന്നതിന് ആവശ്യമായ ശാസ്ത്രീയ പഠനം ആരംഭിക്കാനും ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും സൗദിയിൽ വർഷംതോറും ഒത്തുകൂടാനും ഫെസ്റ്റിവലിലൂടെ ഗവേഷണങ്ങളും പഠനങ്ങളും അവതരിപ്പിക്കാനും അവസരമൊരുക്കുകയാണ്. ഒട്ടക ക്ലബിെൻറ പ്രയത്നങ്ങൾ സമ്മേളനത്തോടെ അവസാനിക്കില്ല. സമ്മേളനത്തിൽ അവതരിപ്പിച്ച എല്ലാ പഠനങ്ങളും ഗവേഷണങ്ങളും പിന്തുടരുമെന്നും അവയിൽനിന്ന് പ്രയോജനം നേടാനായി പ്രവർത്തിക്കുമെന്നും ലോകത്തിലെ എല്ലാ ശാസ്ത്രജ്ഞരുമായും ഗവേഷകരുമായും ആശയവിനിമയം നടത്തുമെന്നും അമീർ അബ്ദുറഹ്മാൻ ബിൻ ഖാലിദ് പറഞ്ഞു. ഡിസംബർ ആദ്യത്തിൽ റിയാദിലെ സഹായിദിൽ ആരംഭിച്ച ആറാമത് കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഒട്ടകോത്സവം വിവിധ മത്സര പരിപാടികളുമായി തുടരുകയാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി ഒട്ടക ഉടമകൾ വിവിധയിനം ഒട്ടകങ്ങളുമായി മത്സരത്തിനായി എത്തിയിട്ടുണ്ട്. സൗദിയിലെ വലിയ സാംസ്കാരിക പൈതൃക ആഘോഷമായാണ് ഒട്ടകോത്സവത്തെ കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.