അന്താരാഷ്ട്ര സമൂഹം ഉത്തരവാദപരമായ നിലപാട് സ്വീകരിക്കണം -സൗദി വിദേശകാര്യ മന്ത്രി
text_fieldsജിദ്ദ: ഫലസ്തീൻ ജനതയെ സംരക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തമുള്ള നിലപാട് സ്വീകരിക്കണമെന്നും ഗസ്സയിലെ ഉപരോധം പിൻവലിക്കണമെന്നും സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ആവശ്യപ്പെട്ടു. പ്രതിസന്ധിയുടെ വ്യാപ്തി വർധിക്കുന്ന സാഹചര്യത്തിൽ ഗസ്സയിലെ സ്ഥിതി കൂടുതൽ വഷളാകുന്നത് വലിയ അപകടമാണെന്ന് സൗദി ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ജിദ്ദയിൽ ഒ.ഐ.സി വിദേശകാര്യമന്ത്രിതല അടിയന്തര യോഗം ഉദ്ഘാടനം ചെയ്യവ്വേ മന്ത്രി വ്യക്തമാക്കി.
ഒരു മാനുഷിക ദുരന്തം തടയാൻ ഗസ്സയിൽ അടിയന്തര സഹായം എത്തിക്കേണ്ടതുണ്ട്. ഇരട്ടത്താപ്പ് ഇല്ലാതെ ലോകം ന്യായമായ ഇടപെടൽ നടത്തണം. ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കപ്പെടണം. ഇക്കാര്യത്തിൽ അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായി പ്രമേയങ്ങൾ നടപ്പാക്കേണ്ടതുണ്ടെന്നും വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി. പശ്ചിമേഷ്യയിൽ സമഗ്രവും നീതിയുക്തവുമായ സമാധാനം കൈവരിക്കാൻ അന്താരാഷ്ട്ര സമൂഹം പ്രവർത്തിക്കണം. അധിനിവേശ സേനയുടെ നിരന്തര ആക്രമണങ്ങളെ സൗദി അറേബ്യ നേരത്തെ തള്ളിയതാണ്. സൈനിക നടപടികൾ ഇസ്രായേൽ നിർത്തണമെന്ന് ആവർത്തിച്ച് അഭ്യർഥിച്ചിട്ടുണ്ട്. ഇരകളിൽ അധികവും കുട്ടികളും സ്ത്രീകളും പ്രായമായ സാധാരണക്കാരുമാണ്. നിരപരാധികളെ ഭയപ്പെടുത്തുന്നതും കുട്ടികളെയും പ്രായമായവരെയും ദ്രോഹിക്കുന്നതും വിലക്കുന്നതാണ് യഥാർഥ ഇസ്ലാം അനുശാസിക്കുന്ന മൂല്യങ്ങളും തത്ത്വങ്ങളും. വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യങ്ങൾ ലഘൂകരിക്കുന്നതിന് ഗൗരവമേറിയതും കൂട്ടായതുമായ ശ്രമങ്ങൾ ആവശ്യമാണ്.
മാനുഷിക ദുരന്തം തടയാൻ സഹായം, മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ എന്നിവ എത്തിക്കാൻ മാനുഷിക ഇടനാഴികൾ തുറക്കേണ്ടതുണ്ട്. സ്ഥിതിഗതികൾ ശാന്തമാക്കുന്നതിനും സ്ഥിരത പുനഃസ്ഥാപിക്കുന്നതിനുമുള്ള ശ്രമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അക്രമത്തിന്റെയും കഷ്ടപ്പാടുകളുടെയും നിരന്തരമായ സ്ഥിതിയിൽനിന്ന് കരകയറാൻ സമാധാനം സാധ്യമാകേണ്ടതുണ്ട്. കിഴക്കൻ ജറൂസലം തലസ്ഥാനമായി 1967 ലെ അതിർത്തി നിശ്ചയപ്രകാരം ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്ന ശക്തമായ നിലപാടാണ് സൗദിയുടേത്. ആ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്ന വിധത്തിൽ സാഹചര്യം സൃഷ്ടിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർഥിക്കുന്നു.
നിലവിലെ ഈ പ്രതിസന്ധിയെ കൈകാര്യം ചെയ്യുന്നതിനും സമാധാനപരമായ ഒരു പരിഹാരം കണ്ടെത്തുന്നതിനും മേഖലയെ അക്രമത്തിന്റെ പാതയിൽനിന്ന് രക്ഷിക്കാനും പൊതുവിഷയമായി ഇതിനെ ഉയർത്തിക്കൊണ്ടുവരാനും ഈ യോഗം സഹായിക്കുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ഇസ്ലാമിക രാജ്യങ്ങളിലെ നേതാക്കന്മാരുടെയും ജനങ്ങളുടെയും അഭിലാഷങ്ങൾ നിറവേറ്റുന്ന വിധത്തിൽ സൗദി അറേബ്യ സഹോദരങ്ങളുമായും അന്താരാഷ്ട്ര സമൂഹവുമായും ഏകോപനം തുടരും. ഫലസ്തീൻ ജനതക്ക് അവരുടെ നിയമാനുസൃത അവകാശങ്ങൾ ഉറപ്പാക്കപ്പെടാൻ സൗദി എപ്പോഴും കൂടെയുണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി. ഗസ്സയിൽ സാധാരണക്കാരെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങളുടെയും ഭീഷണികളുടെയും പശ്ചാത്തലത്തിലാണ് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി അംഗരാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.