ഇറ്റാലിയൻ സൂപ്പർ കപ്പ് അഞ്ചാം തവണയും സൗദിയിൽ
text_fieldsറിയാദ്: ഇറ്റാലിയൻ സൂപ്പർ കപ്പ് ടൂർണമെൻറ് അഞ്ചാം തവണയും സൗദി അറേബ്യയിൽ. 2025 ജനുവരി രണ്ട് മുതൽ ആറ് വരെ റിയാദ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുമെന്ന് സൗദി കായിക മന്ത്രാലയം അറിയിച്ചു. ഇൻറർ മിലാൻ, എ.സി. മിലാൻ, യുവാൻറസ്, അറ്റ്ലാൻറ എന്നീ നാല് ക്ലബുകളാണ് മത്സരിക്കുക.
ഇറ്റാലിയൻ സൂപ്പർ കപ്പിന്റെ നാല് മുൻ പതിപ്പുകൾക്ക് സൗദി ആതിഥേയത്വം വഹിച്ചിട്ടുണ്ട്. ആദ്യപതിപ്പ് 2018ൽ ജിദ്ദയിലായിരുന്നു. അതിൽ എ.സി മിലാനെ പരാജയപ്പെടുത്തി യുവാൻറസ് ടീം കിരീടം നേടി. തുടർന്ന് ടൂർണമെൻറ് 2019ൽ റിയാദിലേക്ക് മാറ്റി.
രണ്ടും മൂന്നും നാല് പതിപ്പുകൾ റിയാദിലാണ് നടന്നത്. ഈ വർഷത്തിന്റെ തുടക്കത്തിലാണ് അവസാന പതിപ്പ് നടന്നത്. അതിൽ എതിരാളിയായ നാപോളിയെ പരാജയപ്പെടുത്തി ഇന്റർ മിലാൻ കിരീടം നിലനിർത്തി. ഇറ്റാലിയൻ സൂപ്പർ കപ്പിൽ ഏറ്റവും കൂടുതൽ സൂപ്പർ കപ്പ് നേടിയത് യുവാന്റസാണ്.
ഒമ്പത് തവണ വിജയം വരിച്ചിട്ടുണ്ട്. എട്ട് കിരീടങ്ങളുമായി ഇന്റർ മിലാനാണ് തൊട്ടുപിന്നാലെ. ഏഴ് കിരീടങ്ങളുമായി എ.സി മിലാൻ മൂന്നാം സ്ഥാനത്തും അഞ്ച് കിരീടങ്ങളുമായി ലാസിയോയും രണ്ട് കിരീടങ്ങളുമായി റോമയും നാപ്പോളിയുമുണ്ട്.
മറ്റ് ടൂർണമെന്റുകളെപ്പോലെയാണ് അഞ്ചാം തവണയും ഇറ്റാലിയൻ സൂപ്പർ കപ്പിന് സൗദി ആതിഥേയത്വം വഹിക്കുന്നത്. പ്രധാന ദേശീയ, അന്തർദേശീയ ഇവന്റുകൾക്ക് ആതിഥ്യം വഹിക്കുന്നതിലും ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നതിലും കായിക മേഖല നേടിയ വിജയങ്ങളുടെ ഒരു തുടർച്ചയാണിത്.
‘വിഷൻ 2030’ന്റെ കായികലക്ഷ്യങ്ങൾക്ക് അനുസൃതമായി രാജ്യത്തെ ഏറ്റവും വലിയ ഫോറങ്ങൾക്ക് ആതിഥേയത്വം വഹിക്കാനാവും വിധം ഇഷ്ടഭൂമിയാക്കി സൗദിയെ മാറ്റുന്നതിനും എല്ലാ കായികവിനോദങ്ങൾക്കും അത്ലറ്റുകൾക്കുമുള്ള ആഗോള ലക്ഷ്യസ്ഥാനമാകുന്നതിനുമുള്ള ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാമിന് കീഴിലുമാണ് ഇത് വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.