സൗദി സ്ഥാപക ദിനാഘോഷ പരിപാടികൾക്കായി ജിദ്ദ നഗരവും ഒരുങ്ങി
text_fieldsജിദ്ദ: നാളെ ആരംഭിക്കുന്ന സൗദി സ്ഥാപക ദിനാഘോഷ പരിപാടികൾക്കായി ജിദ്ദ നഗരവും ഒരുങ്ങി. 'ഞങ്ങളുടെ പ്രതാപ ദിനം' എന്ന സ്ലോഗനിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ആഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്ക് ജിദ്ദ മുനിസിപ്പാലിറ്റി അംഗീകാരം നൽകി.
പ്രധാന റോഡുകൾ, ചത്വരങ്ങൾ, കെട്ടിടങ്ങൾ, ഗേറ്റുകൾ തുടങ്ങിയ ഇടങ്ങളിൽ സൗദി പതാകകൾ, അലങ്കാര വിളക്കുകൾ എന്നിവ സ്ഥാപിക്കും. വിവിധ മത്സരങ്ങൾ, പരമ്പരാഗത കലകളുടെ പ്രദർശനം, വലിയ സ്‌ക്രീനുകളിൽ അഭിനന്ദനങ്ങളും മുദ്രാവാക്യങ്ങളും പ്രചരിപ്പിക്കൽ, പരസ്യ ബോർഡുകൾ എന്നിവയുൾപ്പെടെ വിവിധ പരിപാടികൾ സ്ഥാപക ദിനത്തോടനുബന്ധിച്ചു ജിദ്ദയിൽ ഒരുക്കിയതായി കമ്യൂണിറ്റി സർവിസ് ഡയറക്ടർ ജനറൽ മാജിദ് അൽ സലമി വിശദീകരിച്ചു.
അബ്രാഖ് അൽ റഗാമയിലെ കിങ് അബ്ദുൽ അസീസ് കൾച്ചറൽ സെന്റർ സൗദി പരമ്പരാഗത കലാപ്രകടനങ്ങൾക്ക് സാക്ഷ്യം വഹിക്കും. പരിപാടിയിൽ കുട്ടികൾക്കായുള്ള വിവിധ മത്സരങ്ങൾ അരങ്ങേറും. അൽ സരിയ സ്‌ക്വയറിൽ പ്ലാസ്റ്റിക് കലയുടെ ചുവർചിത്രങ്ങൾ അവതരിപ്പിക്കുമെന്നും അൽ സലാമി പറഞ്ഞു.
നഗരസഭാ കെട്ടിടം, ജിദ്ദയുടെ കവാടങ്ങൾ, കിങ് അബ്ദുൽ അസീസ് സാംസ്കാരിക കേന്ദ്രം എന്നിവിടങ്ങളിൽ വലിയ സ്‌ക്രീനുകൾ സജ്ജീകരിക്കും. ഗ്ലോബ്, വിളക്ക് കാലുകൾ, കടൽകാക്ക എന്നീ സ്തൂപങ്ങളിൽ അടക്കം പ്രധാന റോഡുകളിലും തെരുവുകളിലും പ്രകാശ വിളക്കുകൾ, സ്ഥാപകദിന അഭിനന്ദനങ്ങൾ പ്രചരിപ്പിച്ചുള്ള പരസ്യ ബോർഡുകൾ എന്നിവ സ്ഥാപിക്കുമെന്നും മാജിദ് അൽ സലമി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.