ഗൾഫ് സൈന്യങ്ങളുടെ സംയുക്ത അഭ്യാസം സൗദിയിൽ തുടങ്ങി
text_fieldsസാബു മേലതിൽ
ജുബൈൽ: സൗദി ആതിഥേയത്വം വഹിക്കുന്ന ഗൾഫ് സഹകരണ കൗൺസിലിൽ (ജി.സി.സി) സുരക്ഷ സേനകളുടെ സംയുക്ത അഭ്യാസ പ്രകടനം 'അറബ് ഗൾഫ് സെക്യൂരിറ്റി 3' ദമ്മാമിൽ തുടങ്ങി. ഓപറേഷൻസ് അഫയേഴ്സ് ആഭ്യന്തര സഹമന്ത്രി ജനറൽ സഈദ് ബിൻ അബ്ദുല്ല അൽ ഖഹ്താനി ഉദ്ഘാടനം ചെയ്തു. എല്ലാ അംഗരാജ്യങ്ങളുടെയും സുരക്ഷ മേധാവികളുടെ അവലോകനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്.
തുടർന്ന് അഭ്യാസ കമാൻഡർ മേജർ ജനറൽ ഷെയ് ബിൻ സലേം അൽ-വദാനി അഭ്യാസപദ്ധതി വിശദീകരിച്ചു. സുരക്ഷ മേഖലയിൽ ജി.സി.സി രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുക, അറബ് ഗൾഫ് മേഖല നേരിടുന്ന എല്ലാ ഭീഷണികളും അപകടങ്ങളും നേരിടാൻ സുരക്ഷസേനയുടെ ഏകോപനവും സന്നദ്ധതയും വർധിപ്പിക്കുക എന്നിവയാണ് സംയുക്ത അഭ്യാസത്തിലൂടെ ലക്ഷ്യംവെക്കുന്നത്. അഭ്യാസത്തിന്റെ മൂന്നാം പതിപ്പ് സൗദിയിൽ നടത്തുന്നതിന് ജി.സി.സി ആഭ്യന്തരമന്ത്രിമാരുടെ അംഗീകാരം ലഭിച്ചതിനുശേഷം 'അറബ് ഗൾഫ് സെക്യൂരിറ്റി 3' എന്ന പേരിൽ പ്രവർത്തന പരിപാടികൾ ആവിഷ്കരിക്കുകയായിരുന്നുവെന്ന് മേജർ ജനറൽ അൽ വദാനി പറഞ്ഞു.
ആഭ്യന്തരമന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് രാജകുമാരന്റെ അഭിനന്ദനം ജനറൽ അൽ ഖഹ്താനി അഭ്യാസത്തിൽ പങ്കെടുത്തവർക്കും ജി.സി.സി ആഭ്യന്തര മന്ത്രിമാർക്കും കൈമാറി. ആരോഗ്യകരമായ അന്തരീക്ഷം നിലനിർത്തുന്നതിന് എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.