സൗദിയിലേക്ക് മാലിദ്വീപ് വഴി യാത്ര ദുരിതപൂർണം
text_fieldsറിയാദ്: സൗദി അറേബ്യയിലേക്ക് മാലിദ്വീപ് വഴി യാത്രചെയ്യുന്ന പ്രവാസികൾക്ക് ദുരിതമൊഴിയുന്നില്ല. 14 ദിവസത്തെ മാലിദ്വീപിലെ ക്വാറൻറീൻ ഉൾപ്പെടെ ലക്ഷങ്ങൾ മുടക്കി കേരളത്തിൽനിന്ന് മാലിയിലെത്തുന്ന പ്രവാസികളെ തിരിഞ്ഞുനോക്കാനോ പാക്കേജിൽ പറഞ്ഞ താമസസൗകര്യം നൽകാനോ മാലിയിലെ ഏജൻറുമാർ തയാറാകുന്നില്ല.
മാലിയിലെത്തി കൊടിയദുരിതം നേരിടുന്നവരുടേത് തുടർക്കഥയാണ്. കഴിഞ്ഞദിവസം കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽനിന്ന് മാലിദ്വീപിലെത്തിയ നിരവധി യാത്രക്കാർ മണിക്കൂറുകളോളം വിമാനത്താവളത്തിൽ കുടുങ്ങിക്കിടന്നു. ഇവർക്ക് താമസത്തിന് ഏജൻറുമാർ ബുക്ക് ചെയ്തിരുന്ന ഹോട്ടലുകളിലേക്ക് പോകാനാകാതെ വിമാനത്താവളത്തിൽ കഴിയുകയായിരുന്നു. എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയശേഷം ഹോട്ടൽ ബുക്കിങ്ങുകൾ വ്യാജമാണെന്ന് തിരിച്ചറിഞ്ഞത് വിമാനത്താവളത്തിൽനിന്ന് പുറത്തുകടക്കാൻ തടസ്സമായി. പലതവണ നാട്ടിലെ ട്രാവൽ ഏജൻറുമാരുമായി ബന്ധപ്പെടുകയും അവർ മാലിയിലെ ഏജൻറുമാരെ ബന്ധപ്പെടാൻ ശ്രമിക്കുകയും ചെയ്തു.
എന്നാൽ, അവരുടെ ഭാഗത്തുനിന്ന് ഒരുതരത്തിലും നടപടി ഉണ്ടാകാത്തത് കാരണം പലരും താമസസൗകര്യം ലഭിക്കാതെ ദുരിതത്തിലായി. ഇതിൽ കുട്ടികളും ചികിത്സ കഴിഞ്ഞുമടങ്ങുന്നവരും ഉണ്ടായിരുന്നു. തിരുവനന്തപുരം സ്വദേശികളായ യുവ ദമ്പതികൾ ഒരുരാത്രി മുഴുവൻ വിമാനത്താവളത്തിലും തെരുവിലുമായി കഴിയേണ്ടിവന്നു. ഒടുവിൽ ടൂറിസ്റ്റ് പൊലീസ് എത്തി പരാതി സ്വീകരിക്കുകയും തുടർനടപടികൾ ആരംഭിക്കുകയുമായിരുന്നു. പഞ്ചനക്ഷത്ര ഹോട്ടലുകളുടെ ഫോട്ടോയും സംവിധാനങ്ങളും കാണിച്ച് മാലിയിലെ ഏജൻറുമാർ നാട്ടിലെ ഏജൻറുമാരെ കബളിപ്പിക്കുകയായിരുന്നു എന്ന് കേരളത്തിലെ പ്രമുഖ ട്രാവൽ ഏജൻറ് 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
ഈ പ്രശ്നം പരിഹരിക്കാനായി തങ്ങളുടെ പ്രതിനിധി മാലിദ്വീപിൽ എത്തിയെന്നും യാത്രക്കാർക്ക് ആവശ്യമായ താമസഭക്ഷണ സംവിധാനങ്ങൾ ഒരുക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇതിന് മുമ്പും മാലിദ്വീപ് വഴി യാത്രചെയ്ത സൗദിയിലെ പ്രവാസികൾക്ക് നിരവധി വിചിത്ര ക്വാറൻറീൻ നടപടികൾക്ക് വിധേയമാകേണ്ടിവന്നത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
ഒരുഗ്രൂപ്പിൽ എത്തുന്ന യാത്രക്കാരിൽ ആർക്കെങ്കിലും 14 ദിവസത്തെ ക്വാറൻറീന് ശേഷം പി.സി.ആർ ടെസ്റ്റ് പോസിറ്റിവ് ആണെങ്കിൽ ആ ഗ്രൂപ്പിലെ മുഴുവൻ യാത്രികരും അടുത്ത 14 ദിവസം ക്വാറൻറീനിൽ കഴിയണം എന്ന മാലിയിലെ ട്രാവൽ ഏജൻറുമാരുടെ നടപടി പ്രതിഷേധങ്ങൾക്കും എംബസിയുടെ ഇടപെടലുകൾക്കും കാരണമായി.
കോവിഡ് പശ്ചാത്തലത്തിൽ സൗദിയിലേക്ക് നേരിട്ട് വിമാന സർവിസുകൾ ഇല്ലാത്തതിനാൽ ആയിരക്കണക്കിന് പ്രവാസികളാണ് മാലിദ്വീപ് വഴി യാത്ര തിരഞ്ഞെടുക്കുന്നത്. ഇത് മുതലെടുക്കുകയാണ് തട്ടിപ്പുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.