ജനങ്ങളുടെ സഹകരണത്തോടെ കെ-റെയിൽ പദ്ധതി പൂർത്തിയാക്കണം -നവയുഗം
text_fieldsദമ്മാം: ജനങ്ങളുടെ സഹകരണത്തോടെ സമയബന്ധിതമായി കെ-റെയിൽ പദ്ധതി പൂർത്തിയാക്കണമെന്ന് ദമ്മാമിലെ നവയുഗം കലാസാംസ്കാരിക വേദി അഭിപ്രായപ്പെട്ടു.
കേരളത്തിന്‍റെ അടിസ്ഥാനസൗകര്യ വികസനത്തിനും വ്യവസായിക, ടൂറിസം വളർച്ചക്കും പുതിയ മാനങ്ങൾ നൽകുന്ന പദ്ധതിയാണിത്. പരിസ്ഥിതിക്കും ഭൂമി വിട്ടുകൊടുക്കുന്ന ജനങ്ങൾക്കും നഷ്ടമൊന്നുമുണ്ടാകാത്തവിധം സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാൻ കേരളത്തിന്‍റെ വികസനം ആഗ്രഹിക്കുന്ന എല്ലാവരും പിന്തുണക്കണമെന്നും കേന്ദ്ര കമ്മിറ്റി പ്രമേയത്തിൽ ആവശ്യപ്പെട്ടു. നാളത്തെ തലമുറക്കുവേണ്ടിയുള്ള പദ്ധതിയാണിത്. വിദേശത്തെ എക്സ്പ്രസ് ഹൈവേകളും ബുള്ളറ്റ് ട്രെയിനുകളും കാണുമ്പോൾ ഇവയൊക്കെ നമ്മുടെ നാട്ടിലും വരണമെന്ന് ആഗ്രഹിക്കാത്ത പ്രവാസികൾ ഉണ്ടാകില്ല. അതുകൊണ്ട് തന്നെയാണ് പ്രവാസലോകത്തുനിന്നുള്ള വലിയ പിന്തുണ കെ-റെയിൽ പദ്ധതിക്ക് ലഭിക്കുന്നത്. പദ്ധതിക്ക് വീടും സ്ഥലവും നഷ്ടമാകുന്നവർക്ക് ഏറ്റവും മികച്ച നഷ്ടപരിഹാരം നൽകി മാത്രമേ സ്ഥലം ഏറ്റെടുക്കുകയുള്ളൂവെന്ന് സർക്കാർ ഉറപ്പുവരുത്തണം.
കൃത്യമായ പ്ലാനിങ്ങോടെ, വേഗത്തിൽ നിർമാണം നടത്തി, സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കണം. റെയിൽവേയുടെ കാര്യത്തിൽ എക്കാലവും കേന്ദ്രസർക്കാറിന്‍റെ അവഗണന നേരിടുന്ന സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തിന് നിയന്ത്രണമുള്ള സിൽവർലൈൻ എന്ന അതിവേഗട്രെയിൻ നിലവിൽ വന്നാൽ, കേരളത്തിന്‍റെ ഗതാഗത മേഖലയിലും ടൂറിസം മേഖലയിലും അടിസ്ഥാന സൗകര്യവികസനത്തിലും വൻ കുതിച്ചുചാട്ടം ഉണ്ടാകും.
കേരളത്തിന് അഭിമാനമാകുന്ന ഒരു പദ്ധതിയെ തകർക്കാൻ, പദ്ധതിപ്രദേശങ്ങളിൽ സംഘടിപ്പിക്കുന്ന അക്രമസമരങ്ങളിലൂടെ രാഷ്ട്രീയനേട്ടം കൊയ്യാനുള്ള പാഴ്ശ്രമം, പ്രതിപക്ഷം ഉപേക്ഷിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.