ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കഅ്ബ കഴുകി
text_fieldsജിദ്ദ: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ വിശുദ്ധ കഅ്ബ കഴുകി. സൗദി ഭരണാധികാരി സൽമാൻ രാജാവിനു വേണ്ടി മക്ക ഗവർണർ അമീർ ഖാലിദ് അൽ ഫൈസലാണ് കഅ്ബ കഴുകൽ ചടങ്ങിന് മേൽനോട്ടം വഹിച്ചത്. കോവിഡ് പടരാതിരിക്കാനുള്ള കർശനമായ ആരോഗ്യ മുൻകരുതലുകൾക്കിടയിലാണ് ഇത്തവണ കഅ്ബ കഴുകൽ ചടങ്ങ് നടന്നത്. മേഖല ഡെപ്യൂട്ടി ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താൻ, ഹജ്ജ് ഉംറ മന്ത്രി ഡോ. ഇസാം ബിൻ സഅദ്, ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ഇരുഹറം കാര്യാലയം നേരത്തെ ഒരുക്കിവെച്ച പനനീർ കലർത്തിയ സംസം ഉപയോഗിച്ചാണ് കഅ്ബയുടെ അകത്തെ നിലയും ചുമരുകളും കഴുകിയത്.
പ്രവാചക ചര്യ പിന്തുടർന്നാണ് ഒരോ വർഷവും കഅ്ബ കഴുകുന്നതെന്ന് ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു. കഅ്ബയുടെ വിശുദ്ധിയും മഹത്വവും പവിത്രയും സ്ഥാനവും കാത്തുസൂക്ഷിക്കാൻ മുൻകാല ഖലീഫമാരും ഇമാമുകളും ചരിത്രത്തിലൂടനീളം കഅ്ബ കഴുകുന്നതിനു വലിയ പ്രധാന്യവും ശ്രദ്ധയും കാണിച്ചിട്ടുണ്ട്. അബ്ദുൽ അസീസ് രാജാവിെൻറ കാലംമുതൽ ഇന്നോളം സൗദി ഭരണാധികളും ഇരുഹറമുകൾ സംരക്ഷിക്കുന്നതിന് മുന്തിയ പരിഗണനയാണ് നൽകി കൊണ്ടിരിക്കുന്നത്.
രാജ്യവും ലോകവും കോവിഡിനെ പ്രതിരോധിച്ചു കൊണ്ടിരിക്കുന്നതിനാൽ ഈ വർഷത്തെ കഅ്ബ കഴുകൽ ചടങ്ങ് കർശനമായ മുൻകരുതലിന് വിധേയമായിരുന്നു. ഉയർന്ന നിലവാരത്തിലുള്ള പ്രതിരോധ മുൻകരുതൽ നടപടികൾ ഇരുഹറം കാര്യാലയം സ്വീകരിച്ചിരുന്നതായും ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.