ലോക ഭക്ഷ്യമേള: താരമായി ഷെഫ് പിള്ള; ദമ്മാമിലെ 'കിങ്ഡം ഷെഫ്' മെഗാ ഫിനാലെ സമാപിച്ചു
text_fieldsദമ്മാം: കേരളീയ കടൽ മത്സ്യവിഭവങ്ങളുടെ രുചിവൈവിധ്യം പകർന്ന് പാചകമത്സരം 'കിങ്ഡം ഷെഫ്' മെഗാ ഫിനാലെ ദമ്മാം മേഖലയിൽ സമാപിച്ചു. സ്വദേശികളും വിദേശികളുമടങ്ങുന്ന സദസ്സിന് പുതിയ അനുഭവങ്ങൾ സമ്മാനിച്ചാണ് പരിപാടി ദമ്മാമിലെ ലുലു മാളിൽ അരങ്ങേറിയത്. സൗദിയിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ആരംഭിച്ച ലോക ഭക്ഷ്യമേളയോടനുബന്ധിച്ചാണ് 'ഗൾഫ് മാധ്യമ'ത്തിന്റെ ആഭിമുഖ്യത്തിൽ സെലിബ്രിറ്റി ഷെഫ് സുരേഷ് പിള്ളയുടെ നേതൃത്വത്തിൽ മലയാളികൾക്കായി പാചകമത്സരം സംഘടിപ്പിച്ചത്.
രാജ്യത്തെ മൂന്നു നഗരങ്ങളിലും ഒരുക്കുന്ന 'കിങ്ഡം ഷെഫ്' മത്സരത്തിന്റെ ആദ്യ പരിപാടിയാണ് ദമ്മാമിൽ നടന്നത്. മലയാള രുചിപ്പെരുമയിലൂടെ ലോകപ്രശസ്തനായ ഷെഫ് പിള്ളയുടെ സാന്നിധ്യമായിരുന്നു പരിപാടിയുടെ മുഖ്യ ആകർഷണം. മത്സരിക്കാനെത്തിയ നൂറിലധികം ആളുകളിൽനിന്ന് പ്രശസ്ത പാചക വിദഗ്ധൻ സുരേഷ് പിള്ളയുടെ മേൽനോട്ടത്തിൽ തിരഞ്ഞെടുത്ത 16 പേരാണ് അവസാന റൗണ്ടിൽ മാറ്റുരച്ചത്. മത്സ്യവിഭവങ്ങളുടെ വൈവിധ്യങ്ങൾ ഒരുക്കി ശ്രദ്ധേയമായ മത്സരമാണ് 16 മത്സരാർഥികൾ കാഴ്ചവെച്ചത്. 'ലസാഗ്ന' എന്ന ഇറ്റാലിയൻ പാസ്ത കേരളീയ ശൈലിയിൽ അവതരിപ്പിച്ച ഷബീബ നുവൈർ ഒന്നാം സ്ഥാനത്തിന് അർഹയായി. അരിപ്പൊടിയും കാരറ്റും അരച്ചുചേർത്ത് കാരറ്റിന്റെ നിറത്തിലും രൂപത്തിലും കല്ലുമ്മക്കായ നിറച്ച് രൂപപ്പെടുത്തിയ ലസാഗ്ന തികച്ചും വ്യത്യസ്തവും രുചികരവുമായ വിഭവമായിരുന്നുവെന്ന് മുഖ്യ വിധികർത്താവ് ഷെഫ് പിള്ള പറഞ്ഞു. ലുലു ഫ്രഷ് ഫുഡ് മാനേജറും ഷെഫുമായ അജേഷും വിധിനിർണയത്തിൽ പങ്കെടുത്തു. റുക്സാന സമീറിനാണ് രണ്ടാം സ്ഥാനം. ഫർസീന സ്വാലിഹ് മൂന്നാം സ്ഥാനം നേടി.
സമൂഹ മാധ്യമങ്ങളിലൂടെ ലക്ഷക്കണക്കിന് ആളുകളുടെ പ്രിയം ഏറ്റുവാങ്ങിയ സുരേഷ് പിള്ളയുടെ ഫിഷ് നിർവാണയുടെ ലൈവ് പാചകമായിരുന്നു മെഗാ ഫിനാലെയിലെ മുഖ്യ ആകർഷണം. പ്രത്യേക രീതിയിൽ വേവിച്ചെടുത്ത മീൻ തേങ്ങാപ്പാലിൽ ചേർത്തെടുത്ത 'ഫിഷ് നിർവാണ' രുചിക്കാൻ സ്വദേശികളുൾപ്പെടെ നിരവധി പേരാണ് വേദിയിലേക്കെത്തിയത്. വലിയ സ്ക്രീനിൽ പ്രദർശിപ്പിച്ച പാചകം നേരിട്ട് കാണാൻ നൂറുകണക്കിന് കുടുംബങ്ങൾ എത്തി. പാചകത്തിനൊപ്പം സദസ്സിന്റെ ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി പറഞ്ഞു. ലുലു റീജനൽ ഡയറക്ടർ അബ്ദുൽ ബഷീർ, റീജനൽ മാനേജർ സലാം സുലൈമാൻ, കമേഴ്സ്യൽ മാനേജർ ഹാഷിം കാഞ്ഞങ്ങാട്, ലുലു മാർക്കറ്റിങ് മാനേജർ മുഹമ്മദ് സച്ചിൻ, ഗൾഫ് മാധ്യമം മാർക്കറ്റിങ് മാനേജർ ഹിലാൽ എന്നിവർ വിജയികളോടൊപ്പം വേദിയിൽ സന്നിഹിതരായിരുന്നു.
ഇതോടൊപ്പം നടന്ന കലാപരിപാടികളിൽ ജിൻഷ ഹരിദാസ്, നിസാർ ആലപ്പുഴ എന്നിവർ ഗാനങ്ങൾ ആലപിച്ചു. കുട്ടികളുടെ നൃത്തനൃത്യങ്ങളും അരങ്ങേറി. പരിപാടിക്കിടയിൽ നടന്ന ലൈവ് ക്വിസിൽ സദസ്സിന് സമ്മാനങ്ങളും നൽകി. റയാൻ മൂസ, സെബ മുഹമ്മദലി എന്നിവർ അവതാരകരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.