റിയാദിലെ ഖിദ്ദിയ്യയിൽ വരുന്നു, സൗദിയിലെ ഏറ്റവും വലിയ സ്റ്റേഡിയം
text_fieldsറിയാദ്: സൗദി അറേബ്യയിലെ ഏറ്റവും വലിയ സ്റ്റേഡിയം റിയാദിലെ ഖിദ്ദിയയിൽ നിർമിക്കുന്നു. ലോകത്തെ പ്രധാന കായിക, വിനോദ നഗരിയാകാൻ ഒരുങ്ങുന്ന ഖിദ്ദിയയിൽ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ പേരിലാണ് സ്റ്റേഡിയം. ഖിദ്ദിയ ഇൻവെസ്റ്റ്മെൻറ് കമ്പനി ഡയറക്ടർ ബോർഡാണ് ഇക്കാര്യം അറിയിച്ചത്.
പുതിയ സ്റ്റേഡിയം ലോകത്തെ ഏറ്റവും പ്രധാന സ്റ്റേഡിയങ്ങളിൽ ഒന്നായിരിക്കും. ബഹുമുഖ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകുന്ന സ്റ്റേഡിയത്തിൽ അത്യാധുനിക സാങ്കേതികവിദ്യകൾ ഒരുക്കും. റിയാദ് നഗരത്തിൽനിന്ന് 40 മിനിറ്റിന്റെ മാത്രം ദൂരമുള്ള ഖിദ്ദിയ വിനോദ നഗരത്തിെൻറ ഹൃദയഭാഗത്ത് 200 മീറ്റർ ഉയരമുള്ള തുവൈഖ് പർവതനിരയുടെ കൊടുമുടികളിലൊന്നിലാണ് അമീർ മുഹമ്മദ് ബിൻ സൽമാൻ സ്റ്റേഡിയം നിർമിക്കുന്നത്.
പുതിയ സ്റ്റേഡിയം വിവിധ ആവശ്യങ്ങൾക്കും ഇവൻറുകൾക്കും ഉപയോഗിക്കാൻ കഴിയുന്നതാണ്. 50,000 ചതുരശ്ര മീറ്ററിൽ കൂടുതൽ വാണിജ്യ കേന്ദ്രങ്ങളും റസ്റ്ററൻറുകളും വിനോദ വേദികളുമുണ്ട്. 60,000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ഇവിടെ 45,000ലധികം ഇരിപ്പിടമുണ്ടാകും. 120 മീറ്റർ നീളവും 90 മീറ്റർ വീതിയുമുള്ളതാണ് സ്റ്റേഡിയത്തിനുള്ളിലെ മൈതാനം.
അസാധാരണ രൂപകൽപനയും അതുല്യമായ സാങ്കേതിക സവിശേഷതകളും കൊണ്ട് നിർമിക്കുന്ന സ്റ്റേഡിയം ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുമെന്നാണ് പ്രതീക്ഷ. അരങ്ങേറുന്ന പരിപാടി എന്തായാലും അതിെൻറ ഹൃദയഭാഗത്ത് താനുണ്ടെന്ന് ആരാധകനെ തോന്നിപ്പിക്കും വിധമായിരിക്കും പുതിയ സ്റ്റേഡിയത്തിെൻറ നിർമിതിയെന്ന് ഖിദ്ദിയ ഇൻവെസ്റ്റ്മെൻറ് കമ്പനി പറഞ്ഞു. ഖിദ്ദിയ നഗരത്തിെൻറ ആഗോള ബ്രാൻഡിങ് നടപടി ആരംഭിക്കുമെന്ന കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ പ്രഖ്യാപനമുണ്ടായി ഏതാനും ആഴ്ചകൾക്ക് ശേഷമാണ് സ്റ്റേഡിയം നിർമാണ പ്രഖ്യാപനം.
സമീപ ഭാവിയിൽ വിനോദം, കായികം, സാംസ്കാരിക മേഖലകളിൽ ലോകത്തിലെ ഏറ്റവും പ്രമുഖ നഗരമായി ഇത് മാറും. രാജ്യത്തിെൻറ സമ്പദ് വ്യവസ്ഥയെയും അതിെൻറ അന്താരാഷ്ട്ര നിലയെയും ക്രിയാത്മകമായി പ്രതിഫലിപ്പിക്കുന്നതായിരിക്കും. റിയാദ് നഗര വികസന പദ്ധതിയെയും ഖിദ്ദിയ ശക്തിപ്പെടുത്തും. സമ്പദ്‌വ്യവസ്ഥയുടെ വളർച്ചക്ക് സംഭാവന നൽകുകയും ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ലോകത്തിലെ ഏറ്റവും വലിയ 10 നഗര സമ്പദ്‌വ്യവസ്ഥകളിലൊന്നായി മാറ്റുകയും ചെയ്യും.
‘വിഷൻ 2030’െൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പ്രക്രിയയിലെ സുപ്രധാന നാഴികക്കല്ലായി പുതിയ പദ്ധതി മാറും. ടൂറിസം മെച്ചപ്പെടുത്തുന്നതിനും ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ദേശീയ സമ്പദ്‌വ്യവസ്ഥയുടെ വികസനത്തിനും സംഭാവന ചെയ്യും. ഫുട്ബാൾ ആരാധകരെ ആകർഷിക്കുന്നതിലൂടെ രാജ്യത്തിലേക്കുള്ള വാർഷിക സന്ദർശനങ്ങളുടെ എണ്ണം 18 ലക്ഷം വർധിപ്പിക്കും. ഫുട്ബാൾ മത്സരങ്ങൾ ഒഴികെയുള്ള പരിപാടികളിൽ താൽപര്യമുള്ളവരുടെ 60 ലക്ഷം സന്ദർശനങ്ങളുമുണ്ടാക്കുമെന്നും ഖിദ്ദിയ ഇൻവെസ്റ്റ്മെൻറ് കമ്പനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.