കേരളീയ തീർഥാടകരുടെ അവസാന സംഘം ഇന്നെത്തും
text_fieldsമക്ക: ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള തീർഥാടകരുടെ അവസാന സംഘം വെള്ളിയാഴ്ച എത്തും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഹാജിമാരുടെ വരവ് തുടരുകയാണ്. കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ജിദ്ദ വഴിയുള്ള ഹാജിമാരുടെ വരവ് വെള്ളിയാഴ്ച ആരംഭിക്കും. ജൂലൈ രണ്ടാം ആഴ്ചയിലാണ് ഹജ്ജിന്റെ ചടങ്ങുകൾ നടക്കുന്നത്. ഇന്ത്യയിൽനിന്ന് ഇത്തവണ 79,237 തീർഥാടകർക്കാണ് അവസരം ലഭിച്ചിരിക്കുന്നത്. 22,752 ഹാജിമാരാണ് മദീന വഴി എത്തിയത്. ഇതിൽ 4,210 ഹാജിമാർ മദീനയിലെ എട്ടുദിന സന്ദർശനം പൂർത്തീകരിച്ചു മക്കയിലെത്തി. നെടുമ്പാശ്ശേരിയിൽനിന്നും വ്യാഴാഴ്ച രാത്രി 11നാണ് 377 ഹാജിമാരെയും വഹിച്ചുള്ള അവസാന വിമാനം പുറപ്പെട്ടത്. പുലർച്ച മദീനയിൽ എത്തും. തമിഴ്നാട്, പുതുച്ചേരി, ലക്ഷദ്വീപ്, കേരളം എന്നിവിടങ്ങളിൽനിന്നുള്ള ഹാജിമാരാണ് നെടുമ്പാശ്ശേരിയിൽനിന്ന് പുറപ്പെട്ടത്. ഇതുകൂടാതെ ബംഗളൂരു, ഹൈദരാബാദ്, അഹ്മദാബാദ്, ഡൽഹി, ലഖ്നോ, ശ്രീനഗർ, ഗുവാഹതി, കൊൽക്കത്ത, മുംബൈ തുടങ്ങിയ എംബാർക്കേഷൻ പോയന്റുകളിൽനിന്നും ഹാജിമാരുടെ യാത്ര തുടരുന്നുണ്ട്. മദീന വഴിയാണ് കേരളത്തിൽനിന്നുള്ള മുഴുവൻ ഹാജിമാരും ഇത്തവണ ഹജ്ജിന് എത്തുന്നത്. 2056 പുരുഷന്മാരും മഹറമില്ലാ വിഭാഗം ഉൾപ്പെടെ 3,702 സ്ത്രീകളുമാണ് ഇത്തവണ കേരളത്തിൽനിന്ന് ഹജ്ജിന് അവസരം ലഭിച്ചത്. ഇതിൽ അയ്യായിരത്തോളം ഹാജിമാർ ഇതിനകം മദീനയിലെത്തിയിട്ടുണ്ട്. ഹജ്ജിനുശേഷം മലയാളി ഹാജിമാർ ജിദ്ദ ഹജ്ജ് ടെർമിനൽ വഴിയാണ് നാട്ടിലേക്ക് മടങ്ങുക.
ജൂലൈ 15 മുതലാണ് ആദ്യ മലയാളി സംഘം നാട്ടിലേക്ക് മടങ്ങിത്തുടങ്ങുക. മക്കയിലെ ഖുദായി പാർക്കിങ്ങിന് അല്പമകലെ ജബൽ സൗർ ബ്രാഞ്ച് റോഡിൽ ഇന്ത്യയിലുള്ള ഹാജിമാരുടെ സേവനത്തിനായി 24 മണിക്കൂർ പ്രവർത്തിക്കുന്ന ഹജ്ജ് മിഷൻ ഓഫിസ് പ്രവർത്തിക്കുന്നുണ്ട്. 8002477786 എന്ന ടോൾ ഫ്രീ നമ്പറിലും തീർഥാടകർക്ക് സഹായത്തിനും സേവനത്തിനും ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.