സൗദി തൊഴിൽ വിസക്ക് വിരലടയാളം വേണമെന്ന നിയമം താൽക്കാലികമായി മരവിപ്പിച്ചു
text_fieldsറിയാദ്: സൗദി അറേബ്യയിലേക്കുള്ള തൊഴിൽ വിസ പാസ്‌പോർട്ടിൽ പതിച്ചു നൽകുന്നതിന് വിരലടയാളം നിർബന്ധമാക്കിയ നടപടി താൽക്കാലികമായി മരവിപ്പിച്ചു.വിസ അപേക്ഷകർ വി.എഫ്.എസ് കേന്ദ്രത്തിലെത്തി വിരലടയാളം നൽകണമെന്ന നിയമം നാളെ മുതൽ പ്രാബല്യത്തിലാകുമെന്നാണ് മേയ് 23ന് സൗദി കോൺസുലേറ്റ് അറിയിച്ചിരുന്നത്. നിയമം പ്രാബല്യത്തിലാകുന്നതിന് മണിക്കൂറുകൾ ബാക്കിനിൽക്കെയാണ് സൗദി കോൺസുലേറ്റ് താൽക്കാലികമായി മരവിപ്പിക്കുന്നത് സംബന്ധിച്ച സന്ദേശം ട്രാവൽ ഏജൻസികൾക്ക് കൈമാറിയത്. ജൂൺ 28ന് ബലിപെരുന്നാൾ വരെയാണ് നിയമം മരവിപ്പിച്ചിരിക്കുന്നത്.
പെരുന്നാൾ അവധി കഴിഞ്ഞ് കോൺസുലേറ്റ് പ്രവർത്തനം ആരംഭിക്കുമ്പോഴായിരിക്കും ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമാക്കുക. എന്നാൽ, സന്ദർശക വിസകൾക്ക് വി.എഫ്.എസ് സെന്ററിലെത്തി വിരലടയാളം നൽകണമെന്ന ഈ മാസം ആദ്യം മുതലുള്ള നിബന്ധന തുടരും. ഇക്കാര്യത്തിൽ പുതിയ നിർദേശങ്ങളൊന്നും സൗദി കോൺസുലേറ്റിൽനിന്ന് ഉണ്ടായിട്ടില്ല. കൊച്ചിയിലുള്ള വി.എഫ്.എസ് കേന്ദ്രത്തിലേക്ക് അപ്പോയിൻമെന്റ് എടുക്കലും കേരളത്തിന്റെ പല ഭാഗങ്ങളിൽനിന്നും അങ്ങോട്ടുള്ള യാത്രയുമെല്ലാം സൗദിയിലേക്കുള്ള സന്ദർശക, തൊഴിൽ വിസക്കാർക്ക് ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്. അതിനിടയിൽ പുതിയ തീരുമാനം വലിയ ആശ്വാസമായിരിക്കുകയാണ്. സന്ദർശക വിസയിലും നിയമം പുനഃപരിശോധിക്കുമെന്ന പ്രതീക്ഷയിലാണ് സൗദിയിലേക്ക് വരാനിരിക്കുന്ന സന്ദർശകരും അവരുടെ സൗദിയിലുള്ള പ്രവാസികളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.