യു.എ.ഇയുമായുള്ള യാത്രാവിലക്ക് നീക്കിയത് സൗദി പ്രവാസികൾക്ക് അനുഗ്രഹം
text_fieldsറിയാദ്: യു.എ.ഇയുമായുണ്ടായിരുന്ന യാത്രാവിലക്ക് നീക്കിയത് സൗദിയിലേക്ക് മടങ്ങാൻ വഴി കാത്തിരിക്കുന്ന പ്രവാസികൾക്ക് വലിയ അനുഗ്രഹമായി. 14 ദിവസ ക്വാറൻറീൻ എന്ന നിബന്ധന പാലിച്ച് മടങ്ങിയെത്താനുള്ള എളുപ്പ വഴിയെന്ന നിലയിൽ യു.എ.ഇ മാർഗം തുറക്കുന്നതും കാത്തിരുന്ന പ്രവാസികൾക്കാണ് ഇത് ആശ്വാസവാർത്തയായി മാറുന്നത്. മറ്റേതൊരു വിദേശ രാജ്യത്തെക്കാളും പ്രവാസി മലയാളികൾക്ക് എളുപ്പത്തിൽ പ്രാപ്യമായ ഇടത്താവളം യു.എ.ഇ ആയതുകൊണ്ട് തന്നെ സൗദിയിലേക്ക് യു.എ.ഇ മാർഗം തെരഞ്ഞെടുക്കാനാണ് കൂടുതലാളുകളും ഇഷ്ടപ്പെടുന്നത്. കോവിഡ് മൂലം സൗദി യാത്രാ നിരോധനം ഏർപ്പെടുത്തിയിരുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് യു.എ.ഇ, അർജൻറീന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളെ ഒഴിവാക്കിയ സൗദി ആഭ്യന്തര മന്ത്രാലയത്തിെൻറ ഉത്തരവ് ബുധനാഴ്ച മുതലാണ് പ്രാബല്യത്തിലായത്. ഈ രാജ്യങ്ങളിൽ നിന്നുള്ളവർ സൗദിയിൽ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് പൂർണമായി നീക്കാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം ചൊവ്വാഴ്ച രാത്രിയാണ് അറിയിച്ചത്.
ഈ മൂന്നു രാജ്യങ്ങളിൽ നിന്നുമുള്ളവർക്ക് ബുധനാഴ്ച്ച രാവിലെ 11 മണി മുതൽ കരാതിർത്തി, തുറമുഖം, എയർപോർട്ട് എന്നിവ വഴി സൗദിയിൽ പ്രവേശിക്കാനുള്ള അനുമതിയാണ് നടപ്പായത്. ഈ മൂന്നു രാജ്യങ്ങളിലേക്കും യാത്ര പോകുന്നതിന് സൗദി പൗരന്മാർക്കും അനുമതിയുണ്ട്. യു.എ.ഇയിലും അർജൻറീനയിലും ദക്ഷിണാഫ്രിക്കയിലും കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായതായി അറിയിച്ച് അതത് രാജ്യങ്ങളുടെ ആരോഗ്യ വകുപ്പുകൾ സമർപ്പിച്ച റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ഈ മൂന്നു രാജ്യങ്ങളിൽ നിന്നമുള്ളവർക്ക് നേരത്തെ ഏർപ്പെടുത്തിയ പ്രവേശന വിലക്ക് എടുത്തുകളയാൻ തീരുമാനിച്ചതെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. കോവിഡ് നിയന്ത്രണമുണ്ടായ ശേഷം സൗദിയിലേക്ക് തിരിച്ചെത്താൻ പ്രവാസികൾ ആദ്യം ആശ്രയിച്ചിരുന്നത് യു.എ.ഇ ആയിരുന്നു. കോവിഡ് വ്യാപനമുണ്ടായതിനെ തുടർന്ന് സൗദി അറേബ്യ അതിർത്തികളെല്ലാം അടച്ചിട്ട ശേഷം ഒന്നാം തരംഗത്തിന് ശമനമുണ്ടായതിനെ തുടർന്ന് വീണ്ടും തുറന്നപ്പോൾ ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് തിരിച്ചെത്താൻ അന്ന് നാട്ടിൽ കുടുങ്ങിയ പ്രവാസികളെല്ലാം ആശ്രയിച്ചത് യു.എ.ഇ മാർഗമായിരുന്നു. സന്ദർശന വിസയെടുത്ത് അവിടെ വന്ന് 14 ദിവസം ക്വാറൻറീനിൽ കഴിഞ്ഞ ശേഷം സൗദിയിലേക്ക് എത്തുകയായിരുന്നു രീതി.
ഇത് തുടരുന്നതിനിടയിലാണ് കോവിഡ് വ്യാപനം രണ്ടാം തരംഗം ശക്തമാകുന്നതും വീണ്ടും അന്താരാഷ്ട്ര യാത്രാവിലക്കുകളുണ്ടാവുന്നതും. അതോടെ സൗദി അറേബ്യ യു.എ.ഇ മാർഗം അടച്ചു. ആദ്യ തരംഗ കാലത്ത് തന്നെ ഇന്ത്യക്ക് ഏർപ്പെടുത്തിയിരുന്ന യാത്രാവിലക്ക് സൗദി തുടരുകയും ചെയ്തു. യു.എ.ഇയും ഇന്ത്യയുമായി യാത്രാവിലക്ക് ഏർപ്പെടുത്തി. ഇപ്പോൾ യു.എ.ഇ ഇന്ത്യക്കുള്ള യാത്രാവിലക്ക് നീക്കി. സൗദി യു.എ.ഇക്കുണ്ടായിരുന്ന യാത്രാവിലക്കും നീക്കി. ഇതോടെ ആ വഴി തുറന്നുകിട്ടിയിരിക്കുകയാണ്. നേരത്തെ യു.എ.ഇയും ബഹ്റൈനും ഒമാനും ഇടത്താവളമായ വഴികൾ അടഞ്ഞപ്പോൾ തുറന്നുകിട്ടിയ ഖത്തറാണ് സൗദി പ്രവാസികൾക്ക് ആശ്വാസമാർഗമായത്. എന്നാൽ ഖത്തർ വഴിയുള്ള യാത്ര താരതമ്യേന ചെലവേറിയതായതിനാൽ ഇപ്പോൾ ബഹ്റൈനും യു.എ.ഇയും തുറന്ന വഴികളെ ഉപയോഗപ്പെടുത്താനൊരുങ്ങുകയാണ് പ്രവാസികൾ.
മാലി ദ്വീപടക്കം വേറെ പല രാജ്യങ്ങളും സൗദിയിലേക്കുള്ള യാത്രയിലെ ഇടത്താവളമാക്കുന്നുണ്ടെങ്കിലും സൗദിയോട് ചേർന്നുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിലൂടെയുള്ള വഴികൾ തെരഞ്ഞെടുക്കാനാണ് ആളുകൾക്ക് കൂടുതൽ ഇഷ്ടം. നിലവിൽ സൗദിയിൽ നിന്ന് കോവിഡ് വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചവർക്കും ആരോഗ്യപ്രവർത്തകർക്കും നയതന്ത്ര ഉദ്യോഗസ്ഥർക്കും മാത്രമാണ് സൗദിയിലേക്ക് ഇന്ത്യയിൽ നിന്ന് നേരിട്ട് യാത്ര ചെയ്യാൻ അനുമതിയുള്ളത്. സൗദിയിൽ നിന്ന് ഒരു ഡോസ് വാക്സിൻ സ്വീകരിച്ച ശേഷം നാട്ടിലെത്തി രണ്ടാം ഡോസെടുത്തവരും നാട്ടിൽ നിന്ന് രണ്ട് ഡോസെടുത്തവരുമാണ് സൗദിയിലെത്തുന്നതിന് മുമ്പ് 14 ദിവസം ഇടത്താവളത്തിൽ തങ്ങേണ്ട നിർബന്ധാവസ്ഥയിലുള്ളത്. അത്തരക്കാർക്കും സൗദി താമസിയാതെ നേരിട്ട് പ്രവേശിക്കാൻ വാതിൽ തുറക്കും എന്ന പ്രതീക്ഷയിലാണ് എല്ലാവരും.
സൗദി ആദ്യം വിലക്കേർപ്പെടുത്തിയ ഇന്ത്യയോടൊപ്പമുണ്ടായിരുന്ന മറ്റൊരു രാജ്യമായ അർജൻറീനയെ വിലക്കിൽ നിന്നൊഴിവാക്കിയത് പ്രതീക്ഷക്ക് ശക്തിപകർന്നിട്ടുണ്ട്. അങ്ങനെയായാൽ മെറ്റാരു രാജ്യം വഴി വരേണ്ടതിെൻറ ബുദ്ധിമുട്ടും അലച്ചിലും പണച്ചെലവും ഇല്ലാതാകുമല്ലോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.