‘ഹൃദയപൂർവം കേളി’യുടെ സ്നേഹസ്പർശം ലവ് ഹോം അന്തേവാസികൾക്കും
text_fieldsറിയാദ്: ആയിരക്കണക്കിന് അനാഥരായ സ്ത്രീജീവിതങ്ങൾക്ക് അഭയസങ്കേതമായ എറണാകുളം ജില്ലയിലെ കടവൂർ ലവ് ഹോമിലെ അന്തേവാസികൾക്ക് സ്നേഹസ്പർശമേകി റിയാദിലെ കേളി കലാസാംസ്കാരികവേദി.
30 വർഷം മുമ്പ് മൂന്ന് മനോരോഗികളുമായി വാടകവീട്ടില് ആരംഭിച്ച ലവ് ഹോം ഒമ്പതു വര്ഷം മുമ്പാണ് സ്നേഹഗിരി സിസ്റ്റേഴ്സിന് കൈമാറിയത്.
ഇപ്പോൾ 150 അന്തേവാസികളാണ് ഉറ്റവരോ ഉടയവരോ ഇല്ലാതെ തീർത്തും അനാഥരായി ഇവിടെ കഴിയുന്നത്.
അവർക്ക് കേളിയുടെ ‘ഹൃദയപൂർവം കേളി’ (ഒരു ലക്ഷം പൊതിച്ചോർ) പദ്ധതിയിലൂടെ ഒരാഴ്ചത്തെ ഭക്ഷണം നൽകുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. ലവ് ഹോം ഓഡിറ്റോറിയത്തിൽ ചേർന്ന പരിപാടിയിൽ പദ്ധതിയുടെ വിതരണോദ്ഘാടനം കോതമംഗലം ആൻറണി ജോൺ എം.എൽ.എ നിർവഹിച്ചു. കേളി സൈബർ വിങ് കൺവീനർ സിജിൻ കൂവള്ളൂർ അധ്യക്ഷത വഹിച്ചു.
ലവ് ഹോം പ്രതിനിധി അൽഫോൻസ സ്വാഗതം പറഞ്ഞു. ലവ് ഹോം രക്ഷാധികാരി എൻ.പി. മാത്തപ്പൻ, പൈങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡൻറ് ജിജി ഷിജു, സി.പി.എം എറണാകുളം ജില്ല കമ്മിറ്റി അംഗം എ.എ. അൻഷാദ്, കവളങ്ങാട് ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്, പൈങ്ങോട്ടൂർ ലോക്കൽ സെക്രട്ടറി റാജി വിജയൻ, കവളങ്ങാട് ഏരിയ കമ്മിറ്റി അംഗം എ.വി. സുരേഷ്, പൈങ്ങോട്ടൂർ പഞ്ചായത്ത് അംഗം സീമ സിബി, പോൾ സി. ജേക്കബ്, സിബി ആർട്ട്ലൈൻ, സിബിൻ കൂവള്ളൂർ, ലവ് ഹോമിലെ അന്തേവാസികൾ, കന്യാസ്ത്രീകൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ലവ് ഹോം രക്ഷാധികാരി എൻ.പി. മാത്തപ്പൻ നന്ദി പറഞ്ഞു.
മാനസികപ്രശ്നങ്ങളും വ്യക്തിത്വ വൈകല്യങ്ങളും മൂലം കുടുംബത്തിലും സമൂഹത്തിലും ഒറ്റപ്പെട്ടുപോയ ആയിരത്തിൽപരം സഹോദരിമാർക്ക് ദീർഘകാല ചികിത്സയും അവരുടെ അഭിരുചിക്കനുസൃതമായ തൊഴിൽപരിശീലനം സാധ്യമാക്കുകയുംവഴി സ്വാശ്രയ ജീവിതത്തിന് പ്രാപ്തരാക്കുവാൻ ഇതുവരെ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.