കരവിരുതിെൻറ മാന്ത്രിക സ്പർശവുമായി അനുപമ
text_fieldsറിയാദ്: 'എല്ലാ കല്ലുകളിലും ഓരോ ശിൽപമുണ്ട്. അത് കണ്ടെത്തുന്നവനാണ് ശിൽപി' എന്ന മൈക്കൽ ആഞ്ചലോയുടെ വാക്കുകൾ അന്വർഥമാക്കുകയാണ് അനുപമ ആദിത്യൻ. നാം പാഴാക്കിക്കളയുന്നതോ അനാവശ്യമെന്ന് കരുതുന്നതോ ആയ ഓരോ വസ്തുവിലും ജീവൻ തുടിക്കുന്ന ഒരു ശിൽപമോ അലങ്കാരങ്ങളോ തീർക്കുന്ന കലാകാരിയാണ് ഈ പ്രവാസി. നാട്ടിലും പിന്നീട് റിയാദിലും 10 വർഷമായി കോർപറേറ്റ് സെക്ടറിൽ ഫ്രീലാൻസ് ട്രെയിനറാണ്.
മലപ്പുറം ജില്ലയിലെ എടപ്പാളാണ് സ്വദേശമെങ്കിലും ജനിച്ചതും വളർന്നതും ഡൽഹിയിലാണ്.
ഡൽഹി സർവകലാശാലയിൽനിന്ന് ബി.കോം, പുണെയിലെ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് എം.ബി.എ (എച്ച്.ആർ) എന്നിവ കരസ്ഥമാക്കി. മാതാവ് അനിത, ഡൽഹി സർക്കാറിലെ പി.ഡബ്ല്യു.ഡിയിൽനിന്ന് റിട്ടയർ ചെയ്തു. പിതാവ് ഇ.എം. ആദിത്യൻ, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽനിന്ന് വിരമിച്ചു. രണ്ടുപേരും ഇപ്പോൾ എടപ്പാളിൽ സ്ഥിരതാമസമാണ്. സൗദി ടെലികോമിൽ ജോലിചെയ്യുന്ന ഭർത്താവ് ശ്രീജിത്ത്, റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ പബ്ലിക് സ്കൂളിൽ വിദ്യാർഥിയായ മകൻ ആര്യൻ എന്നിവരടങ്ങിയതാണ് കുടുംബം.
പാഴ്വസ്തുക്കളിൽനിന്നും മനോഹരമായ കരകൗശല വസ്തുക്കൾ രൂപപ്പെടുത്തനുള്ള കഴിവ് സ്വയം ആർജിച്ചതാണ്. പ്രധാന പ്രചോദനം വസ്തുക്കളെ പുനരുപയോഗ സാധ്യതയുള്ളതാക്കി മാറ്റുന്നതിലുള്ള താൽപര്യമാണ്.
നിത്യേന വാങ്ങുന്ന ഓരോ സാധനവും ഉപയോഗശേഷം വലിച്ചെറിയാനല്ല, അവയെല്ലാം പുതിയൊരു രൂപത്തിലേക്ക് പരിവർത്തിപ്പിക്കാനും പുനഃസൃഷ്ടിക്കാനും കഴിയുമോ എന്ന് സാധ്യത ആരായാനുള്ള ഒരു ത്വര ഉണ്ടായിരുന്നു. പല ഉൽപന്നങ്ങളുടേതും ആകർഷകമായ പാക്കേജിങ്ങായിരിക്കും.
അല്ലെങ്കിൽ ആ വസ്തു വരുന്ന കുപ്പികൾ, തൊപ്പികൾ... ആവശ്യം കഴിഞ്ഞാലും അവയൊന്നും ദൂരെയെറിയാൻ തോന്നില്ല. അപ്പോഴാണ് അവയിൽനിന്ന് ചില കരകൗശലങ്ങൾ നിർമിച്ച് വീടിെൻറ ചുമരുകളിൽ തൂക്കിയിടാൻ തുടങ്ങിത്. സുഹൃത്തുക്കൾ ആ പ്രവൃത്തിയെ അഭിനന്ദിക്കുകയും അവ വിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
പക്ഷേ, എങ്ങനെ തുടങ്ങണം, എവിടെ വിൽക്കണം എന്നറിയില്ലായിരുന്നു. ഒടുവിൽ ഒരു സുഹൃത്ത് റിയാദിലെ 'മൗഹൂബ് ആർട്ട് ഗാലറി'യിൽ പരിചയപ്പെടുത്തി.
ഈ കലയിൽ പ്രഫഷനൽ പരിശീലനമൊന്നും നേടിയിട്ടില്ലെങ്കിലും യൂട്യൂബ് ട്യൂട്ടോറിയലുകളിൽനിന്നും പലതും സ്വയം പഠിച്ചു. പഠനങ്ങളിൽ ഭൂരിഭാഗവും പരീക്ഷണങ്ങളിൽനിന്നും സ്വന്തം അബദ്ധങ്ങളിൽ നിന്നുമാണ്.
ഈ തരത്തിലുള്ള കലാസൃഷ്ടികളെ പ്രഫഷനൽ മേഖലയിൽ മിക്സഡ് മീഡിയ ആർട്ട് എന്നാണ് വിളിക്കുന്നത്. ഉണങ്ങിയ വിത്തുകൾ, സ്ക്രൂകൾ, ബട്ടണുകൾ, ടാഗുകൾ, മൂടികൾ, പ്ലാസ്റ്റിക്, ലോഹങ്ങൾ, പൊട്ടിയ വസ്തുക്കൾ, കളിപ്പാട്ടങ്ങൾ, ആഭരണങ്ങൾ, സ്റ്റേഷനറി മുതലായവ പോലുള്ള പാക്കേജിങ്ങിൽനിന്ന് ലഭിക്കുന്ന എല്ലാതരം വസ്തുക്കളും ഉപയോഗിച്ച് ഒാരോ കലാരൂപങ്ങൾ ഉണ്ടാക്കുകയാണെന്ന് അനുപമ ആദിത്യൻ പറയുന്നു.
ആർക്കും വീട്ടിൽ ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച് മനോഹരമായ ഒരു കലാസൃഷ്ടി നിർമിക്കാൻ കഴിയുമെന്നും അതിന് വേണ്ടത് കുറച്ച് സർഗാത്മക ചിന്തയും ക്ഷമയും മാത്രമാണെന്നും അവർ കൂട്ടിച്ചേർക്കുന്നു. ഇത്തരം പ്രവർത്തനങ്ങൾ വലിയ സന്തോഷം നൽകുന്നു. ജീവിതം ആസ്വദിക്കാനും മാനസിക സമ്മർദം ഒഴിവാക്കാനുമുള്ള ഒരു മാധ്യമമാണ് കലാപ്രവർത്തനങ്ങൾ. സമൂഹത്തിന് ഒരു സന്ദേശം എത്തിക്കാനുള്ള അവസരവും അവ നൽകുന്നു.
പ്രവാസിയാവാൻ ആദ്യം വലിയ താൽപര്യമുണ്ടായിരുന്നില്ല. ഇന്ത്യയിൽ വളരെ സ്വതന്ത്രമായ ജോലിയും ജീവിതവും നയിച്ചതിനാൽ, അതെല്ലാം ഉപേക്ഷിക്കേണ്ടി വരുമെന്ന ചിന്ത അസ്വസ്ഥതയുണ്ടാക്കി. രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ തിരികെ പോകാനുള്ള തീരുമാനവുമായി ഒടുവിൽ റിയാദിലെത്തി.
ജോലി നേടാൻ ശ്രമിച്ചു, എന്നാൽ അതേവർഷം തന്നെ സൗദിവത്കരണം ആരംഭിച്ചു. ഹ്യൂമൻ റിസോഴ്സ് (എച്ച്.ആർ) മേഖല സൗദി പൗരന്മാർക്കുവേണ്ടി നിജപ്പെടുത്തിയതിനാൽ മിക്ക കമ്പനികളും സ്വദേശികളെ മാത്രമാണ് നിയമിച്ചത്. അതോടെ കലയിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ തുടങ്ങി. നാല് കലാപ്രദർശനങ്ങളിൽ പങ്കെടുക്കാൻ ഭാഗ്യമുണ്ടായി. കലാസൃഷ്ടികൾ വിൽക്കാനും കഴിഞ്ഞു. മൗഹൂബ് ആർട്സിനൊപ്പം മൂന്ന് പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. കലയെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ രണ്ട് ഇന്ത്യൻ വനിതകൾ ചേർന്ന് നടത്തുന്ന ആർട്ട് ഗാലറിയാണ് മൗഹൂബ്.
ഈ വർഷം ജനുവരിയിൽ റിയാദ് അവന്യൂ മാളിലും മാർച്ചിൽ ക്രൗൺപ്ലാസ ഹോട്ടലിലും ഏപ്രിലിൽ ഖോബാർ സ്റ്റേബ്രിഡ്ജ് സ്യൂട്ട്സിലും സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് റിയാദ് അവന്യൂ മാളിലും പ്രദർശനം സംഘടിപ്പിക്കാനായി.
കരകൗശല നിർമാണത്തിന് പുറമെ, നൃത്തത്തിലും അഭിനിവേശമുണ്ട്. റിയാദിൽ കഴിഞ്ഞ മൂന്നു വർഷമായി കഥക് പഠിക്കുന്നു.
വിവിധ സംഘടനകളുടെ പരിപാടികൾക്കായി കുട്ടികളെ നൃത്തം പരിശീലിപ്പിക്കാറുമുണ്ട്. കൂടാതെ റിയാദിലെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ക്ലാസ് റൂം പരിശീലനം നൽകുന്ന 'നോളജ് അക്കാദമി' എന്ന കമ്പനിയിൽ ഒരു ഫ്രീലാൻസ് ബിസിനസ് സ്കിൽസ് ട്രെയിനറായും ജോലി ചെയ്യുന്നു.
റിയാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന 'വനിതാ നൈപുണ്യ ബ്യൂറോ' എന്ന ഗ്രൂപ്പിൽ അംഗമാണ്. പ്രവാസി സ്ത്രീകളെ പിന്തുണക്കുന്ന, സൗദിക്കകത്തും പുറത്തുമുള്ളവരുടെ ഒരു ഗ്രൂപ്പാണിത്. തൊഴിലിനോടൊപ്പം കലാ സാമൂഹിക പ്രവർത്തനങ്ങളും ഒരുമിച്ചു തുഴയുകയാണ് അനുപമ ആദിത്യൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.