മാനസികാസ്വാസ്ഥ്യം മൂലം തെരുവിലായ മഹാരാഷ്ട്രക്കാരിയെ നാട്ടിലെത്തിച്ചു
text_fieldsദമ്മാം: മാനസിക രോഗലക്ഷണങ്ങളുമായി തെരുവിൽ അലഞ്ഞ മഹാരാഷ്ട്രക്കാരിയായ വീട്ടുജോലിക്കാരിക്ക് മലയാളി സാമൂഹികപ്രവർത്തകർ തുണയായി. മഹാരാഷ്ട്ര മുംബൈ അന്ദേരി വെസ്റ്റ് സ്വദേശിനിയായ ജ്യോതി രാജേന്ദ്ര ഹർണലാണ് ദമ്മാമിലെ നവയുഗം സാംസ്കാരികവേദിയുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങിയത്. ഒരു മാസം മുമ്പാണ് ദമ്മാമിലെ ഒരു സൗദി ഭവനത്തിൽ വീട്ടുജോലിക്കാരിയായി ജ്യോതി എത്തിയത്.
വന്ന്, രണ്ടാഴ്ച കഴിഞ്ഞപ്പോൾതന്നെ, മാറിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനാകാതെ മാനസിക സമ്മർദത്തിലായ അവർ, മാനസിക രോഗലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങി. പിന്നീട് ആ വീട്ടിൽനിന്ന് പുറത്തുചാടിയ അവർ തെരുവിലൂടെ അലഞ്ഞു. ഇതുകണ്ട സൗദി പൊലീസ് അവരെ ദമ്മാം വനിത അഭയകേന്ദ്രത്തിൽ കൊണ്ടുചെന്നാക്കി. വനിത അഭയകേന്ദ്രത്തിലും ജ്യോതി എത്രയും വേഗം നാട്ടിൽ പോകണമെന്ന് പറഞ്ഞു ബഹളമുണ്ടാക്കുകയും അക്രമാസക്തമായി പെരുമാറുകയും ചെയ്തു. വിഷമസന്ധിയിലായ സൗദി അധികാരികൾ അറിയിച്ചതിനെ തുടർന്ന് നവയുഗം ജീവകാരുണ്യ പ്രവർത്തകനായ മണിക്കുട്ടനും കുടുംബവേദി ഭാരവാഹികളായ ശരണ്യ ഷിബു, അനീഷ കലാം, സുറുമി നസീം, ഷെമി ഷിബു എന്നിവരും അവിടെയെത്തി ജ്യോതിയോട് സംസാരിക്കുകയും നാട്ടിലേക്കു പോകാൻ സഹായിക്കാം എന്ന് അറിയിക്കുകയും ചെയ്തു.
അവർ പരസ്പരവിരുദ്ധമായി സംസാരിച്ചതിനാൽ സൗദി തൊഴിലുടമയെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞില്ല. ഈദ് അവധി കഴിഞ്ഞ് സർക്കാർ ഓഫിസുകൾ തുറന്നാൽ ഫൈനൽ എക്സിറ്റ് നൽകാമെന്നും അതുവരെ ഏതെങ്കിലും ഒരു കുടുംബത്തിന്റെ കൂടെ നിർത്തിയാൽ അവരുടെ മാനസികനില സാധാരണനിലയിലാകുമെന്നും സൗദി ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്ന് ജ്യോതിയെ കുടുംബവേദി ഭാരവാഹികൾ കൂട്ടിക്കൊണ്ടുപോയി മണിക്കുട്ടന്റെ വീട്ടിൽ താമസിപ്പിക്കുകയായിരുന്നു. അത് അവരുടെ മാനസികനിലയിൽ ഏറെ പുരോഗതിയും ഉണ്ടാക്കി. ഈദ് അവധി കഴിഞ്ഞ ഉടനെ വനിത അഭയകേന്ദ്രം അധികാരികൾ ജ്യോതിയുടെ ഫൈനൽ എക്സിറ്റ് അടിച്ചു നൽകി. നവയുഗം കുടുംബവേദി ജ്യോതിക്ക് വിമാനടിക്കറ്റും എടുത്തുനൽകി. നിയമനടപടികൾ പൂർത്തിയാക്കി, ദമ്മാം വിമാനത്താവളം വഴി ജ്യോതി മുംബൈയിലേക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.