നിയമക്കുരുക്കിലായി സൗദിയിൽ കുടുങ്ങിയ തമിഴ് വനിതക്ക് മലയാളികൾ തുണയായി
text_fieldsദമ്മാം: നിയമക്കുരുക്കിൽപെട്ട് നാട്ടിൽ പോകാനാകാതെ സൗദിയിൽ കുടുങ്ങിപ്പോയ തമിഴ് വനിത മലയാളി സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി. തമിഴ്നാട് പൊടത്തൂർപെട്ട സ്വദേശിനി വെങ്കടേശൻ കാമാച്ചിയാണ് നവയുഗം സാംസ്കാരിക വേദിയുടെ സഹായത്തോടെ ദുരിതപർവം താണ്ടി നാടണഞ്ഞത്. നാലു വർഷം മുമ്പാണ് കാമാച്ചി ദമ്മാമിലെ സ്വദേശിയുടെ വീട്ടിൽ ജോലിക്ക് എത്തിയത്. രണ്ടുവർഷം വരെ പ്രശ്നങ്ങളില്ലാതെ കടന്നുപോയി. അത് കഴിഞ്ഞപ്പോൾ, സ്പോൺസർ കാമാച്ചിയെ ജുബൈൽ നഗരത്തിൽ കൊണ്ടുപോയി അവിടെ ഒരു സ്വദേശിയുടെ വീട്ടിൽ ജോലിക്ക് ഏൽപിച്ചു. തന്റെ ബാധ്യത ഒഴിവാക്കാനായി, സ്പോൺസർ സൗദി പാസ്പോർട്ട് (ജവാസത്) ഡയറക്ടറേറ്റിന് രഹസ്യ പരാതി കൊടുത്തു 'ഒളിച്ചോടിയ തൊഴിലാളി' (ഹുറൂബ്) എന്ന ഗണത്തിലാക്കി. ഈ വിവരം കാമാച്ചി അറിഞ്ഞില്ല. താൻ നിയമക്കുരുക്കിലായി എന്നറിയാതെ അവർ പുതിയ വീട്ടിൽ രണ്ടു വർഷത്തോളം ജോലിചെയ്തു.
ആ വീട്ടിലെ ജോലി ദുരിതപൂർണമായിരുന്നു. പകലന്തിയോളം ജോലിചെയ്യണമായിരുന്നു. ശമ്പളം വല്ലപ്പോഴും മാത്രമാണ് കിട്ടിയിരുന്നത്. പിന്നീട് അതും തീരെ കിട്ടാതെയായി. അതോടെ കാമാച്ചി ആകെ ദുരിതത്തിലായി. ജീവിതം അസ്സഹനീയമായപ്പോൾ, കാമാച്ചി ജുബൈലിലെ തമിഴ് സാമൂഹികപ്രവർത്തകനായ യാസീനെ ബന്ധപ്പെട്ട് സഹായം അഭ്യർഥിച്ചു. അദ്ദേഹം സാമൂഹിക പ്രവർത്തക മഞ്ജു മണിക്കുട്ടനോട് സഹായം അഭ്യർഥിക്കുകയും കാമാച്ചിയെ ദമ്മാമിലുള്ള അവരുടെ വീട്ടിൽ എത്തിക്കുകയുമായിരുന്നു. മഞ്ജു നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ എംബസി ഇവർക്ക് ഔട്ട് പാസ് അനുവദിച്ചു. അതോടൊപ്പം മഞ്ജു ദമ്മാം വനിതാ അഭയകേന്ദ്രം വഴി കാമാച്ചിക്ക് ഫൈനൽ എക്സിറ്റും ലഭ്യമാക്കി. മഞ്ജുവിന്റെ അഭ്യർഥന മാനിച്ച് ഡി.എം.കെ ദമ്മാം ഘടകം പ്രവർത്തകരായ വെങ്കിടേഷ്, ആരിഫ് എന്നിവരുടെ നേതൃത്വത്തിൽ വിമാന ടിക്കറ്റ് നൽകി. അങ്ങനെ എല്ലാ നിയമനടപടികളും പൂർത്തിയായി എല്ലാവർക്കും നന്ദി പറഞ്ഞ് കാമാച്ചി നാട്ടിലേക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.