തൊഴിൽ പീഡനത്തിനിരയായ മലയാളി യുവാവ് സ്വദേശത്തേക്ക് മടങ്ങി
text_fieldsജിദ്ദ: ഗൾഫിൽ ജോലി തേടിയെത്തി തൊഴിൽ പീഡനത്തിനിരയായ മലപ്പുറം അരീക്കോട് സ്വദേശി പേരപ്രം സുനീർ മോൻ മാസങ്ങൾ നീണ്ട ദുരിതപർവത്തിനുശേഷം സ്വദേശത്തേക്കു മടങ്ങി. ഹൗസ് ഡ്രൈവർ വിസയിൽ ജിദ്ദയിലെ സനാബിലിൽ സ്വദേശിയുടെ വീട്ടിൽ ജോലിക്കെത്തിയ സുനീർ മോന് അസുഖ ബാധിതനായി ശയ്യാവലംബിയായ ഗൃഹനാഥനെ ശുശ്രൂഷിക്കുന്ന ജോലിയാണ് ആദ്യം ഏൽപിച്ചത്.
അതേ ജോലി ചെയ്തുവരുകയും ആദ്യമാസങ്ങളിൽ ശമ്പളം ലഭിക്കുകയും ചെയ്തിരുന്നു. കുറച്ചു മാസങ്ങൾക്കുശേഷം ഗൃഹനാഥാൻ മരണപ്പെടുകയും അതോടെ ശമ്പളം ലഭിക്കാത്ത സാഹചര്യവുമുണ്ടായി. മാസങ്ങൾ കഴിഞ്ഞിട്ടും ഡ്രൈവർ എന്ന നിലയിൽ ലൈസൻസ് തുടങ്ങിയ രേഖകൾ ശരിയാക്കി നൽകാൻ വീട്ടുകാർ തയ്യാറായതുമില്ല. ജോലിയില്ലാതാവുകയും ശമ്പളം ലഭിക്കാതാവുകയും ചെയ്തതോടെ നിത്യവൃത്തിക്കു വകയില്ലാത്ത അവസ്ഥയിലാവുകയായിരുന്നു സുനീർ മോൻ.
ജോലിസ്ഥലത്തെ ദുരിതാവസ്ഥ സംബന്ധിച്ചു നാട്ടിലെ ബന്ധുക്കൾക്ക് വിളിച്ചുപറഞ്ഞതോടെ നാട്ടിലെ എസ്.ഡി.പി.ഐ ഭാരവാഹികൾ ജിദ്ദയിലെ ഇന്ത്യൻ സോഷ്യൽ ഫോറം വെൽഫയർ വിങ്ങുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് ഫോറം വളണ്ടിയർമാർ സുനീർ മോെൻറ ജോലിസ്ഥലത്തെത്തി വീട്ടുകാരെ കണ്ട് സംസാരിക്കുകയും കാര്യമായ പുരോഗതി ഇല്ലാതെ മടങ്ങുകയുമായിരുന്നു. പിന്നീട് സൗദി പാസ്പോർട്ട് ഓഫിസുമായി ബന്ധപ്പെട്ട് പരാതി നൽകുകയും നിയമപരമായി കാര്യങ്ങൾ മുന്നോട്ടുപോകാനും നീക്കം നടത്തി.
അതോടെ സ്പോൺസറുടെ വീട്ടുകാർ സുനീറിന് എക്സിറ്റ് നൽകാൻ തയാറാവുകയും മടക്കയാത്രക്കുള്ള ചെലവ് നൽകുകയും ചെയ്തു. മാസങ്ങൾ നീണ്ട ദുരിതജീവിതത്തിനു ശേഷം കഴിഞ്ഞദിവസമാണ് സുനീർ മോൻ ജിദ്ദ വിമാനത്താവളത്തിൽനിന്നും നാട്ടിലേക്കു മടങ്ങിയത്. ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് പ്രസിഡൻറ് ഹനീഫ കടുങ്ങല്ലൂർ സുനീർ മോന് യാത്ര രേഖകൾ കൈമാറി. ഫോറം വെൽഫയർ ലീഡർ ഫൈസൽ മമ്പാട്, ഹസൈനാർ മാരായമംഗലം എന്നിവർ രേഖകൾ ശരിയാക്കുന്നതിനായി രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.