സൗദി ദേശീയദിനത്തിന് നിറം പകരാൻ വിപണി സജ്ജം
text_fieldsറിയാദ്: സൗദി അറേബ്യയുടെ 91ാമത് സൗദി ദേശീയദിനം നിറപ്പകിട്ടോടെ ആഘോഷിക്കാൻ രാജ്യം ഒരുങ്ങിയതോടെ വിപണിയും സജീവമായി. കോവിഡ് കേസുകൾ നൂറിൽ താഴെ എത്തിനിൽക്കുന്നതിനാൽ ഭയം നീങ്ങി ഒരിടവേളക്കുശേഷമുള്ള ദേശീയദിനംകൂടിയാണിത്. കഴിഞ്ഞ രണ്ടു ദേശീയദിനം ആവേശപൂർവം ആഘോഷിക്കാൻ കഴിയാത്തതിെൻറ കുറവ് നികത്താൻ ഒരുങ്ങിയിരിക്കുകയാണ് വിദേശികളും സ്വദേശികളും.
തെരുവും കെട്ടിടങ്ങളും വീടും ഓഫിസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അലങ്കരിക്കാൻ ആവശ്യമായ വസ്തുക്കൾ വിൽക്കുന്ന കടകളിലാണ് ഒരാഴ്ചയായി നല്ല തിരക്ക് അനുഭവപ്പെടുന്നത്. രാജ്യത്തെ ഏറ്റവും വലിയ അലങ്കാരവസ്തുക്കളുടെയും കളിപ്പാട്ടങ്ങളുടെയും മൊത്ത വ്യാപാരകേന്ദ്രമായ റിയാദിലെ ദീറ മാർക്കറ്റ് ഉത്സവ പ്രതീതിയിലാണ്. രാജ്യത്തിെൻറ വിവിധ പ്രവിശ്യകളിലെ കച്ചവടക്കാരും നഗരത്തിനകത്തെ ചെറുകിട വ്യാപാരികളും സാധാരണ ജനങ്ങളും ദേശീയദിന ആഘോഷത്തിനായുള്ള അലങ്കാരവസ്തുക്കൾ വാങ്ങാൻ അതിരാവിലെ മുതൽ ദീറ തെരുവിലെത്തുന്നുണ്ട്.
രാത്രി ഏറെ വൈകിയാണ് ദീറ തിരക്കൊഴിയുന്നത്. കൊടികൾ, തൊപ്പികൾ, കുടകൾ, തോരണങ്ങൾ, ഷാളുകൾ, ബലൂണുകൾ, വിവിധയിനം പോസ്റ്ററുകൾ, ഭരണാധികാരികളുടെ ചിത്രം പതിപ്പിച്ച ബാനറുകൾ, രാജ്യത്തിനായി ഭരണാധികാരികൾ ചെയ്യുന്ന നന്മക്കും കരുതലിനും നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചുകൊണ്ടുള്ള വാക്കുകളും കവിതകളും എഴുതിയ കൂറ്റൻ ഫ്ലക്സുകൾ തുടങ്ങിയവയാണ് ഏറെ വിറ്റുപോകുന്നത്.
നഗരത്തിലെ പ്രധാന സുഗന്ധദ്രവ്യ മാർക്കറ്റും ദീറയാണ്. ആഘോഷദിനങ്ങളിൽ പ്രിയപ്പെട്ടവർക്കും കുടുംബാംഗങ്ങൾക്കും സമ്മാനങ്ങൾ കൈമാറുന്ന പതിവുള്ളവരാണ് സൗദികൾ. ഈ രാജ്യത്തിെൻറ ഒരു സംസ്കാരം എന്ന നിലയിൽ വിദേശികളിൽ നല്ലൊരു വിഭാഗം ഇത് പിന്തുടരുന്നുണ്ട്. ഓഫിസുകളിലും മേലധികാരികൾക്കുമെല്ലാം സ്നേഹം പങ്കിടാൻ മുന്തിയ ഇനം അറേബ്യൻ ഊദുകളാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്. അതുകൊണ്ടുതന്നെ ആകർഷണീയമായ പാക്കിങ്ങും വിലക്കിഴിവും നൽകി പ്രധാന പെർഫ്യൂം കമ്പനികളും വിപണിയിൽ മുൻ നിരയിൽതന്നെയുണ്ട്.
ബഹുഭൂരിപക്ഷം സ്ഥാപനങ്ങളും കൂട്ടായ്മകളും സഹപ്രവർത്തകരെ ഒരുമിച്ചുകൂട്ടി കേക്ക് മുറിക്കുകയും ചോക്ലറ്റ്, ഈത്തപ്പഴം തുടങ്ങി മധുരങ്ങൾ കൈമാറുകയും ചെയ്യുന്നത് പതിവാണ്. അതുകൊണ്ടുതന്നെ മധുരപലഹാര വിപണിയിലും തിരക്കനുഭവപ്പെടുന്നുണ്ട്. ഇതിനു പുറമെ ഹൈപർ മാർക്കറ്റുകൾ, കോഫി ഷോപ്പുകൾ, റസ്റ്റാറൻറുകൾ, ആശുപത്രികളിലെ പരിശോധനകൾ തുടങ്ങി എല്ലാ മേഖലയിലും മികച്ച ഓഫറുകളാണ് ആഘോഷത്തിെൻറ ഭാഗമായി ഉപഭോക്താക്കൾക്ക് നൽകുന്നത്.
പൊതുഅവധി വാരാന്ത്യ അവധിയോടൊപ്പം വന്നതിനാൽ മൂന്നു ദിവസം വരെ പലർക്കും അവധിയുണ്ട്. ഇത് നഗരത്തിലേക്ക് കൂടുതൽ സന്ദർശകർ എത്താനും വിനോദ വാണിജ്യ മേഖല കൂടുതൽ സജീവമാകാനും വഴിയൊരുക്കും. കോവിഡ് പ്രതിസന്ധിയിൽ ചക്രശ്വാസം വലിച്ചിരുന്ന നൂറുകണക്കിന് കച്ചവടക്കാർക്കാണ് ദേശീയദിന വിപണി ആശ്വാസമേകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.