സൗദി ഭരണാധികാരികളുടെ കാരുണ്യവും ഇന്ത്യൻ എംബസിയുടെ കൈത്താങ്ങും അൽ അഹ്സയിൽ
text_fieldsഅൽഅഹ്സ: വിവിധ കാരണങ്ങളാൽ ഇഖാമ പുതുക്കാതെയും വർഷങ്ങളായി നാട്ടിൽ പോകാനാവാതെയും വിഷമിച്ചുകഴിയുന്ന സൗദിയിലെ വിവിധ പ്രവിശ്യകളിലുള്ള ഇന്ത്യക്കാർക്ക് ആശ്വാസമായി പുതിയ നടപടി.
സൗദി തൊഴിൽവകുപ്പുമായി ചേർന്ന് ഇന്ത്യൻ എംബസി നടപ്പാക്കുന്ന പ്രത്യേക ദൗത്യത്തിന്റെ ഭാഗമായി ഇത്തരം ആളുകൾക്ക് ഫൈനൽ എക്സിറ്റ് വിസ ലഭ്യമാക്കുന്നതാണ് നടപടി. കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്സ മേഖലയിലുള്ള ഇന്ത്യൻ തൊഴിലാളികൾക്ക് ഈ ആനുകൂല്യം ലഭ്യമായി. എംബസി ലേബർ വിങ് ഓഫിസർ ആഷിഖ് തലയൻകണ്ടി അൽഅഹ്സ ലേബർ ഓഫിസിൽ ഔദ്യോഗിക സന്ദർശനം നടത്തിയാണ് ഇത് സാധ്യമാക്കിയത്.
ലേബർ ഓഫിസിലെത്തിയ 30ഓളം ഇന്ത്യക്കാരുടെ ഫൈനൽ എക്സിറ്റ് സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായതായി ആഷിഖ് പറഞ്ഞു.
എംബസി സൗദി തൊഴിൽ വകുപ്പിന്റെ സഹകരണത്തോടെ തികച്ചും സൗജന്യമായി നടപ്പാക്കുന്ന ഈ പദ്ധതി അർഹരായവർക്കെല്ലാം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഇടനിലക്കാരെ സമീപിക്കാതെ എംബസിയുടെ ഇതുസംബന്ധമായ ലിങ്കിൽ ആവശ്യമായ രേഖകൾ അപ് ലോഡ് ചെയ്ത് അവസരം പ്രയോജനപ്പെടുത്തണമെന്നും ആഷിഖ് പറഞ്ഞു.
ഗാർഹിക തൊഴിലാളികളായ നിരവധി ഇന്ത്യക്കാരും ലേബർ ഓഫിസിലെത്തിയിരുന്നെങ്കിലും ഇവരുടെ കാര്യത്തിൽ ലേബർ ഓഫിസിൽ നിന്നും നേരിട്ട് ഫൈനൽ എക്സിറ്റ് ശരിയാക്കാൻ നിയമം നിലവിൽ അനുവദിക്കുന്നില്ലെന്ന് ലേബർ ഓഫിസർ അറിയിച്ചതായി ആഷിഖ് പറഞ്ഞു.
അൽഅഹ്സ ലേബർ ഓഫിസിലെത്തിയ ഇന്ത്യൻ സമൂഹത്തെ സഹായിക്കാനായി വിവിധ സംഘടനകളെ പ്രതിനിധാനംചെയ്ത് സാമൂഹിക പ്രവർത്തകരായ പ്രസാദ് കരുനാഗപ്പള്ളി, ഉമർ കോട്ടയിൽ, നിസാം വടക്കേകോണം (ഒ.ഐ.സി.സി), മുജീബുറഹ്മാൻ പൊന്നാനി, സുനിൽ കുമാർ കണ്ണൂർ (നവോദയ) എന്നിവർ തൊഴിലാളികൾക്കും എംബസി സംഘത്തിനും സഹായമായി രംഗത്തുണ്ടായിരുന്നു. ആവശ്യമെങ്കിൽ വരും മാസങ്ങളിലും അൽഅഹ്സയിൽ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക സന്ദർശനങ്ങൾ ഉണ്ടാവുമെന്നും അധികൃതർ ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.