സ്വദേശിവത്കരണം: ദന്തഡോക്ടർക്കും ഫാർമസിസ്റ്റിനും കുറഞ്ഞ വേതനം 7000 റിയാൽ
text_fieldsജിദ്ദ: സൗദി സ്വകാര്യ മേഖലയിലെ സ്വദേശി ദന്തഡോക്ടർമാരുടെയും ഫാർമസിസ്റ്റുകളുടെയും കുറഞ്ഞ വേതനം 7000 റിയാലാക്കി നിയമം നടപ്പായി. ഡെൻറൽ, ഫാർമസി പ്രഫഷനുകളുടെ സ്വദേശിവത്കരണ നിയമ ഭേദഗതിയാണ് തിങ്കളാഴ്ച മുതൽ പ്രാബല്യത്തിലായത്. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് ബിൻ സുലൈമാൻ അൽറാജ്ഹി കഴിഞ്ഞ വർഷം ഒക്‌ടോബർ 12നാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മൂന്നോ അതിലധികമോ ഡെന്റൽ ജീവനക്കാർ ജോലിചെയ്യുന്ന സൗദിയിലെ എല്ലാ സ്വകാര്യമേഖല സ്ഥാപനങ്ങൾക്കും തീരുമാനം ബാധകമാണ്. ഹെൽത്ത് സ്പെഷാലിറ്റികൾക്കായുള്ള സൗദി കമീഷനിൽനിന്ന് ദന്തഡോക്ടർമാർ പ്രഫഷനൽ അക്രഡിറ്റേഷൻ നേടണമെന്നും പുതിയ നിയമത്തിൽ പറയുന്നു.
അക്രഡിറ്റേഷൻ നേടാത്ത ദന്തഡോക്ടർമാരെ സ്വദേശിവത്കരണ ശതമാനത്തിൽ കണക്കാക്കില്ല. അഞ്ചോ അതിലധികമോ ഫാർമസി ജീവനക്കാരുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും തീരുമാനം ബാധകമാണ്. ഇവരും ഹെൽത്ത് സ്പെഷാലിറ്റി കമീഷനിൽനിന്ന് തൊഴിൽ അക്രഡിറ്റേഷൻ നേടണം. അല്ലാത്തവരെ സ്വദേശിവത്കരണ ശതമാനത്തിൽ കണക്കാക്കില്ല. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സൗദിയിലെ ദന്തഡോക്ടർമാരുടെയും ഫാർമസിസ്റ്റുകളുടെയും എണ്ണം 12,000 ആയി ഉയർത്താനാണ് പുതിയ തീരുമാനത്തിലൂടെ മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.