ഈ വര്‍ഷത്തെ ആഭ്യന്തര ഹജ്ജ് രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി മന്ത്രാലയം
text_fieldsജിദ്ദ: സൗദിക്കകത്ത് നിന്നും ഈ വർഷം ഹജ്ജ് നിർവഹിക്കാനാഗ്രഹിക്കുന്നവർക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് (https://localhaj.haj.gov.sa) വഴിയോ 'നുസ്‌ക്' ആപ്ലിക്കേഷൻ വഴിയോ ആണ് അപേക്ഷ സമർപ്പിക്കേണ്ടത്. രജിസ്ട്രേഷനുള്ള വ്യവസ്ഥകളും നിർദ്ദേശങ്ങളും വ്യത്യസ്തമായ നാല് പാക്കേജുകളും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യത്യസ്‍ത സേവനങ്ങൾ നൽകുന്ന രീതിയിൽ വാറ്റ് ഉൾപ്പെടെ 3,984.75 റിയാൽ, 8,092.55 റിയാൽ, 10,596.10 റിയാൽ, 13,150.25 റിയാൽ എന്നിങ്ങനെയാണ് ഹജ്ജ് പാക്കേജുകൾ. നേരത്തെ ഹജ്ജ് ചെയ്യാത്തവർക്കാണ് ഇത്തവണ ഹജ്ജിന് മുഗണന . എന്നാൽ സ്ത്രീകളോടൊപ്പം മഹറം ആയി വരുന്നവർക്ക് ഈ നിബന്ധന ബാധകമല്ല. വിദേശികളുടെ ഇഖാമക്കും (താമസരേഖ) സ്വദേശികളുടെ ഐഡി കാർഡിനും ഈ വർഷം ദുൽഹജ്ജ് അവസാനിക്കുന്നതുവരെ കാലാവധിയുണ്ടാവണം. കൂടെ ഹജ്ജിന് ആശ്രിതരുണ്ടെങ്കിൽ എല്ലാവരുടെയും രജിസ്‌ട്രേഷൻ ഒന്നിച്ച് ഒറ്റ പാക്കേജിൽ മാത്രമേ രജിസ്റ്റർ ചെയ്യാൻ കഴിയൂ. ഒരു രജിസ്ട്രേഷനിൽ പരമാവധി 13 ആശ്രിതരെ മാത്രമേ ഉൾപ്പെടുത്താൻ കഴിയൂ. തെരഞ്ഞെടുത്ത പാക്കേജിൽ പിന്നീട് മാറ്റം അനുവദനീയമല്ല. ഒരു രജിസ്ട്രേഷന് ഒരു മൊബൈൽ നമ്പർ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ഹജ്ജിന് രജിസ്റ്റർ ചെയ്യുന്നവർ
എല്ലാവിധ പകർച്ചവ്യാധികളിൽ നിന്നും വിട്ടുമാറാത്ത രോഗങ്ങളിൽ നിന്നും മുക്തരായിരിക്കണം.തീർഥാടകനോ സഹയാത്രികരോ അല്ലാതെ വേറൊരാൾ രജിസ്റ്റർ ചെയ്യാൻ പാടില്ല. ഒരു തവണ രജിസ്റ്റർ ചെയ്തവർ അത് റദ്ദാക്കിയതിന് ശേഷമേ പുതിയ രജിസ്ട്രേഷന് അനുവാദമുണ്ടാവൂ. രജിസ്റ്റർ ചെയ്തതിന് ശേഷം അനുവദിക്കപ്പെട്ട സമയത്ത് പാക്കേജ് സംഖ്യ അടക്കേണ്ടതാണ്. ഒരേ മൊബൈൽ നമ്പർ ഉപയോഗിച്ച് വിത്യസ്ത രജിസ്‌ട്രേഷൻ അനുവദിക്കില്ല. ഹജ്ജ്, ഉംറ, ആരോഗ്യ മന്ത്രാലയങ്ങളും മറ്റ് സർക്കാർ ഏജൻസികളും നൽകുന്ന നിർദേശങ്ങളും നടപടിക്രമങ്ങളും നിർബന്ധമായും പാലിക്കേണ്ടതുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
ഹജ്ജിന് അനുമതി ലഭിക്കുന്നവർ അവരുടെ അനുമതി പത്രം അബ്ഷീർ അക്കൗണ്ടിൽ നിന്നും ഡൗൺലോഡ് ചെയ്ത് ക്യൂ.ആർ കോഡ് ഉൾപ്പെടെ കാണുന്ന രീതിയിൽ പ്രിന്റ് എടുത്ത് ഹജ്ജ് സമയത്ത് കയ്യിൽ സൂക്ഷിക്കേണ്ടതാണ്. തെരഞ്ഞെടുക്കുന്ന പാക്കേജിൽ തങ്ങളുടെ വിമാന യാത്ര കൂടി ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ മടക്കയാത്രയുടെ തീയതി വിമാനങ്ങളുടെ ലഭ്യതക്കനുസരിച്ച് തങ്ങൾ രജിസ്റ്റർ ചെയ്ത ഹജ്ജ് കമ്പനിയിൽ നിന്ന് തീർഥാടകനെ അറിയിക്കും. തീർഥാടകന് ഹജ്ജ് സർവീസുകളെക്കുറിച്ച് എന്തെങ്കിലും പരാതികളുണ്ടെങ്കിൽ മുഹറം 15 വരെ മന്ത്രാലയത്തിൽ പരാതി നൽകാവുന്നതാണെന്നും ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.