സൗദിയിൽ തിരക്കേറിയ തുറസ്സായ സ്ഥലങ്ങളിൽ മാസ്ക് ധരിക്കൽ നിർബന്ധമാക്കി ആരോഗ്യ മന്ത്രാലയം
text_fieldsജുബൈൽ: ആളുകൾ തടിച്ചുകൂടുന്ന തിരക്കേറിയതും തുറസ്സായതുമായ സ്ഥലങ്ങളിലും പൊതുപരിപാടികൾ നടക്കുന്നിടങ്ങളിലും മാസ്ക് ധരിക്കൽ നിർബന്ധമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദുൽ അലി അറിയിച്ചു. രാജ്യത്ത് കോവിഡ് സംബന്ധമായ ഏറ്റവും പുതിയ സംഭവവികാസങ്ങളെപ്പറ്റി വിശദീകരിക്കാൻ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ആരോഗ്യനില പരിശോധിക്കാൻ ക്രമീകരണങ്ങളില്ലാത്ത പള്ളികൾ പോലുള്ള ഇൻഡോർ ഏരിയകളിൽ ശാരീരിക അകലം, മാസ്ക് ധരിക്കൽ തുടങ്ങിയ മുൻകരുതൽ നടപടികൾ പാലിക്കണം. രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുത്തു എന്നത് മാസ്ക് ധരിക്കാതിരിക്കാനുള്ള ന്യായീകരണമല്ല.
രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ആറ് മാസത്തിന് ശേഷം പ്രതിരോധശേഷി വർധിപ്പിക്കാൻ ബൂസ്റ്റർ ഡോസ് കൂടി എടുക്കണം. രോഗബാധിതരുടെ എണ്ണം 265 ദശലക്ഷത്തിലധികം കടന്നുകഴിഞ്ഞു. പകർച്ചവ്യാധി ഇപ്പോഴും ലോകത്തെ ബാധിച്ചുകൊണ്ടിരിക്കുകയാണ്.
സൗദി അറേബ്യയിൽ ഗുരുതര കേസുകളിൽ കുറവുകാണുന്നുണ്ട്. എന്നാലും രോഗവ്യാപനത്തിന്‍റെ കാര്യത്തിൽ നാം ജാഗ്രത പാലിക്കണം. ഞായറാഴ്ച പുതിയ കോവിഡ് കേസുകളിൽ നേരിയ വർധന കണ്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 35 പുതിയ അണുബാധ കേസുകൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. 2020 ഡിസംബറിൽ ദേശീയ വാക്‌സിനേഷൻ ഡ്രൈവ് ആരംഭിച്ചത് മുതൽ ഇതുവരെ സൗദി അറേബ്യ 47 ദശലക്ഷത്തിലധികം വാക്‌സിനുകൾ നൽകിയതായും ഡോ. മുഹമ്മദ് അൽ അബ്ദുൽ അലി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.