സൗദിയിൽ ഇതുവരെ 'ഒമിക്രോൺ' റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം
text_fieldsജിദ്ദ: കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ സൗദിയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും തുടർനടപടികളും നിരീക്ഷണ പ്രവർത്തനങ്ങളും ശക്തമായി തുടരുന്നുണ്ടെന്നും പൊതു ആരോഗ്യ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. അബ്ദുല്ല അൽഖുവൈസാനി പറഞ്ഞു. ദക്ഷിണാഫ്രിക്കയിലും നിരവധി ആഫ്രിക്കൻ രാജ്യങ്ങളിലും മറ്റും ഒമിക്രോൺ കണ്ടെത്തിയതിനെ തുടർന്ന് ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. പുതിയ വൈറസ് വകഭേദത്തെ പ്രതിരോധിക്കാനും വ്യാപനം തടയുന്നതിനും ആരോഗ്യ പ്രതിരോധ വിഭാഗം വേണ്ട മുൻകരുതൽ നടപടികൾ സംബന്ധിച്ച് നിരന്തരം അവലോകനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
മുഴുവനാളുകളും പ്രതിരോധനടപടികൾ പാലിക്കണം. അവയിൽ അലസത കാണിക്കരുതെന്നും പ്രതിരോധ കുത്തിവെപ്പുകളും ബൂസ്റ്റർ ഡോസും പൂർത്തിയാക്കാൻ മുൻകൈയെടുക്കണമെന്നും ആവശ്യപ്പെടുന്നു. രാജ്യത്തുള്ള 97 ശതമാനം കോവിഡ് രോഗികളും വാക്സിൻ എടുക്കാത്തവരോ ഒരു ഡോസ് മാത്രം എടുത്തവരോ ആണെന്നും ഡോ. അൽഖുവൈസാനി പറഞ്ഞു.
കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണിന്‍റെ ആവിർഭാവത്തിന് ലോകത്തിലെ പല പ്രദേശങ്ങളും രാജ്യങ്ങളും സാക്ഷ്യം വഹിക്കുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവക്താവ് ഡോ. മുഹമ്മദ് അബ്ദുൽ അലി പറഞ്ഞു. കോവിഡ് സംബന്ധിച്ച പുതിയ സംഭവവികാസങ്ങൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് ആരോഗ്യ വക്താവ് ഇക്കാര്യം പറഞ്ഞത്. പ്രതിരോധ കുത്തിവെപ്പിനു വേണ്ടത്ര നടപടികൾ സ്വീകരിക്കാത്തതിന്‍റെയോ മുൻകരുതൽ നടപടികൾ പ്രയോഗിക്കുന്നതിലെ അശ്രദ്ധയുടെയോ ഫലമായാണ് ചില രാജ്യങ്ങളിൽ പുതിയ വകഭേദമുണ്ടാകുന്നതെന്ന് ആരോഗ്യ വക്താവ് ചുണ്ടിക്കാട്ടി.
കോവിഡിനെ നിയന്ത്രിക്കുന്നതിൽ ലോക രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായ സാഹചര്യമാണ് സൗദി അറേബ്യയിലുള്ളതെന്നും അതിനു ദൈവത്തെ സ്തുതിക്കുന്നുവെന്നും വക്താവ് പറഞ്ഞു. രോഗബാധിതരുടെയും ഗുരുതരാവസ്ഥയിലുള്ളവരുടെയും എണ്ണം ദിനംപ്രതി കുറഞ്ഞുവരുന്നുണ്ട്. രണ്ട് ഡോസ് വാക്സിൻ എടുത്തുകഴിഞ്ഞ് ആറ് മാസം കഴിഞ്ഞവർ ബൂസ്റ്റർ ഡോസ് എടുക്കണം. ചിലരുടെ ഭാഗത്തു നിന്നുള്ള അവഗണന മറ്റുള്ളവരുടെയും സമൂഹത്തിന്‍റെയും സുരക്ഷക്ക് ഭീഷണിയാകാൻ കാരണമാകരുതെന്നും ആരോഗ്യ വക്താവ് പറഞ്ഞു. രാജ്യത്ത് നൽകിയ കോവിഡ് വാക്സിനുകളുടെ എണ്ണം 47 ദശലക്ഷം കവിഞ്ഞു. രണ്ട് ഡോസ് പൂർത്തിയാക്കിയ പൗരന്മാരുടെയും താമസക്കാരുടെയും എണ്ണം 22.3 ദശലക്ഷം ആയെന്നും വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.