വാക്സിൻ ആദ്യ ഡോസെടുത്തവർക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് ആരോഗ്യ മന്ത്രാലയം
text_fieldsജിദ്ദ: കോവിഡിനെതിരായ വാക്സിനേഷൻ പ്രക്രിയ സുഗമമായി നടക്കുകയാണെന്നും ആദ്യഡോസ് കുത്തിവെച്ചവർക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി വാർത്തസമ്മേളനത്തിൽ പറഞ്ഞു. വാക്സിൻ എല്ലാവർക്കും ലഭ്യമാണ്.
എന്നാൽ, ആദ്യ ഘട്ടത്തിൽ 65 വയസ്സിന് മുകളിലുള്ളവർ അല്ലെങ്കിൽ വിട്ടുമാറാത്ത രോഗമുള്ളവർ, കോവിഡ് പിടിപെടാൻ കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ എന്നിവർക്കാണ് മുൻഗണന. 'സിഹ്വത്തി' ആപ് വഴി രജിസ്റ്റർ ചെയ്യാൻ എല്ലാവർക്കും സാധിക്കും. നേരിയ അലർജിയുള്ളവർക്കും വാക്സിൻ സ്വീകരിക്കുന്നതിൽ കുഴപ്പമില്ല. എന്നാൽ, വിട്ടുമാറാത്തതും കഠിനവുമായ ഹൈപർ അലർജി ലക്ഷണമുള്ളവരെ കുത്തിവെപ്പിന് ശിപാർശ ചെയ്യില്ല. വാക്സിനേഷൻ സംബന്ധിച്ച് നൂറുകണക്കിന് അന്വേഷണങ്ങൾ വരുന്നുണ്ട്. സംശയങ്ങളെല്ലാം ദൂരീകരിക്കുന്നുണ്ട്.
വാക്സിനെടുക്കുന്നതിൽ ആശങ്കയുടെ ആവശ്യമില്ല. ഫൈസർ വാക്സിൻ രാജ്യത്ത് ആളുകൾക്ക് നൽകാൻ തുടങ്ങിയിട്ട് നാലു ദിവസം പിന്നിട്ടു. വാക്സിനെടുക്കാൻ രജിസ്റ്റർ ചെയ്തവരുടെ എണ്ണം നാലുലക്ഷം പിന്നിട്ടു. പൗരന്മാരും രാജ്യത്തെ വിദേശികളും ഇതിലുണ്ട്. കോവിഡ് വാക്സിൻ ലഭിച്ച ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. വാക്സിനേഷൻ നടപടികൾ ഘട്ടങ്ങളായി തുടരും. ആദ്യഡോസ് എടുത്ത് 21 ദിവസത്തിനു ശേഷം രണ്ടാം ഡോസ് എടുക്കാൻ എല്ലാവരും ശ്രദ്ധിക്കണം.
മറ്റു മേഖലകളിൽ വാക്സിൻ നൽകുന്ന കേന്ദ്രങ്ങൾ ജനുവരിയിൽ തുടക്കത്തിൽ ആരംഭിക്കുമെന്നും ഇപ്പോൾ റിയാദിൽ മാത്രമാണുള്ളതെന്നും വക്താവ് പറഞ്ഞു. വാക്സിൻ എത്തിയ ഉടനെ ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അത് പരിശോധിക്കുകയും പാർശ്വഫലങ്ങൾ ഇല്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. രജിസ്ട്രേഷനെയും വാക്സിനെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 937 എന്ന നമ്പറിൽ വിളിച്ച് അന്വേഷിക്കാമെന്നും വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.