'കോഴിക്കോട് വിമാനത്താവളത്തിനെതിരെയുള്ള നീക്കം കരുതിയിരിക്കണം'
text_fieldsജിദ്ദ: നിലനിൽപിനുവേണ്ടി ജനസമൂഹം നിരന്തരമായി പൊരുതേണ്ടി വരുന്ന ലോകത്തിലെ ഏക വിമാനത്താവളമായി കാലിക്കറ്റ് എയർപോർട്ട് മാറിയിരിക്കുന്നുവെന്നും വിമാനത്താവളത്തിനെതിരെയുള്ള ഏതൊരു നീക്കവും കരുതിയിരിക്കണമെന്നും ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച വെബിനാർ അഭിപ്രായപ്പെട്ടു. 'കാലിക്കറ്റ് എയർപോർട്ട്; പരമ്പരാഗത പാർട്ടികളും നിലപാടുകളും' എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച വെബിനാർ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ് പി. അബ്ദുൽമജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. പൊതുമേഖലയിൽ രാജ്യത്തിന് ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കുന്ന കാലിക്കറ്റ് എയർപോർട്ടിനെ തകർക്കാൻ അകത്തുള്ളവർ തന്നെ ഗൂഢാലോചന നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. എയർപോർട്ട് അന്താരാഷ്ട്ര നിലവാരത്തിൽ നിലനിന്നുകാണുന്നതിന് പോരാട്ടമാണ് വേണ്ടതെങ്കിൽ അതിന് എസ്.ഡി.പി.ഐ മുൻപന്തിയിലുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലബാർ ഡെവലപ്മെൻറ് ഫോറം പ്രസിഡൻറ് കെ.എം. ബഷീർ മുഖ്യ പ്രഭാഷണം നടത്തി. ലോക വ്യോമയാന ചരിത്രത്തിൽ ചെറുതും വലുതുമായ അപകടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും അതേത്തുടർന്ന് എയർപോർട്ടുകൾ അടച്ചുപൂട്ടാനുള്ള നടപടികൾ ഉണ്ടായിട്ടില്ല. എന്നാൽ, കാലിക്കറ്റ് എയർപോർട്ടിനോട് കുത്തക മുതലാളിമാരും അവർക്കുവേണ്ടി ചൂട്ടുപിടിക്കുന്ന ഉദ്യോഗസ്ഥ, രാഷ്ട്രീയ കൂട്ടുകെട്ടുകളും നടത്തുന്നത് വലിയ അട്ടിമറിയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഇ.എം. അബ്ദുല്ല, ഫ്രറ്റേണിറ്റി ഫോറം കേരള ചാപ്റ്റർ പ്രസിഡൻറ് മുഹമ്മദ് സാദിഖ് വഴിപ്പാറ, കബീർ കൊണ്ടോട്ടി, എ.എം. അബ്ദുല്ലക്കുട്ടി, നാസർ വേങ്ങര എന്നിവർ സംസാരിച്ചു. ഹനീഫ കിഴിശ്ശേരി, മുഹമ്മദ് കുട്ടി, ഷാഫി കോണിക്കൽ, സി.വി. അഷ്റഫ് എന്നിവർ നേതൃത്വം നൽകി. അബ്ദുൽ ഗനി മലപ്പുറം സ്വാഗതവും കോയിസ്സൻ ബീരാൻകുട്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.