കുരങ്ങുശല്യം: ദേശീയ വന്യജീവി സംരക്ഷണ കേന്ദ്രം നടപടിക്കൊരുങ്ങുന്നു
text_fieldsയാംബു: സൗദിയിലെ വിവിധ മേഖലകളിൽ കുരങ്ങുശല്യം രൂക്ഷമായതായി റിപ്പോർട്ട്. മലമുകളിൽനിന്ന് റോഡുകളിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കുമെല്ലാം കൂട്ടമായി എത്തുന്ന വാനരസംഘങ്ങൾ വലിയ നാശവും ഭീതിയും ഉണ്ടാക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ദേശീയ വന്യജീവി സംരക്ഷണ കേന്ദ്രം (എൻ.സി.ഡബ്ല്യു) പരിഹാര നടപടികൾ ആസൂത്രണം ചെയ്യാനൊരുങ്ങുന്നു.
വിനോദസഞ്ചാര മേഖലകളിലും ജനവാസ കേന്ദ്രങ്ങളിലും ഹൈവേ റോഡുകളിലെ ചില ഭാഗങ്ങളിലുമാണ് കുരങ്ങുശല്യം രൂക്ഷമായത്. സൗദിയിൽ പൊതുവേ കാണപ്പെടുന്ന 'ബാബൂൺ' എന്നറിയപ്പെടുന്ന ആഫ്രിക്കൻ വാനര വിഭാഗത്തിൽപെടുന്ന കുരങ്ങുകളുടെ വർധനമൂലം ഹൈവേ യാത്രക്കാർക്കും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും താമസ സ്ഥലങ്ങളിലുമുള്ള ആളുകൾക്കും ഏറെ നാശനഷ്ടങ്ങൾ ഉണ്ടാകുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉചിതമായ പരിഹാര നടപടികൾ കണ്ടെത്താൻ അധികൃതർ രംഗത്തു വന്നത്.
ബാബൂണുകളുടെ ആവാസവ്യവസ്ഥയെ അവതാളത്തിലാക്കുന്ന തെറ്റായ ചില നടപടികളാണ് ഇപ്പോൾ രൂക്ഷമായ പാരിസ്ഥിതിക പ്രശ്നമായി വാനരശല്യം മാറാൻ കാരണമെന്ന് എൻ.സി.ഡബ്ല്യു വിലയിരുത്തുന്നു. കുരങ്ങുകളുടെ ആവാസവ്യവസ്ഥക്ക് പ്രകൃതിദത്തമായ സന്തുലിതാവസ്ഥ സൃഷ്ടിക്കുക എന്നതാണ് അധികൃതർ ഇപ്പോൾ ലക്ഷ്യംവെക്കുന്നത്. വഴിയാത്രക്കാർ കുരങ്ങുകൾക്ക് ഭക്ഷണം നൽകുന്നതും കുമിഞ്ഞുകൂടുന്ന ഭക്ഷണ അവശിഷ്ടങ്ങൾ മാലിന്യക്കൊട്ടയിൽനിന്നും മറ്റും അവക്ക് ലഭിക്കുന്നതുമാണ് ഇവയുടെ എണ്ണം മനുഷ്യവാസ കേന്ദ്രങ്ങളിൽ ക്രമാതീതമായി കൂടാൻ കാരണമായതെന്ന് ചില പഠനങ്ങൾ വ്യക്തമാക്കുന്നു.
അതിനാൽ കുരങ്ങുകൾക്ക് തെരുവിൽനിന്ന് ഭക്ഷണം നൽകുന്നത് പൂർണമായും ഒഴിവാക്കേണ്ടതാണ്. വനാന്തരങ്ങളിൽ അവരുടെ ആവാസവ്യവസ്ഥയും ഭക്ഷണ ലഭ്യതയും പ്രകൃതിയൊരുക്കിയിട്ടുണ്ട്. അവയെ കാടുകളിലേക്കുതന്നെ തിരിച്ചെത്തിക്കേണ്ടത് അനിവാര്യമാണ്. എൻ.സി.ഡബ്ല്യു ഈ പ്രശ്നത്തിൽ നടത്തുന്ന ബോധവത്കരണ കാമ്പയിനുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ജനവാസ കേന്ദ്രങ്ങളിലേക്ക് വരെ കടന്നെത്തുന്ന ബാബൂണുകൾ കൃഷിക്കും വിളകൾക്കും വമ്പിച്ച നാശമുണ്ടാക്കുന്നത് ഗൗരവമായ പ്രതിസന്ധിയാണ്. രാജ്യത്ത് നാലു ലക്ഷത്തിലധികം ബാബൂണുകൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവയിൽ 35 ശതമാനം മാത്രമാണ് മനുഷ്യർ നൽകുന്ന ഭക്ഷണത്തെ ആശ്രയിച്ച് ജീവിക്കുന്നത്. മനുഷ്യരുടെ ഇടപെടൽ മൂലമാണ് ജനവാസ കേന്ദ്രങ്ങളിലെ കൃഷിയിടങ്ങളിലേക്കും ഫാമുകളിലേക്കും കുരങ്ങുകൾ എത്തുന്നത്. കുരങ്ങുകൾക്ക് ഭക്ഷണം നൽകുന്നവരിൽനിന്ന് പിഴ ഈടാക്കേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.