ചരിത്രബോധത്തോടെ തലമുറയെ വളർത്തണം –മുനവ്വറലി ശിഹാബ് തങ്ങൾ
text_fieldsജിദ്ദ: രാജ്യത്തിെൻറ ചരിത്രവും പൈതൃകങ്ങളും തേച്ചുമായ്ച്ചുകളഞ്ഞ് ദേശീയ സ്വാതന്ത്ര്യ സമരചരിത്രത്തെപ്പോലും വക്രീകരിക്കാൻ ഭരണകൂടത്തിെൻറ ഭാഗത്തുനിന്നുതന്നെ ശ്രമം നടക്കുന്ന കാലത്ത് പുതുതലമുറയെ ചരിത്രബോധമുള്ളവരായി വളർത്തിയെടുക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. ജിദ്ദ കെ.എം.സി.സി മലപ്പുറം മൊറയൂർ പഞ്ചായത്ത് കമ്മിറ്റിയും മൊറയൂർ പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഐഡൻറിറ്റി പൊളിറ്റിക്കൽ സ്റ്റഡീസ് അസ്തിത്വ രാഷ്ട്രീയ പഠന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ ബോധവും ചരിത്രബോധവുമുള്ള തലമുറക്കാണ് പുതിയ കാലത്തെ വെല്ലുവിളികളെ നേരിടാനാവുക. വിദ്യാഭ്യാസപരമായി പിന്നാക്കം തള്ളപ്പെട്ട സമുദായത്തെ ഇന്ന് കാണുന്ന അവസ്ഥയിലേക്ക് വളർത്തിയെടുത്തത് സീതി സാഹിബ് അടക്കമുള്ള നേതാക്കളുടെ ശ്രമഫലമായാണെന്ന് തങ്ങൾ പറഞ്ഞു. അതിവൈകാരികതയും അതീവ നിസ്സംഗതയും ആപത്താണ്. അതുപോലെതന്നെ അരാഷ്ട്രീയ വാദവും അപകടമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ജിദ്ദ മൊറയൂർ പഞ്ചായത്ത് കെ.എം.സി.സി ജനറൽ സെക്രട്ടറി സിദ്ദീഖ് അരിമ്പ്ര അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും സീതിസാഹിബ് പഠനകേന്ദ്രം ഡയറക്ടറുമായ സി.പി. ചെറിയ മുഹമ്മദ്, പി. ഉബൈദുല്ല എം.എൽ.എ, യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് ഫൈസൽ ബാഫഖി തങ്ങൾ, ഹരിത പ്രസിഡൻറ് പി.എച്ച്. ആയിശ ബാനു, ജിദ്ദ കെ.എം.സി.സി ജനറൽ സെക്രട്ടി അബൂബക്കർ അരിമ്പ്ര, മുസ്തഫ വാക്കാലൂർ, പി.വി. മുഹമ്മദ് ഷാജു, എം.എസ്.എഫ് ജില്ല പ്രസിഡൻറ് കബീർ മുതുപറമ്പ്, പി. വീരാൻകുട്ടി ഹാജി, സി.കെ. മുഹമ്മദ്, വി.പി. അബൂബക്കർ, ജലീൽ ഒഴുകൂർ, ഷൗക്കത്ത് ഞാറക്കോടൻ, മജീദ് അരിമ്പ്ര, കെ.സി. ശിഹാബ്, സി.ടി. ഉമ്മർ കുട്ടി, എ.കെ. അബ്ദുറസാഖ്, റഹീസ് ആലുങ്ങൽ, ജാബിർ മോങ്ങം എന്നിവർ സംസാരിച്ചു. എം. ഹിസാമുദ്ദീൻ സ്വാഗതവും സി. കെ. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു. കാളങ്ങാടൻ മുസ്തഫ, അബ്ദുസലാം അരിമ്പ്ര, സി.ടി. ഷബീർ, സി.ടി. സുബൈർ, നസീറുല്ല ഒഴുകൂർ എന്നിവർ നേതൃത്വം നൽകി. ജിദ്ദ കെ.എം.സി.സി മൊറയൂർ പഞ്ചായത്ത് കമ്മിറ്റിയും പഞ്ചായത്ത് എം.എസ്.എഫും സംയുക്തമായി സംഘടിപ്പിക്കുന്ന ഒരു വർഷത്തിലേറെ നീണ്ടുനിൽക്കുന്ന പദ്ധതിയിൽ രജിസ്റ്റർ ചെയ്ത പ്ലസ് വൺ മുതൽ ഡിഗ്രി വരെയുള്ള വിദ്യാർഥി, വിദ്യാർഥിനികളാണ് പദ്ധതിയിലെ പഠിതാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.