സൗദി ശൂറ കൗൺസിൽ ഒമ്പതാം സമ്മേളനത്തിന് തുടക്കം; സ്വതന്ത്ര ഫലസ്തീനില്ലാതെ ഇസ്രായേലുമായി ഒരു ബന്ധവുമില്ല -സൗദി കിരീടാവകാശി
text_fieldsറിയാദ്: കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ സ്ഥാപിക്കാതെ ഇസ്രായേലുമായി സൗദി അറേബ്യ നയതന്ത്രബന്ധം സ്ഥാപിക്കില്ലെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു.
സൗദി ശൂറാ കൗൺസിലിന്റെ ഒമ്പതാം സമ്മേളനകാലത്തിന്റെ ആദ്യവർഷ പ്രവർത്തനങ്ങൾ സൽമാൻ രാജാവിനുവേണ്ടി ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് കിരീടാവകാശി നിലപാട് വ്യക്തമാക്കിയത്.
അന്താരാഷ്ട്ര, മാനുഷിക നിയമങ്ങളെ അവഗണിച്ചുകൊണ്ട് ഫലസ്തീൻ ജനതക്കെതിരായ ഇസ്രായേൽ അതോറിറ്റിയുടെ കുറ്റകൃത്യങ്ങളെ സൗദി ശക്തമായി അപലപിക്കുകയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഫലസ്തീൻ പ്രശ്നം രാജ്യത്തിന്റെ ആശങ്കയുടെ മുൻപന്തിയിലാണ്.
അന്താരാഷ്ട്ര നിയമസാധുതയുടെ മൂർത്തീഭാവമായി ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച രാജ്യങ്ങൾക്ക് നന്ദിയുണ്ട്. സമാനനടപടികൾ സ്വീകരിക്കാൻ മറ്റ് രാജ്യങ്ങളോട് ആവശ്യപ്പെടുകയാണെന്നും കിരീടാവകാശി പറഞ്ഞു.
ഭരണസ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിൽ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിലും അപ്ഡേറ്റ് ചെയ്യുന്നതിലും ശൂറാ കൗൺസിൽ ഫലപ്രദമായ പങ്കു വഹിച്ചതായി കിരീടാവകാശി എടുത്തുപറഞ്ഞു. ‘വിഷൻ 2030’ ആരംഭിച്ചത് മുതൽ തന്റെ മേൽനോട്ട ചുമതലകളും അംഗീകൃത തന്ത്രങ്ങളും പദ്ധതികളും നടപ്പാക്കുന്നതിനുള്ള തുടർച്ചയായ നടപടികളും കിരീടാവകാശി സൂചിപ്പിച്ചു.
പൗരൻ ഭരണകൂടത്തിന്റെ ശ്രദ്ധയും സ്തംഭവും ലക്ഷ്യവുമാണെന്ന് കിരീടാവകാശി ഊന്നിപ്പറഞ്ഞു. രാഷ്ട്രത്തെ ഉയർത്തുക, പൗരന് പ്രയോജനം ചെയ്യുക, ഭാവി തലമുറകൾക്ക് ഏറ്റക്കുറച്ചിലുകളിൽനിന്നും മാറ്റങ്ങളിൽനിന്നും പ്രതിരോധം നൽകുക എന്നിവയാണ് പ്രാഥമികമായി ലക്ഷ്യമിടുന്നത്. ദേശീയ, അന്തർദേശീയ തലങ്ങളിൽ സൗദി നിരവധി ലക്ഷ്യങ്ങൾ നേടിയിട്ടുണ്ടെന്നും അന്താരാഷ്ട്ര സൂചകങ്ങളിലും വർഗീകരണങ്ങളിലും വിപുലമായ തലങ്ങളിലേക്ക് ഉയർന്നിട്ടുണ്ടെന്നും കിരീടാവകാശി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.