ഹജ്ജ് അപേക്ഷകരുടെ എണ്ണം അഞ്ചു ലക്ഷം കവിഞ്ഞു
text_fieldsജിദ്ദ: ഇൗ വർഷത്തെ ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവരുടെ രജിസ്ട്രേഷൻ തുടരുന്നു. ഇലക്ട്രോണിക് ട്രാക്ക് വഴി ഇതുവരെ അപേക്ഷിച്ചവരുടെ എണ്ണം അഞ്ചു ലക്ഷം കവിഞ്ഞതായി സൗദി ഹജ്ജ് ഉംറ സഹമന്ത്രി ഡോ. അബ്ദുൽ ഫത്താഹ് ബിൻ സുലൈമാൻ മുശാത് പറഞ്ഞു.
സൗദിയിലുള്ള സ്വദേശികളും വിദേശികളുമായ ആളുകൾക്കു മാത്രമാണ് അനുമതി. അപേക്ഷകരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 60,000 പേരെയാണ് ഉൾപ്പെടുത്തുക.
ഇതുവരെ അപേക്ഷിച്ചവരിൽ 59 ശതമാനം പുരുഷന്മാരും 41 ശതമാനം സ്ത്രീകളുമാണ്. അപേക്ഷകരിൽ രാജ്യത്തെ താമസക്കാരായ 150ലധികം രാജ്യങ്ങളിൽനിന്നുള്ളവരുമുണ്ട്. ജൂൺ 13നാണ് രജിസ്ട്രേഷൻ ആരംഭിച്ചത്. ജൂൺ 23 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷകരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരുടെ പട്ടിക ജൂൺ 25ന് പുറത്തുവിടും. അവർക്ക് ഹജ്ജ് പാക്കേജുകൾ തിരഞ്ഞെടുക്കാനുള്ള പോർട്ടൽ അന്നുതന്നെ തുറക്കുമെന്നും ഹജ്ജ് സഹമന്ത്രി പറഞ്ഞു.
അനധികൃത ഹജ്ജ് ടൂർ ഏജൻസി ഇടപാടുകളും ആകർഷകനിരക്കിൽ ഹജ്ജ് അനുമതിപത്രം നൽകുമെന്ന പരസ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതും മന്ത്രാലയത്തിെൻറ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പൊലീസിന് റിപ്പോർട്ട് കൈമാറിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഇതിനിടെ വ്യാജ ഹജ്ജ് സ്ഥാപനങ്ങളുമായി ഇടപെടുന്നതിനെതിരെ പൗരന്മാർക്കും രാജ്യത്തുള്ള വിദേശികൾക്കും ഹജ്ജ് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ആഭ്യന്തര തീർഥാടകർക്കായുള്ള ഇലക്ട്രോണിക് ട്രാക്കിൽ പേരില്ലാത്ത സ്ഥാപനങ്ങളുമായി ആരും ഇടെപടരുത്.
https://localhaj.haj.gov.sa എന്ന ലിങ്ക് സന്ദർശിച്ചാൽ അംഗീകൃത സ്ഥാപനങ്ങൾ ഏതൊക്കെയാണെന്ന് അറിയാം. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഹജ്ജ് സേവനവുമായി ബന്ധപ്പെട്ട വിശ്വാസയോഗ്യമല്ലാത്ത പരസ്യത്തിൽനിന്നും അകന്നുനിൽക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ഇലക്ട്രോണിക് ട്രാക്കിന് പുറത്തുള്ള തീർഥാടകർക്ക് ഹജ്ജ് അനുമതിപത്രം ശരിയാക്കിത്തരാമെന്ന് അവകാശപ്പെടുന്ന ഒാഫിസുകളോ കമ്പനികളോ ലിങ്കുകളോ ശ്രദ്ധയിൽപെട്ടാൽ വിവരമറിയിക്കണം.
ഹജ്ജ് അപേക്ഷ നൽകാനും അംഗീകൃത സ്ഥാപനങ്ങളുടെ സേവനങ്ങൾ ബുക്ക് ചെയ്യാനുമുള്ള ഏക ജാലകം മന്ത്രാലയത്തിെൻറ ഇലക്ട്രോണിക് ട്രാക്ക് ആണ്. തീർഥാടകർക്ക് ഹജ്ജ് എളുപ്പമാക്കുന്ന മാർഗമാണിത്. രണ്ടു കക്ഷികൾ തമ്മിലുള്ള കരാറിെൻറ സുതാര്യത അതു ഉറപ്പുനൽകുന്നുണ്ട്. ആരോഗ്യ മുൻകരുതൽ നടപടികൾ നടപ്പാക്കുന്നതിൽ കർശന ജാഗ്രതയാണ് പാലിക്കുന്നതെന്നും ഹജ്ജ് ഉംറ സഹമന്ത്രി വ്യക്തമാക്കി.
തീർഥാടകരുടെ താമസത്തിന് ആറു കെട്ടിടങ്ങളും 70 തമ്പുകളും
ജിദ്ദ: ഇത്തവണ ഹജ്ജ് തീർഥാടകരുടെ താമസത്തിന് മിനയിലെ ആറു ടവർ കെട്ടിടങ്ങളും 70 തമ്പുകളും. ഹജ്ജിനായി തെരഞ്ഞെടുക്കപ്പെടുന്ന 60,000 ആഭ്യന്തര തീർഥാടകരുടെ താമസത്തിനാണ് ഇത്രയും താമസസ്ഥലങ്ങൾ ഹജ്ജ് ഉംറ മന്ത്രാലയം നിശ്ചയിച്ചത്. കോവിഡ് സാഹചര്യത്തിൽ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനും മുൻകരുതൽ നടപടികൾ നടപ്പാക്കുന്നതിനും അനുസൃതമായാണ് താമസസ്ഥലങ്ങൾ ക്രമീകരിച്ചത്. 'മുമയ്യസ് ദിയാഫ'പാക്കേജിൽ മിന ടവറിൽ താമസിക്കുന്ന ഒരു തീർഥാടകന് 4.37 ചതുരശ്ര മീറ്റർ വിസ്തീർണം താമസത്തിന് അനുവദിക്കുമെന്ന് ദേശീയ ഹജ്ജ് ഉംറ സമിതി അംഗം ഹാനി അൽഉമൈരി പറഞ്ഞു. 'ദിയാഫ' പാക്കേജിലുള്ളവർക്ക് നാലു ചതുരശ്ര മീറ്റർ വീസ്തീർണമായിരിക്കും. മിനായിലെ തമ്പുകളിലെ 'ദിയാഫ മുമയ്യസ്' പാക്കേജിലുള്ളവർക്ക് 5.33 ചതുരശ്ര മീറ്റർ വിസ്തീർണം അനുവദിക്കും.
സേവനത്തിനായുള്ള സ്ഥലങ്ങൾ മുൻവർഷം അംഗീകരിച്ചതിലും കൂടുതലായിരിക്കും. തമ്പുകളിലേക്കും ടവറുകളിലേക്കുമുള്ള തീർഥാടകരുടെ പ്രവേശനം വ്യവസ്ഥാപിതമാക്കാനും മിനായിലെ താമസത്തിനിടയിൽ ശരീരോഷ്മാവ് പരിശോധന അടക്കമുള്ള നടപടികൾ ഉറപ്പാക്കാനും സെക്യൂരിറ്റി ഗാർഡുകളെ നിശ്ചയിക്കുമെന്നും ദേശീയ ഹജ്ജ് ഉംറ സമിതി അംഗം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.